കൂരാച്ചുണ്ടിൽ സിനിമാ മോഡൽ ചേസിംഗ്; തൂഫാൻ ഹണ്ടിനിടെ' മിന്നൽ രക്ഷപ്പെടൽ; സ്കൂട്ടർ ഉപേക്ഷിച്ചു, പ്രതികൾ കാറിൽ പറന്നു
കൂരാച്ചുണ്ട്: ലഹരിവിരുദ്ധ സ്പെഷ്യൽ ഡ്രൈവായ 'തൂഫാൻ ഹണ്ടിന്റെ' ഭാഗമായി കൂരാച്ചുണ്ട് പോലീസും റൂറൽ എസ്.പിയുടെ കീഴിലുള്ള ഡാൻസാഫ് (DANSAF) സ്ക്വാഡും സംയുക്തമായി നടത്തിയ പരിശോധനയ്ക്കിടെ, ഒളിവിൽ കഴിഞ്ഞിരുന്ന മയക്കുമരുന്ന് കേസ് പ്രതിയും കാമുകിയും പോലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞു. ബാലുശ്ശേരി എഴുകുളം സ്വദേശി അനന്തുവും കാമുകിയുമാണ് പോലീസിനെ കണ്ട് ഓടി രക്ഷപ്പെട്ടത്.
കൂരാച്ചുണ്ട് പോലീസ് സ്റ്റേഷൻ പരിധിയിലെ ഒരു വീട്ടിൽ പ്രതികൾ ഒളിവിൽ കഴിയുന്നുണ്ടെന്ന രഹസ്യവിവരത്തെ തുടർന്നാണ് പോലീസ് സംഘം പരിശോധനയ്ക്ക് എത്തിയത്. പോലീസിനെ കണ്ടയുടൻ പ്രതികൾ സമീപത്തെ മറ്റൊരു വീട്ടിൽ നിർത്തിയിട്ടിരുന്ന സ്കൂട്ടർ എടുത്തു കടന്നുകളയുകയായിരുന്നു.
കൂട്ടാലിട സ്കൂട്ടർ ഉപേക്ഷിച്ചു; രക്ഷപ്പെട്ടത് കാറിൽ
തുടർന്ന് പോലീസ് നടത്തിയ ഊർജിതമായ തിരച്ചിലിൽ പ്രതികൾ സഞ്ചരിച്ച സ്കൂട്ടർ കൂട്ടാലിട ടൗണിലെ പെട്രോൾ പമ്പ് പരിസരത്തുനിന്നും കണ്ടെടുത്തു. ഇവിടെ സ്കൂട്ടർ ഉപേക്ഷിച്ച ശേഷം പ്രതികൾ മറ്റൊരു കാറിൽ കയറി രക്ഷപ്പെട്ടതായാണ് പോലീസിന് ലഭിച്ച വിവരം. ഇവർക്കായി കൂരാച്ചുണ്ട് പോലീസും ഡാൻസാഫ് സംഘവും അന്വേഷണം ശക്തമാക്കിയിട്ടുണ്ട്.
മുൻപും പോലീസിനെ വെട്ടിച്ചവർ
കഴിഞ്ഞ ദിവസം നടക്കാവ് പോലീസ് കോഴിക്കോട് നഗരത്തിൽ വെച്ച് മാരക ലഹരിമരുന്നായ MDMA പിടികൂടിയ സമയത്ത് പോലീസിനെ വെട്ടിച്ച് ഓടി രക്ഷപ്പെട്ടവരാണ് ഇപ്പോൾ കൂരാച്ചുണ്ടിൽ നിന്നും കടന്നുകളഞ്ഞ അനന്തുവും കാമുകിയും. ഇവർക്കെതിരെ ബാലുശ്ശേരി പോലീസ് സ്റ്റേഷനിലും നിലവിൽ കേസുകൾ നിലവിലുണ്ട്. പ്രതികൾക്ക് കൂരാച്ചുണ്ട് മേഖലയിൽ പ്രാദേശികമായി ലഹരിസംഘങ്ങളുടെ സഹായം ലഭിച്ചിട്ടുണ്ടോ എന്ന കാര്യവും പോലീസ് ഗൗരവമായി അന്വേഷിച്ചുവരികയാണ്.

Comments
Post a Comment