കൂരാച്ചുണ്ടിൽ 'ഓപ്പറേഷൻ തൂഫാൻ ; കൂരാച്ചുണ്ടിൽ മൂന്ന് പേരെ പൊലീസ് പൊക്കി
കൂരാച്ചുണ്ട്: ലഹരിമുക്ത കാമ്പെയ്ന്റെ ഭാഗമായി സംസ്ഥാനവ്യാപകമായി നടന്നു വരുന്ന 'ഓപ്പറേഷൻ തൂഫാൻ' പരിശോധനയിൽ കൂരാച്ചുണ്ടിൽ മൂന്ന് യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു.
കൂരാച്ചുണ്ട് ടൗണിലും പരിസര പ്രദേശങ്ങളിലും പൊലീസ് നടത്തിയ മിന്നൽ പരിശോധനയ്ക്കിടയിലാണ് യുവാക്കൾ പിടിയിലാകുന്നത്. പൊതുസ്ഥലത്ത് വെച്ച് കഞ്ചാവ് ബീഡി വലിക്കുന്നതിനിടെയാണ് മൂവരും പൊലീസിന്റെ വലയിലായത്.
മിന്നൽ പരിശോധനയുമായി പൊലീസ് സംഘം
കൂരാച്ചുണ്ട് പൊലീസ് ഇൻസ്പെക്ടർ കെ.പി. മഹേഷ്, സബ് ഇൻസ്പെക്ടർ ഗ്രീഷ്മ എന്നിവരടങ്ങിയ പ്രത്യേക പൊലീസ് സംഘമാണ് പരിശോധനയ്ക്ക് നേതൃത്വം നൽകിയത്. മലയോര മേഖലകളിൽ ലഹരിവസ്തുക്കളുടെ ഉപയോഗവും വിപണനവും തടയുന്നതിനായി പരിശോധനകൾ കർശനമാക്കാൻ റൂറൽ എസ്.പി നിർദ്ദേശം നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കൂരാച്ചുണ്ട് സ്റ്റേഷൻ പരിധിയിൽ നിരീക്ഷണം ശക്തമാക്കിയത്.
കർശന നടപടിയെന്ന് ഇൻസ്പെക്ടർ
പ്രദേശത്തെ വിദ്യാലയ പരിസരങ്ങളും യുവാക്കൾ തമ്പടിക്കുന്ന കേന്ദ്രങ്ങളും കേന്ദ്രീകരിച്ച് വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് പൊലീസ് അറിയിച്ചു. ലഹരി മാഫിയക്കെതിരെ പൊതുജനങ്ങളിൽ നിന്നും കൂട്ടായ്മകളിൽ നിന്നും മികച്ച പിന്തുണയാണ് ലഭിക്കുന്നത്. പിടിയിലായ യുവാക്കൾക്കെതിരെ ലഹരിവിരുദ്ധ നിയമപ്രകാരം കേസെടുത്ത് തുടർനടപടികൾ സ്വീകരിച്ചു വരികയാണെന്ന് പൊലീസ് വ്യക്തമാക്കി.

Comments
Post a Comment