മാതാപിതാക്കളെയും സഹോദരിയെയും കൊലപ്പെടുത്തിയ കേസ്: ശ്വേത അറസ്റ്റിൽ; ഒളിവിൽ പോയ കാമുകനായി വലവിരിച്ച് പോലീസ്
ബെംഗളൂരു: സ്വന്തം കുടുംബത്തിലെ മൂന്നുപേരെ അതിക്രൂരമായി കൊലപ്പെടുത്തിയ കേസിൽ മുഖ്യപ്രതിയായ ശ്വേതയെ പോലീസ് അറസ്റ്റ് ചെയ്തു. പുതുച്ചേരി പോലീസിന്റെ സഹായത്തോടെയാണ് ശ്വേതയെ പിടികൂടിയത്. കൊലപാതകത്തിന് ശേഷം ഒളിവിൽ പോയ ശ്വേതയെ ഇന്ന് രാവിലെയോടെ ബെംഗളൂരുവിൽ എത്തിച്ച് ചോദ്യം ചെയ്തുവരികയാണ്. അതേസമയം, കേസിലെ മറ്റൊരു പ്രതിയും ശ്വേതയുടെ കാമുകനുമായ കെന്നത്തിനായി പോലീസ് അന്വേഷണം ഊർജ്ജിതമാക്കി.
പ്രണയബന്ധത്തിലുള്ള കുടുംബത്തിന്റെ എതിർപ്പും സാമ്പത്തിക ബാധ്യതകളുമാണ് ക്രൂരമായ കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമാകുന്നത്. ശ്വേതയും കെന്നത്തുമായുള്ള പ്രണയത്തെ കുടുംബം ശക്തമായി എതിർത്തിരുന്നു. ഇതിനുപുറമെ, ശ്വേത വരുത്തിവെച്ച 30 ലക്ഷം രൂപയുടെ കടബാധ്യതയെച്ചൊല്ലി വീട്ടിൽ നിരന്തരം കലഹങ്ങൾ നടന്നിരുന്നു. മാതാപിതാക്കളിൽ നിന്ന് മാനസിക ബുദ്ധിമുട്ടുകൾ നേരിടേണ്ടി വരുന്നുണ്ടായിരുന്നെന്ന് ശ്വേത പോലീസിനോട് സമ്മതിച്ചു.
സംഭവം നടന്ന ദിവസം വീട്ടിലെത്തിയപ്പോൾ കുടുംബാംഗങ്ങളുമായി വീണ്ടും വാക്കുതർക്കം ഉണ്ടാകുകയും, അത് കൊലപാതകത്തിൽ അവസാനിക്കുകയുമായിരുന്നു. വാക്കുതർക്കത്തിനിടെ സ്വന്തം അമ്മയെ താനാണ് കൊലപ്പെടുത്തിയതെന്ന് ശ്വേത കുറ്റം സമ്മതിച്ചു. പിതാവായ സോമസുന്ദരത്തെയും സഹോദരി സുപ്രിയയെയും കൊലപ്പെടുത്തിയത് കാമുകനായ കെന്നത്താണെന്ന് പോലീസ് കണ്ടെത്തി.
സിസിടിവി ദൃശ്യങ്ങൾ നിർണ്ണായകമായി:
കെന്നത്തിന്റെ കുത്തേറ്റ സോമസുന്ദരം പ്രാണരക്ഷാർത്ഥം വീടിന് പുറത്തേക്ക് ഓടിയതാണ് സംഭവം പുറംലോകമറിയാൻ കാരണമായത്. കൊലപാതകത്തിന് ശേഷം പ്രതികൾ രക്ഷപ്പെടുന്നതിന്റെ വ്യക്തമായ സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിട്ടുണ്ട്. പോലീസിനെ വെട്ടിക്കാൻ ഇരുവരും രണ്ടു വഴികളിലൂടെയാണ് രക്ഷപ്പെട്ടത്. ട്രെയിൻ മാർഗമാണ് ശ്വേത പുതുച്ചേരിയിൽ എത്തിയത്.
ഒളിവിലുള്ള കെന്നത്തിനെ കണ്ടെത്താൻ ബെംഗളൂരു പോലീസിന്റെ പ്രത്യേക സംഘം തിരച്ചിൽ തുടരുകയാണ്. ഇയാൾക്കായി അയൽ സംസ്ഥാനങ്ങളിലും അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.

Comments
Post a Comment