ശുചിമുറിയിൽ കയറിയപ്പോൾ ഞെട്ടി; ക്ലോസറ്റിൽ നാലരയടി നീളമുള്ള മൂർഖൻ
ഗുരുവായൂർ: വീടിന്റെ ശുചിമുറിയിലെ ക്ലോസറ്റിനുള്ളിൽ നാലരയടി നീളമുള്ള മൂർഖൻ പാമ്പിനെ കണ്ടെത്തി. കോട്ടപ്പടി രായംമരക്കാർ വീട്ടിൽ അബൂട്ടിയുടെ വീട്ടിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത്. കുട്ടിയുടെ സമയോചിതമായ ഇടപെടൽ വലിയൊരു അപകടമാണ് ഒഴിവാക്കിയത്.
ശുചിമുറിയിൽ കയറിയ വീട്ടിലെ കുട്ടി ക്ലോസറ്റിനുള്ളിൽ പാമ്പിനെ കിടക്കുന്നത് കണ്ട് ഉടൻ തന്നെ പുറത്തിറങ്ങി വീട്ടുകാരെ വിവരമറിയിക്കുകയായിരുന്നു. ക്ലോസറ്റിനുള്ളിൽ പാമ്പിനെ കണ്ടതോടെ വീട്ടുകാർ പരിഭ്രാന്തരായി. ഉടൻ തന്നെ രക്ഷാപ്രവർത്തകരെ വിവരം അറിയിച്ചു.
വിവരമറിഞ്ഞയുടൻ സിവിൽ ഡിഫൻസ് വളണ്ടിയർ പ്രബീഷ് ഗുരുവായൂർ സ്ഥലത്തെത്തി. അതീവ ശ്രദ്ധയോടെ നടത്തിയ പരിശോധനയിൽ പാമ്പിനെ സുരക്ഷിതമായി പിടികൂടി. ശുചിമുറിയിലെ പുറത്തെ പൈപ്പ് വഴിയോ വെന്റിലേറ്ററിലൂടെയോ ആകാം പാമ്പ് അകത്തുകയറിയതെന്ന് പ്രബീഷ് പറഞ്ഞു. പിടികൂടിയ പാമ്പിനെ പിന്നീട് വനപാലകർക്ക് കൈമാറി.
കൃത്യസമയത്ത് പാമ്പിനെ കണ്ടുപിടിക്കാൻ കാണിച്ച കുട്ടിയുടെ ജാഗ്രതയും, വിവരം ലഭിച്ച ഉടൻ തന്നെ സ്ഥലത്തെത്തി പാമ്പിനെ പിടികൂടിയ രക്ഷാപ്രവർത്തകന്റെ ഇടപെടലും വലിയൊരു ദുരന്തമാണ് ഒഴിവാക്കിയത്. നാട്ടുകാർക്കും വലിയ ആശ്വാസമാണ് നൽകിയത്.

Comments
Post a Comment