പുലർച്ചെ, അമിത വേഗത്തിൽ വന്ന കാർ പെട്ടെന്ന് നിന്നു, പട്രോളിംഗ് സംഘം കണ്ടത് സ്‌റ്റിയറിങ്ങിൽ തലതാഴ്ത്തി കിടക്കുന്ന യുവാവ്
പത്തനംതിട്ട: ശാരീരിക അസ്വസ്ഥതകളെ തുടർന്ന് സ്വന്തം കാറോടിച്ച് ആശുപത്രിയിലേക്ക് പോകുന്നതിനിടെ അവശനിലയിലായ യുവാവിനെ, സമയോചിതമായി ഇടപെട്ട് ആശുപത്രിയിലെത്തിച്ച് പത്തനംതിട്ട കൺട്രോൾ റൂം പൊലീസ് മാതൃകയായി. കുമ്പഴയ്ക്ക് സമീപമാണ് സംഭവം.
മലയാലപ്പുഴയിൽ നിന്ന് കാറോടിച്ച് ആശുപത്രിയിലേക്ക് അതിവേഗത്തിൽ പോവുകയായിരുന്ന യുവാവിന്റെ വാഹനം പൊലീസ് സംഘത്തിന്റെ ശ്രദ്ധയിൽപ്പെടുകയായിരുന്നു. സംശയം തോന്നി വാഹനം പരിശോധിക്കാൻ പൊലീസ് സംഘം എത്തിയപ്പോഴാണ് സ്റ്റിയറിംഗിൽ തലതാഴ്ത്തിയിരിക്കുന്ന നിലയിൽ യുവാവിനെ കണ്ടത്. ഉടൻ തന്നെ സംഘത്തിലുണ്ടായിരുന്ന എസ്.സി.പി.ഒ ജോബിൻ ജോൺ കാറിന്റെ ഗ്ലാസിൽ തട്ടി യുവാവിനെ വിളിച്ചുണർത്തി. തനിക്ക് ശാരീരിക അസ്വസ്ഥതയുണ്ടെന്നും ഉടൻ ആശുപത്രിയിൽ എത്തിക്കണമെന്നും യുവാവ് അഭ്യർത്ഥിക്കുകയായിരുന്നു.
തുടർച്ചയായി ഛർദ്ദിച്ച് തീർത്തും അവശനിലയിലായിരുന്ന സോനുവിനെ പൊലീസ് സംഘം ഉടൻ തന്നെ ഡ്രൈവിംഗ് സീറ്റിൽ നിന്നും മാറ്റി പിൻസീറ്റിലേക്ക് മാറ്റി കിടത്തി. തുടർന്ന് കൺട്രോൾ റൂം വാഹനത്തിന്റെ ഡ്രൈവറായ എ.എസ്.ഐ സജി ഇസ്മായിൽ യുവാവിന്റെ കാർ അതിവേഗം ഓടിച്ച് മൂന്ന് മിനിറ്റിനുള്ളിൽ തന്നെ നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. പിന്നാലെ എസ്.സി.പി.ഒ ജോബിൻ ജോണും സി.പി.ഒ മുഹമ്മദ് ഷഫീക്കും കൺട്രോൾ റൂം വാഹനത്തിൽ ആശുപത്രിയിലെത്തി.
ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവാവിന്റെ ജീവൻ സുരക്ഷിതമാണെന്ന് ഉറപ്പുവരുത്തിയതിന് ശേഷമാണ് പൊലീസ് സംഘം മടങ്ങിയത്. തക്കസമയത്ത് ഇടപെട്ട് ജീവൻ രക്ഷിച്ച പൊലീസ് ഉദ്യോഗസ്ഥരുടെ പ്രവർത്തിക്കെതിരെ വലിയ അഭിനന്ദനമാണ് ഉയരുന്നത്.

Comments
Post a Comment