കൂരാച്ചുണ്ട് പഞ്ചായത്തിൽ മണ്ണ് പരിശോധന ക്യാമ്പയിനും 'ഖേദ് ബചാവോ' കൃഷി സംരക്ഷണ ക്യാമ്പയിനും തുടക്കം
കൂരാച്ചുണ്ട്: കൂരാച്ചുണ്ട് ഗ്രാമപഞ്ചായത്ത് കൃഷിഭവന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച മണ്ണ് പരിശോധന ക്യാമ്പയിനും, ആത്മ (ATMA) പദ്ധതിയുടെ ഭാഗമായുള്ള 'ഖേദ് ബചാവോ അഭിയാൻ' കൃഷി സംരക്ഷണ ക്യാമ്പയിനും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി സിനി ജിനോ ഉദ്ഘാടനം ചെയ്തു.
കാർഷിക മേഖലയിലെ ഉൽപ്പാദനക്ഷമത വർദ്ധിപ്പിക്കുന്നതിനും മണ്ണിന്റെ ആരോഗ്യത്തിന് അനുയോജ്യമായ കൃഷിരീതികൾ അവലംബിക്കുന്നതിനുമാണ് ക്യാമ്പയിനിലൂടെ ലക്ഷ്യമിടുന്നത്. ഉദ്ഘാടന ചടങ്ങിൽ വൈസ് പ്രസിഡന്റ് ശ്രീ. ബിജു കടലശ്ശേരി അദ്ധ്യക്ഷത വഹിച്ചു.
വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി ബിന്ദു മോൾ തോമസ്, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി ഡാർളി എബ്രഹാം, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ. ചെറിയാൻ ജോസഫ് എന്നിവർ ആശംസകൾ നേർന്നു. വാർഡ് മെമ്പർമാരായ ശ്രീ. പ്രബീഷ്, ശ്രീ. ജോസ് വെളിയത്ത്, ശ്രീ. സണ്ണി കാനാട്ട്, ശ്രീ. കുഞ്ഞമ്മദ് എൻ.കെ., ശ്രീമതി ബിന്ദു ആനിക്കാട്ട് എന്നിവരും സംസാരിച്ചു. കൃഷി ഓഫീസർ ശ്രീമതി രാജി പി.പി. സ്വാഗതവും, കൃഷി അസിസ്റ്റന്റ് ശ്രീമതി പ്രബിത ടി.വി. നന്ദിയും പറഞ്ഞു. കൃഷി അസിസ്റ്റന്റ് ശ്രീമതി ദൃശ്യ എം., പെസ്റ്റ് സ്കൗട്ട് ശ്രീമതി ഷൈജ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
ഉദ്ഘാടനത്തിന് ശേഷം, 'ഖേദ് ബചാവോ അഭിയാൻ' പരിപാടിയുടെ ഭാഗമായി ചേലൂർ ഐ.ഐ.എസ്.ആർ (IISR) ലെ ശാസ്ത്രജ്ഞർ കർഷകർക്കായി പ്രത്യേക ബോധവൽക്കരണ ക്ലാസ് നടത്തി. തുടർന്ന് നടന്ന സെഷനിൽ അസിസ്റ്റന്റ് സോയിൽ കെമിസ്റ്റ് ശ്രീ. സുബ്രഹ്മണ്യൻ മണ്ണ് പരിശോധനയുടെ പ്രാധാന്യത്തെക്കുറിച്ചും, മണ്ണിലെ പോഷകങ്ങളുടെ ലഭ്യത ഉറപ്പാക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും കർഷകർക്ക് ക്ലാസെടുത്തു.
ക്യാമ്പയിന്റെ ഭാഗമായി സംഘടിപ്പിച്ച മൊബൈൽ ക്ലിനിക്കിൽ വെച്ച് കർഷകരുടെ മണ്ണ് പരിശോധനകൾ പൂർത്തിയാക്കി, പരിശോധനാ ഫലങ്ങൾ അപ്പപ്പോൾ തന്നെ വിതരണം ചെയ്തത് കർഷകർക്ക് ഏറെ സഹായകരമായി. പഞ്ചായത്തിലെ നിരവധി കർഷകർ ക്യാമ്പയിനിൽ പങ്കെടുത്തു.

Comments
Post a Comment