കാട്ടുപന്നി കവർന്നത് കുടുംബത്തിന്റെ ഏക ആശ്രയം; വനംവകുപ്പ് കവർന്നത് നീതി; അഞ്ചാം വർഷവും കണ്ണീരോടെ കൂരാച്ചുണ്ട് സ്വദേശി റഷീദിന്റെ കുടുംബം

 


കൂരാച്ചുണ്ട്: കട്ടിപ്പാറയിൽ വെച്ച് ഓട്ടോറിക്ഷയിൽ കാട്ടുപന്നിയിടിച്ച് ജീവൻ പൊലിഞ്ഞ കൂരാച്ചുണ്ട് സ്വദേശി റഷീദിന്റെ കുടുംബം അഞ്ചാം വർഷവും നീതിക്കായി കാത്തിരിക്കുന്നു. കുടുംബത്തിന്റെ ഏക വരുമാന മാർഗ്ഗം നിലച്ചിട്ട് വർഷങ്ങളായെങ്കിലും, എല്ലാം ശരിയാക്കാമെന്ന് സമാശ്വസിപ്പിച്ച അധികാരിവർഗ്ഗം ഇന്ന് കൈമലർത്തുകയാണ്. വനംവകുപ്പിന്റെയും ഉദ്യോഗസ്ഥരുടെയും ചുവപ്പുനാടയിൽ കുരുങ്ങി ഒരു കുടുംബത്തിന്റെ കണ്ണീരൊപ്പാൻ ആരുമില്ലാത്ത അവസ്ഥയാണിന്ന്.

​ആ രാത്രി സംഭവിച്ചത്

​2021 ഒക്ടോബർ 6-ന് രാത്രി 10 മണിയോടെയാണ് റഷീദും കുടുംബവും സഞ്ചരിച്ച ഓട്ടോയിൽ കൂറ്റൻ കാട്ടുപന്നിയിടിച്ച് അപകടം സംഭവിക്കുന്നത്. മകൾ റസീനയും പേരക്കുട്ടിയും ചേർന്ന് പൂനൂരിലെ ബന്ധുവീട്ടിൽ വിവാഹച്ചടങ്ങിൽ പങ്കെടുത്ത ശേഷം തിരികെ വരുമ്പോഴായിരുന്നു ദുരന്തം. റഷീദ് ഓടിച്ചിരുന്ന സ്വന്തം ഓട്ടോറിക്ഷയിലേക്ക് കാട്ടുപന്നി ശക്തമായി വന്നിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ നിയന്ത്രണം വിട്ട ഓട്ടോ റോഡ് സൈഡിലെ താഴ്ചയിലേക്ക് മറിഞ്ഞു. മകളും പേരക്കുട്ടിയും നിസ്സാര പരിക്കുകളോടെയാണ് അന്ന് രക്ഷപ്പെട്ടത്.

​സംഭവത്തിന് ദൃസ്സാക്ഷിയായ മകൾ റസീന ആ ഭീകര നിമിഷം വിവരിക്കുന്നത് ഇങ്ങനെയാണ്:

​"വലിയൊരു കാട്ടുപന്നി ഓട്ടോയിലേക്ക് വന്നിടിക്കുകയായിരുന്നു. മുൻഭാഗം പാടേ തകർന്ന ഓട്ടോ റോഡിന്റെ വശത്തെ താഴ്ചയിലേക്ക് മറിഞ്ഞു. ഞാനും മകളും ഓട്ടോയ്ക്കൊപ്പം താഴേക്ക് പതിച്ചു. നിസ്സാര പരിക്കുകളോടെ കുഞ്ഞിനെയുമെടുത്ത് ഞാൻ പിതാവിനെ തിരഞ്ഞെങ്കിലും കണ്ടെത്താനായില്ല. വിളിച്ചിട്ട് വിളി കേൾക്കുന്നുമുണ്ടായിരുന്നില്ല. ഒടുവിൽ ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാരുടെ സഹായത്തോടെ നടത്തിയ തിരച്ചിലിലാണ് റോഡിന്റെ ഓരത്തേക്ക് തെറിച്ചുവീണ നിലയിൽ പിതാവിനെ കണ്ടെത്തുന്നത്. പൂനൂരിലുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിക്കുന്നത് വരെയും അദ്ദേഹത്തിന് ബോധം തെളിഞ്ഞിരുന്നില്ല."

​പിന്നീട് രണ്ട് മാസക്കാലം കോഴിക്കോട് മെഡിക്കൽ കോളേജിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സ നേടിയെങ്കിലും ഒടുവിൽ റഷീദ് മരണത്തിന് കീഴടങ്ങുകയായിരുന്നു.


​അധികാരികളുടെ വാഗ്ദാന ലംഘനവും വിചിത്ര വാദങ്ങളും

​റഷീദിന്റെ മരണത്തെ തുടർന്ന് കർഷക സംഘടനകളുടെ ആഭിമുഖ്യത്തിൽ താമരശേരി ഫോറസ്റ്റ് റേഞ്ച് ഓഫീസിന് മുന്നിൽ ശക്തമായ ബഹുജന പ്രക്ഷോഭവും ധർണ്ണയും സംഘടിപ്പിച്ചിരുന്നു. ഇതിന്റെ ഫലമായി കോഴിക്കോട് ഡി.എഫ്.ഒ ഓഫീസ് റഷീദിന്റെ മരണത്തിൽ നഷ്ടപരിഹാരം നൽകാമെന്ന് കാണിച്ച് സർക്കുലർ പുറപ്പെടുവിക്കുകയും ചെയ്തു. എന്നാൽ പിന്നീട് കാര്യങ്ങൾ അട്ടിമറിക്കപ്പെടുകയായിരുന്നു.

​മരണപ്പെട്ട റഷീദിന്റെ ഡ്രൈവിംഗ് ലൈസൻസ് യഥാസമയം പുതുക്കിയില്ല എന്ന സാങ്കേതിക കാരണം ചൂണ്ടിക്കാട്ടി ഇൻഷൂറൻസ് കമ്പനി ആദ്യം നഷ്ടപരിഹാരം നിഷേധിച്ചു. ഇതിന് പിന്നാലെ വനംവകുപ്പ് ഉദ്യോഗസ്ഥർ ഫയലിൽ രേഖപ്പെടുത്തിയ വിചിത്ര വാദങ്ങൾ കുടുംബത്തെ കൂടുതൽ മാനസികമായി തകർത്തു. റഷീദും കുടുംബവും സഞ്ചരിച്ച വാഹനം ഓട്ടോറിക്ഷ ആയിരുന്നില്ലെന്നും, ഇടിച്ച മൃഗം കാട്ടുപന്നിയല്ലെന്നുമുള്ള വാദങ്ങളാണ് വനംവകുപ്പ് ഉദ്യോഗസ്ഥർ ഉന്നയിച്ചത്. അർഹമായ നഷ്ടപരിഹാരം തടഞ്ഞുവെക്കാൻ ബോധപൂർവ്വമായ ശ്രമം നടന്നതായാണ് കുടുംബം ആരോപിക്കുന്നത്.

​നീതിക്കായി മുട്ടാത്ത വാതിലുകളില്ല

​ഈ വിഷയവുമായി ബന്ധപ്പെട്ട് കുടുംബം പ്രാദേശിക നേതാക്കളോടൊപ്പം ഡി.എഫ്.ഒ ഓഫീസ്, ജില്ലാ കളക്ടർ, മുൻ ബാലുശ്ശേരി എം.എൽ.എ സച്ചിൻ ദേവ്, മുൻ വനംവകുപ്പ് മന്ത്രി ശശീന്ദ്രൻ എന്നിവർക്കെല്ലാം നിവേദനം നൽകിയിരുന്നു. വനംവകുപ്പ് മന്ത്രിയുടെ ഓഫീസ് ഒരു മാസത്തിനകം പത്ത് ലക്ഷം രൂപ നഷ്ടപരിഹാരം വാങ്ങിത്തരാമെന്ന് ഉറപ്പുനൽകിയിരുന്നെങ്കിലും അതും ജലരേഖയായി മാറി.

​അർഹമായ ആനുകൂല്യം നിഷേധിച്ച് ഇത്രയും കാലം തങ്ങളോട് ക്രൂരത കാട്ടിയ ഉദ്യോഗസ്ഥർക്കെതിരെ പുതിയ സർക്കാർ കർശന നടപടി സ്വീകരിക്കുമെന്ന പ്രതീക്ഷയിലാണ് റഷീദിന്റെ ഭാര്യ സീനത്ത്. നിലവിലെ ബാലുശ്ശേരി എം.എൽ.എ വി. ടി. സൂരജിന് ഇതിനകം കുടുംബം നിവേദനം നൽകിക്കഴിഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയനും പുതിയ വനംവകുപ്പ് മന്ത്രിക്കും നേരിട്ട് നിവേദനം നൽകി നീതിക്കായുള്ള പോരാട്ടം തുടരാനാണ് ഈ നിർധന കുടുംബത്തിന്റെ തീരുമാനം.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി