അച്ഛന്റെ അസ്വാഭാവിക പെരുമാറ്റം; അച്ഛന്റെ ഫോൺ പരിശോധിച്ച മകൻ കണ്ടെത്തിയത് അമ്മയുടെ ഘാതകരെ;
കൊരങ്കി: ഭാര്യയെ ഹൃദയാഘാതം മൂലം മരിച്ചതാണെന്ന് നാട്ടുകാരെയും ബന്ധുക്കളെയും വിശ്വസിപ്പിച്ച് ദഹിപ്പിച്ച ഭർത്താവ്, ഒൻപത് മാസത്തിന് ശേഷം നിയമത്തിന്റെ പിടിയിൽ. കേസിൽ കൊരങ്കി സ്വദേശിയായ റിയൽ എസ്റ്റേറ്റ് വ്യാപാരി പ്രസാദ് ചൗധരി (53), കാമുകിയും ബ്യൂട്ടി പാർലർ ജീവനക്കാരിയുമായ ജാൻസി (35) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. പ്രസാദിന്റെ ഭാര്യ രേണുകാ ദേവിയെ (45) കൊലപ്പെടുത്തിയ കേസിലാണ് അറസ്റ്റ്.
സംഭവം ഇങ്ങനെ:
ആഡംബര ജീവിതം നയിച്ചിരുന്ന പ്രസാദ് ചൗധരി, ഭാര്യ രേണുകയുടെ അറിവോടെ വീട്ടിലെത്തിയ ബ്യൂട്ടി പാർലർ ജീവനക്കാരി ജാൻസിയുമായി അടുപ്പത്തിലാവുകയായിരുന്നു. പിന്നീട് ഇത് വഴിവിട്ട ബന്ധമായി വളർന്നു. ഇക്കാര്യം അറിഞ്ഞ രേണുക ദമ്പതികളെ ചോദ്യം ചെയ്യുകയും ബന്ധം അവസാനിപ്പിക്കാൻ കർശന നിർദ്ദേശം നൽകുകയും ചെയ്തിരുന്നു.
സിനിമാറ്റിക് ആസൂത്രണം:
രേണുകയെ ഒഴിവാക്കി ജാൻസിയുമായി ഒന്നിച്ചുജീവിക്കാൻ പ്രസാദ് പദ്ധതി തയ്യാറാക്കി. ഭാര്യക്ക് ഹൃദയസംബന്ധമായ അസുഖങ്ങളുണ്ടെന്ന് ബന്ധുക്കളെയും നാട്ടുകാരെയും വിശ്വസിപ്പിക്കാനായി വ്യാജ മെഡിക്കൽ റിപ്പോർട്ടുകൾ ഇവർ സംഘടിപ്പിച്ചു. 2025 മെയ് 18-ന് രേണുകയുടെ മാതാപിതാക്കളെയും വീട്ടിലേക്ക് ക്ഷണിച്ചുവരുത്തിയ ശേഷം, ഉറക്കഗുളിക കലർത്തിയ ജ്യൂസ് നൽകി രേണുകയെ മയക്കി. ശേഷം തലയണ ഉപയോഗിച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. പിറ്റേന്ന് രാവിലെ 'ഹൃദയാഘാതം' ആണെന്ന് കള്ളം പറഞ്ഞ് മൃതദേഹം തിടുക്കത്തിൽ ദഹിപ്പിക്കുകയും ചെയ്തു.
പുറത്തറിഞ്ഞത് മകന്റെ ഇടപെടലിലൂടെ:
ലണ്ടനിൽ നിന്ന് ഉപരിപഠനം കഴിഞ്ഞ് തിരിച്ചെത്തിയ മകൻ നാഗേഷ്, അച്ഛന്റെ പെരുമാറ്റത്തിൽ അസ്വാഭാവികത ശ്രദ്ധിച്ചു. സംശയം തോന്നിയ നാഗേഷ് അച്ഛന്റെ ഫോൺ രഹസ്യമായി പരിശോധിച്ചതോടെയാണ് കൊലപാതകത്തിന്റെ ഞെട്ടിക്കുന്ന തെളിവുകൾ പുറത്തുവന്നത്. കൊലപാതകം നടന്ന രാത്രിയിൽ ജാൻസിക്ക് അയച്ച 'ഞാൻ ഭാര്യയെ കൊന്നു കഴിഞ്ഞു' എന്ന സന്ദേശവും മറ്റ് അശ്ലീല ചാറ്റുകളും പോലീസ് പിടിച്ചെടുത്തു.
നാഗേഷ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിലാണ് പ്രസാദും ജാൻസിയും കുറ്റം സമ്മതിച്ചത്. ഇരുവരെയും കോടതി റിമാൻഡ് ചെയ്തു. കേസിന്റെ അന്തിമ വിചാരണ നടന്നു വരികയാണ്.

Comments
Post a Comment