പൂക്കളം ഒരുങ്ങട്ടെ സ്വന്തം മണ്ണിൽ; കൂരാച്ചുണ്ടിൽ 'നിറപ്പൊലിമ'യ്ക്ക് തുടക്കം
കൂരാച്ചുണ്ട്: ഓണക്കാലത്ത് വീടുകളിലും വിപണികളിലും നിറയുന്ന അന്യസംസ്ഥാന പൂക്കൾക്ക് ബദലായി, നാടിന്റെ മണ്ണിൽ സുഗന്ധം പരത്താൻ കൂരാച്ചുണ്ട് പഞ്ചായത്ത് ഒരുങ്ങുന്നു. കുടുംബശ്രീ മിഷന്റെ 'നിറപ്പൊലിമ' പദ്ധതിയുടെ ഭാഗമായി കൂരാച്ചുണ്ടിൽ വിപ്ലവകരമായ പൂക്കൃഷിക്ക് തുടക്കമായി. മാരകമായ കീടനാശിനികൾ കലർന്ന ഇതരസംസ്ഥാന പൂക്കളെ ആശ്രയിക്കുന്നത് ഒഴിവാക്കി, പൂർണ്ണമായും ജൈവരീതിയിൽ സ്വന്തമായി പൂക്കൾ ഉൽപാദിപ്പിക്കുക എന്ന വലിയ ലക്ഷ്യമാണ് പദ്ധതിക്കുള്ളത്.
പഞ്ചായത്ത് പരിസരത്ത് ചെണ്ടുമല്ലി തൈകൾ മണ്ണിലുറപ്പിച്ചുകൊണ്ട് പഞ്ചായത്ത് പ്രസിഡന്റ് സിനി ജിനോ പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ചു. "ഇതൊരു തുടക്കം മാത്രമാണ്, വരും ദിവസങ്ങളിൽ കൂരാച്ചുണ്ടിന്റെ ഓരോ മുക്കിലും മൂലയിലും മഞ്ഞയും ഓറഞ്ചും നിറങ്ങൾ വിരിയണം. നമ്മുടെ പൂക്കളം നമ്മുടെ നാട്ടിലെ മണ്ണിൽ വിരിഞ്ഞ പൂക്കൾ കൊണ്ടാകണം," എന്ന് പ്രസിഡന്റ് ആത്മവിശ്വാസത്തോടെ പറഞ്ഞു.
കൃഷി വെറുമൊരു വിനോദമല്ല, മറിച്ച് കുടുംബശ്രീ അംഗങ്ങൾക്ക് വരുമാനം ഉറപ്പാക്കുന്ന ഒരു സാമ്പത്തിക സ്രോതസ്സാണ്. ഓണവിപണി മുന്നിൽക്കണ്ട് അതിശക്തമായ ആസൂത്രണമാണ് പദ്ധതിക്ക് പിന്നിൽ. സി.ഡി.എസ് ചെയർപേഴ്സൺ സുനിത ജോബ് അധ്യക്ഷത വഹിച്ചു..
ചടങ്ങിൽ പഞ്ചായത്തിലെ ജനപ്രതിനിധികളും കുടുംബശ്രീ പ്രവർത്തകരും പങ്കെടുത്തു. ക്ഷേമകാര്യ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർമാൻ ചെറിയാൻ ജോസഫ് അറക്കൽ, ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർപേഴ്സൺ ഡാർളി അബ്രഹാം പുല്ലംകുന്നേൽ എന്നിവർ ആശംസകൾ നേർന്നു.
അഗ്രി സി.ആർ.പി സഫിയ ജമാൽ, സി.ഡി.എസ് മെമ്പർ അനിത ജോൺസൺ, ജെ.എൽ.ജി അംഗങ്ങളായ റെജി വിൻസെന്റ്, സാബിറ മുജീബ്, വിജി വിജയൻ, സിനി സജി തുടങ്ങിയവർ സംബന്ധിച്ചു. പഞ്ചായത്തിന്റെ നേതൃത്വത്തിൽ വിവിധ ജെ.എൽ.ജി ഗ്രൂപ്പുകൾക്ക് ഇതിനകം തന്നെ കൃഷിക്കാവശ്യമായ തൈകളും വളവും വിതരണം ചെയ്തിട്ടുണ്ട്. ഓണവിപണി ലക്ഷ്യമിട്ട് വിപുലമായ രീതിയിലാണ് ഇത്തവണത്തെ കൃഷി ആസൂത്രണം ചെയ്തിരിക്കുന്നത്.

Comments
Post a Comment