കണ്ണൂരിനെ നടുക്കി പൈതൽമല ദുരന്തം; ഇടിമിന്നലിൽ യുവതി മരിച്ചു; ഭർത്താവും ഫോറസ്റ്റ് വാച്ചറും ചികിത്സയിൽ.
ചെറുപുഴ: വിനോദസഞ്ചാര കേന്ദ്രമായ പൈതൽമലയിൽ ഇടിമിന്നലേറ്റ് യുവതി മരിച്ചു. പുളിങ്ങോം വില്ലേജ് ഓഫിസിലെ ജീവനക്കാരി കൊല്ലാട സ്വദേശിനി അഞ്ജു മാത്യു (30) ആണ് മരിച്ചത്. മിന്നലിൽ അഞ്ജുവിന്റെ ഭർത്താവ് സോനു സെബാസ്റ്റ്യനും, ഒപ്പമുണ്ടായിരുന്ന ഫോറസ്റ്റ് വാച്ചർ സനീഷിനും പരിക്കേറ്റു.
ഇന്ന് വൈകുന്നേരം നാല് മണിയോടെയാണ് നാടിനെ നടുക്കിയ അപകടം സംഭവിച്ചത്. പൈതൽമലയിലേക്ക് വിനോദയാത്ര പോയതായിരുന്നു ദമ്പതികൾ. ഈ സമയം പ്രദേശത്ത് ശക്തമായ മഴയും കാറ്റും ഉണ്ടായിരുന്നു. ഇതിനിടെ അപ്രതീക്ഷിതമായി വീണ ഇടിമിന്നൽ അഞ്ജുവിന്റെയും സോനുവിന്റെയും സനീഷിന്റെയും ശരീരത്തിൽ ഏൽക്കുകയായിരുന്നു.
അപകടത്തെത്തുടർന്ന് കനത്ത മഴയും മോശം കാലാവസ്ഥയും രക്ഷാപ്രവർത്തനത്തിന് വലിയ തടസ്സമാണ് സൃഷ്ടിച്ചത്. സംഭവസ്ഥലത്ത് നിന്ന് പരിക്കേറ്റവരെ ആശുപത്രിയിലെത്തിക്കാൻ ഏകദേശം രണ്ടര മണിക്കൂറോളം സമയമെടുത്തു. തുടർന്ന് ഉടൻ തന്നെ അഞ്ജുവിനെയും സോനുവിനെയും കരുവൻചാൽ സെന്റ് ജോസഫ് ആശുപത്രിയിൽ എത്തിച്ചെങ്കിലും അപ്പോഴേക്കും അഞ്ജു മരണപ്പെട്ടിരുന്നു.
പരിക്കേറ്റ സോനു സെബാസ്റ്റ്യനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഫോറസ്റ്റ് വാച്ചർ സനീഷ് ആലക്കോട് സഹകരണ ആശുപത്രിയിൽ ചികിത്സയിലാണ്. പൊലീസും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. വില്ലേജ് ഓഫിസ് ജീവനക്കാരിയുടെ മരണവാർത്തയറിഞ്ഞ് നിരവധി പേർ ആശുപത്രിയിലെത്തി.

Comments
Post a Comment