കൂരാച്ചുണ്ടിൽ കാട്ടാനശല്യം രൂക്ഷം: അടിയന്തര നടപടി സ്വീകരിക്കണമെന്ന് ഡി.വൈ.എഫ്.ഐ

 








കൂരാച്ചുണ്ട്: മലയോര ഗ്രാമമായ കൂരാച്ചുണ്ടിൽ ജനവാസ കേന്ദ്രങ്ങളിൽ തുടർച്ചയായി കാട്ടാനക്കൂട്ടങ്ങൾ ഇറങ്ങി വ്യാപകമായി കൃഷിനാശം വരുത്തുന്ന സാഹചര്യത്തിൽ, ആനകളെ ഉൾവനത്തിലേക്ക് തുരത്താൻ വനംവകുപ്പ് അടിയന്തര നടപടി സ്വീകരിക്കണമെന്ന് ഡി.വൈ.എഫ്.ഐ ബാലുശ്ശേരി ബ്ലോക്ക് കമ്മിറ്റി ആവശ്യപ്പെട്ടു.

​വനത്തിൽ നിന്നും ഇറിഗേഷൻ വകുപ്പിന്റെ അധീനതയിലുള്ള ചെറിയ കാടുകളിലേക്ക് മാറുന്ന ആനക്കൂട്ടം, പിന്നീട് റിസർവോയർ നീന്തിക്കടന്ന് നിരന്തരമായി ജനവാസ കേന്ദ്രങ്ങളിലേക്ക് കൂട്ടത്തോടെ എത്തുന്ന സാഹചര്യമാണ് നിലവിലുള്ളത്. ഇത് പ്രദേശവാസികളുടെ ജീവനും സ്വത്തിനും കടുത്ത ഭീഷണിയുയർത്തുന്നു. ആനകളെ വനത്തിലേക്ക് തുരത്തുന്നതിനോടൊപ്പം തന്നെ, ജനവാസകേന്ദ്രങ്ങളോട് ചേർന്ന് കിടക്കുന്ന ഇറിഗേഷൻ-വനം വകുപ്പുകളുടെ ഭൂമിയിലെ കാടുകളും സ്വകാര്യ വ്യക്തികളുടെ ഭൂമിയിലെ കാടുകളും അടിയന്തരമായി വെട്ടിമാറ്റാൻ അധികൃതർ തയ്യാറാകണമെന്നും ബ്ലോക്ക് കമ്മിറ്റി ആവശ്യപ്പെട്ടു.

ഡി.വൈ.എഫ്.ഐ നേതാക്കൾ ആനശല്യമുണ്ടായ പ്രദേശങ്ങൾ സന്ദർശിച്ചു

​കൂരാച്ചുണ്ട് ഒട്ടപ്പാലം, മണ്ടോപാറ മേഖലകളിൽ കാട്ടാന ഇറങ്ങി വ്യാപകമായി കൃഷിനാശവും മറ്റ് നാശനഷ്ടങ്ങളും സംഭവിച്ച പ്രദേശങ്ങൾ ഡി.വൈ.എഫ്.ഐ നേതാക്കൾ നേരിട്ടെത്തി സന്ദർശിച്ചു. പ്രദേശവാസികളുമായി സംസാരിച്ച നേതാക്കൾ അവരുടെ കടുത്ത ആശങ്കകളും നേരിടുന്ന സങ്കീർണ്ണമായ പ്രശ്നങ്ങളും മനസ്സിലാക്കി.

​സന്ദർശനത്തിൽ ഡി.വൈ.എഫ്.ഐ കോഴിക്കോട് ജില്ലാ സെക്രട്ടറിയേറ്റ് അംഗം ടി. സരുൺ, ബ്ലോക്ക് സെക്രട്ടറിയും ജില്ലാ കമ്മിറ്റി അംഗവുമായ എസ്.എസ്. അതുൽ, ബ്ലോക്ക് പ്രസിഡന്റ് അതുൽ പ്രസിൻ പനങ്ങാട്, ബ്ലോക്ക് വൈസ് പ്രസിഡന്റ് അരുൺ കെ.ജി., കൂരാച്ചുണ്ട് മേഖല സെക്രട്ടറിയും ബ്ലോക്ക് കമ്മിറ്റി അംഗവുമായ ജസ്റ്റിൻ ജോൺ, ബ്ലോക്ക് കമ്മിറ്റി അംഗം രാഹുൽ റാം, മേഖല പ്രസിഡന്റ് സോണറ്റ് എന്നിവർ പങ്കെടുത്തു.

​മലയോര മേഖലയിലെ കാട്ടാന ശല്യത്തിന് ശാശ്വത പരിഹാരം കാണുന്നതിനും ജനങ്ങളുടെ ജീവനും സ്വത്തിനും പൂർണ്ണ സംരക്ഷണം ഉറപ്പാക്കുന്നതിനുമായി ബന്ധപ്പെട്ട അധികാരികൾ അടിയന്തരമായി ഇടപെടണമെന്ന് സന്ദർശനത്തിന് ശേഷം നേതാക്കൾ ആവശ്യപ്പെട്ടു.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി