ഒടുങ്ങാത്ത കുടുംബവഴക്ക് കൊലപാതകത്തിലും ആത്മഹത്യയിലും കലാശിച്ചു; ഹസീനയെ കൊന്ന ഭർത്താവ് സുരേഷ് തമിഴ്‌നാട്ടിൽ മരിച്ച നിലയിൽ
തിരുവനന്തപുരം/നാലാഞ്ചിറ: നാലാഞ്ചിറയിൽ ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം ഒളിവിൽ പോയ ഭർത്താവിനെ തമിഴ്‌നാട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. നാലാഞ്ചിറ ഉദിയന്നൂർ ക്ഷേത്രത്തിന് സമീപം വാടകയ്ക്ക് താമസിക്കുന്ന ഹസീന ബീവി (36) യെ കൊലപ്പെടുത്തിയ കേസ് പ്രതിയായ സുരേഷിനെയാണ് തമിഴ്‌നാട്ടിലെ ചിദംബരത്ത് റെയിൽവേ ട്രാക്കിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സുരേഷ് ട്രെയിനിന് മുന്നിൽ ചാടി ആത്മഹത്യ ചെയ്തതാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
കഴിഞ്ഞ ദിവസം പുലർച്ചെയായിരുന്നു ഹസീന ബീവിയെ കഴുത്തറുത്ത നിലയിൽ വാടകവീട്ടിൽ കണ്ടെത്തിയത്. കൊലപാതകത്തിന് ശേഷം കാറിൽ രക്ഷപ്പെട്ട സുരേഷിനായി പൊലീസ് വ്യാപകമായ തെരച്ചിൽ നടത്തിവരികയായിരുന്നു. ഇതിനിടെ ഇയാൾ സഞ്ചരിച്ചിരുന്ന കാർ ബാലരാമപുരം റെയിൽവേ സ്റ്റേഷൻ പരിസരത്ത് ഉപേക്ഷിക്കപ്പെട്ട നിലയിൽ പൊലീസ് കണ്ടെത്തി. ഇതേത്തുടർന്ന് ഇയാൾ ട്രെയിൻ മാർഗ്ഗം രക്ഷപ്പെട്ടതാകാം എന്ന നിഗമനത്തിൽ അന്വേഷണം തമിഴ്‌നാട്ടിലേക്ക് അടക്കം വ്യാപിപ്പിച്ചിരിക്കെയാണ് ഇന്ന് രാവിലെ ചിദംബരത്ത് നിന്ന് മൃതദേഹം കണ്ടെത്തിയത്.
കൊലപാതകത്തിലേക്ക് നയിച്ചത് നിരന്തരമായ കുടുംബവഴക്ക്
ദീർഘനാളുകളായി സുരേഷും ഹസീനയും തമ്മിൽ നിലനിന്നിരുന്ന കുടുംബപ്രശ്നങ്ങളാണ് ക്രൂരമായ കൊലപാതകത്തിലും ഒടുവിൽ ആത്മഹത്യയിലും കലാശിച്ചതെന്ന് പൊലീസ് പറയുന്നു. നാല് മാസം മുൻപാണ് ഇവർ നാലാഞ്ചിറയിലെ വാടകവീട്ടിലേക്ക് താമസം മാറിയത്. ഇവിടെ വച്ചും ദമ്പതികൾ തമ്മിൽ നിരന്തരം തർക്കങ്ങളുണ്ടായിരുന്നു.
വഴക്കിനെത്തുടർന്ന് മുൻപ് ഹസീന വീടുവിട്ടുപോയിരുന്നു. ഇതിൽ മനംനൊന്ത് സുരേഷ് മുൻപ് വിഷം കഴിച്ച് ജീവനൊടുക്കാൻ ശ്രമിക്കുകയും, ഹസീനയെ കണ്ടെത്താൻ പൊലീസിൽ പരാതി നൽകുകയും ചെയ്തിരുന്നു. തുടർന്ന് പൊലീസ് സ്റ്റേഷനിൽ വച്ച് ഇരുവിഭാഗത്തെയും വിളിച്ച് മധ്യസ്ഥ ചർച്ച നടത്തിയ ശേഷമാണ് ഹസീനയെ സുരേഷിനൊപ്പം വീണ്ടും വിട്ടത്. എന്നാൽ ദിവസങ്ങൾക്കകം ഇവർക്കിടയിൽ വീണ്ടും തർക്കങ്ങൾ രൂക്ഷമാവുകയും കഴിഞ്ഞ പുലർച്ചെ ഹസീനയെ ക്രൂരമായി കൊലപ്പെടുത്തുകയുമായിരുന്നു.
തമിഴ്‌നാട് പൊലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് ശേഷം കേരള പൊലീസിന്റെ സാന്നിധ്യത്തിൽ ബന്ധുക്കൾക്ക് വിട്ടുനൽകും. സംഭവത്തിൽ മണ്ണന്തല പൊലീസ് തുടരന്വേഷണം നടത്തിവരികയാണ്

Comments
Post a Comment