മാതൃകയായി കുളത്തുവയൽ സ്കൂൾ: പരിസ്ഥിതി ദിനത്തിൽ ചക്കിട്ടപാറയും ചെമ്പ്രയും ശുചീകരിച്ച് വിദ്യാർത്ഥിപ്പട
കുളത്തുവയൽ: ലോക പരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ച് വേറിട്ട പരിസ്ഥിതി സംരക്ഷണ യജ്ഞവുമായി കുളത്തുവയൽ സെന്റ് ജോർജ്സ് ഹയർ സെക്കൻ്ററി സ്‌കൂൾ. വിദ്യാർത്ഥികളിലും പൊതുജനങ്ങളിലും പരിസ്ഥിതി ബോധവൽക്കരണം ലക്ഷ്യമിട്ട് വിപുലമായ പരിപാടികളാണ് സ്കൂളിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ചത്.
സ്‌കൂളിലെ എൻ.എസ്.എസ് (NSS) യൂണിറ്റുകൾ, സ്കൗട്ട് ആൻഡ് ഗൈഡ്, സൗഹൃദ ക്ലബ്ബ്, നല്ലപാഠം യൂണിറ്റ് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ നടന്ന വിവിധ പരിപാടികളുടെ ഉദ്ഘാടനം സ്കൂൾ മാനേജർ റവ. ഫാദർ കുര്യാക്കോസ് ഐക്കൊളമ്പിൽ നിർവ്വഹിച്ചു. ചടങ്ങിൽ ചക്കിട്ടപാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി മോളി ആയിത്തമറ്റം മുഖ്യപ്രഭാഷണം നടത്തി. പ്രകൃതിയെ സംരക്ഷിക്കേണ്ടത് വരുംതലമുറയുടെ നിലനിൽപ്പിന് അത്യാവശ്യമാണെന്ന് അവർ ഓർമ്മിപ്പിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീ. ജിതേഷ് മുതുകാട് ചടങ്ങിൽ പരിസ്ഥിതി ദിന സന്ദേശം നൽകി.
ശ്രദ്ധേയമായി ശുചീകരണ യജ്ഞവും റാലിയും
ദിനാചരണത്തിന്റെ ഭാഗമായി വൈവിധ്യമാർന്ന ഒട്ടനവധി പരിപാടികളാണ് ക്യാമ്പസിലും പരിസര പ്രദേശങ്ങളിലും അരങ്ങേറിയത്. സ്കൂൾ പരിസരത്തും പൊതുസ്ഥലങ്ങളിലും പ്രകൃതിദത്ത വൃക്ഷത്തൈകൾ നട്ടുപിടിപ്പിച്ചു.ചെമ്പ്ര, ചക്കിട്ടപാറ അങ്ങാടികൾ വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ പൂർണ്ണമായും ശുചീകരിച്ചു. പൊതുജനങ്ങൾക്ക് ഇത് വലിയൊരു മാതൃകയായി.പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം വിളിച്ചോതുന്ന ബോധവൽക്കരണ ക്ലാസും, വിദ്യാർത്ഥികളും അധ്യാപകരും പങ്കെടുത്ത പരിസ്ഥിതിദിന പ്രതിജ്ഞയും നടന്നു. പ്ലക്കാർഡുകളും മുദ്രാവാക്യങ്ങളുമായി വിദ്യാർത്ഥികൾ നടത്തിയ റാലി പൊതുജന ശ്രദ്ധ ആകർഷിച്ചു.
പ്രമുഖരുടെ സാന്നിധ്യം
വിവിധ സ്ഥലങ്ങളിൽ വെച്ച് നടന്ന ചടങ്ങുകൾക്ക് സ്കൂൾ പ്രിൻസിപ്പൽ പി. എം. മാത്യു സ്വാഗതം ആശംസിച്ചു. പി. ടി. എ. പ്രസിഡന്റ് ശ്രീ പ്രേമരാജ്, വാർഡ് മെമ്പർമാരായ ശ്രീ. ഗിരീഷ് കോമച്ചൻകണ്ടി, ശ്രീ. മൊയ്തീൻ കോടേരി, ശ്രീ. ബാബു പള്ളിക്കൂടത്തിൽ എന്നിവർ ചടങ്ങുകൾക്ക് ആശംസകൾ നേർന്നു സംസാരിച്ചു.
വിവിധ ക്ലബ്ബുകളുടെ കോർഡിനേറ്റർമാരായ സി. ജെ. ബോബിസ്, അഞ്ചു എൽസ ജോയ് (എൻ.എസ്.എസ്), ശ്രീ. ജനേഷ് ദേവസ്യ, ശ്രീമതി. നമിത ടി (സ്കൗട്ട് ആൻഡ് ഗൈഡ്), ഹണി പോൾ (നല്ല പാഠം), സിസ്റ്റർ റാണി തോമസ് (സൗഹൃദ ക്ലബ്) എന്നിവരും പരിപാടികൾക്ക് നേതൃത്വം നൽകി. വിദ്യാർത്ഥി പ്രതിനിധികളായ എൻ.എസ്.എസ്. ലീഡേഴ്‌സ് ജെറോം ബിജു, സാനിയ ബെന്നി, ജോബിറ്റ് തോമസ്, ഫാത്തിമ നിഹാല, സ്കൗട്ട് ലീഡർ ജോയൽ റോബിൻസൺ, ഗൈഡ്സ് ലീഡർ അലീന റോസ് എന്നിവരും ചടങ്ങിൽ സംസാരിച്ചു.
വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ജനപ്രതിനിധികളുടെയും സജീവ പങ്കാളിത്തം കൊണ്ട് കുളത്തുവയൽ സ്കൂളിന്റെ പരിസ്ഥിതി ദിനാചരണം നാടിനാകെ മാതൃകയായി മാറി.

Comments
Post a Comment