ചക്കിട്ടപ്പാറയിൽ കിണറ്റിൽ വീണ പശുവിന് പുതുജീവൻ; രക്ഷകരായി അഗ്നിരക്ഷാസേനയുടെ സാഹസിക ഇടപെടൽ
ചക്കിട്ടപ്പാറ: ഉപയോഗശൂന്യമായ കിണറ്റിൽ വീണ പശുവിനെ അഗ്നിരക്ഷാസേന സാഹസികമായി രക്ഷപ്പെടുത്തി. ചക്കിട്ടപ്പാറ പഞ്ചായത്ത് ഒന്നാം വാർഡിൽ കൂവപൊയിലിനു സമീപം വെമ്പാല സജിയുടെ വീട്ടുപറമ്പിലാണ് സംഭവം.
ഏകദേശം 25 അടി താഴ്ചയുള്ളതും രണ്ടടി വെള്ളം കെട്ടിക്കിടക്കുന്നതുമായ കിണറിലാണ് പശു അബദ്ധത്തിൽ വീണത്. വിവരം അറിഞ്ഞയുടൻ പേരാമ്പ്ര അഗ്നിരക്ഷാ നിലയത്തിൽ നിന്ന് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിക്കുകയായിരുന്നു.
സ്റ്റേഷൻ ഓഫീസർ ഇൻ ചാർജ് റഫീഖ് കാവിൽ, സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ ബൈജു എന്നിവരുടെ നേതൃത്വത്തിലായിരുന്നു രക്ഷാദൗത്യം. സേനാംഗങ്ങളായ വിജേഷ്, വിനീത് എന്നിവർ കിണറ്റിലിറങ്ങി പശുവിനെ ഹോസ് റോപ്പിന്റെ (Hose rope) സഹായത്തോടെ കെട്ടി സുരക്ഷിതമായി കരയ്ക്കെത്തിച്ചു. ഏറെ നേരത്തെ പരിശ്രമത്തിനൊടുവിൽ പരിക്കുകളൊന്നും കൂടാതെയാണ് പശുവിനെ പുറത്തെടുക്കാനായത്.
രക്ഷാപ്രവർത്തനത്തിൽ നിലയത്തിലെ ഉദ്യോഗസ്ഥരായ സോജു, ജിഷാദ്, ഹോം ഗാർഡ് അനീഷ് കുമാർ എന്നിവരും സജീവമായി പങ്കെടുത്തു. നാട്ടുകാരും ഫയർഫോഴ്സ് സംഘത്തിന് എല്ലാവിധ പിന്തുണയും നൽകി സ്ഥലത്തുണ്ടായിരുന്നു.

Comments
Post a Comment