കല്ലാനോട് സെൻ്റ് മേരീസ് ഹൈസ്കൂളിൽ പ്രതിഭാനുമോദനവും വിദ്യാരംഗം കലാ സാഹിത്യവേദി ഉദ്ഘാടനവും നടന്നു
കല്ലാനോട്: കല്ലാനോട് സെൻ്റ് മേരീസ് ഹൈസ്കൂളിൽ 2025-26 അധ്യയനവർഷത്തെ എസ്.എസ്.എൽ.സി പരീക്ഷയിൽ ഉന്നത വിജയം കൈവരിച്ച വിദ്യാർത്ഥികളെയും, സി.എം സ്കോളർഷിപ്പ് ജേതാക്കളെയും ആദരിച്ചു. സ്കൂൾ അങ്കണത്തിൽ നടന്ന ചടങ്ങിൽ പി.ടി.എ പ്രസിഡൻ്റ് ശ്രീ ഷാജു നരിപ്പാറ അധ്യക്ഷത വഹിച്ചു.
സ്കൂൾ മാനേജർ റവ. ഫാദർ ജെയ്സൺ കാരക്കുന്നേൽ ചടങ്ങ് ഉദ്ഘാടനം ചെയ്യുകയും അനുഗ്രഹപ്രഭാഷണം നടത്തുകയും ചെയ്തു. തുടർന്ന്, 2026-27 അധ്യയനവർഷത്തെ വിദ്യാരംഗം കലാസാഹിത്യ വേദിയുടെയും സ്കൂളിലെ വിവിധ ക്ലബ്ബുകളുടെയും ഉദ്ഘാടനം പ്രശസ്ത അധ്യാപകനും നാടകപ്രവർത്തകനുമായ ഡോ. പ്രമോദ് സമീർ നിർവഹിച്ചു. കലയും സാഹിത്യവും വിദ്യാർത്ഥികളുടെ സർവതോന്മുഖമായ വളർച്ചയിൽ വഹിക്കുന്ന പങ്ക് അദ്ദേഹം എടുത്തുപറഞ്ഞു.
കഴിഞ്ഞ അധ്യയനവർഷത്തിൽ മികച്ച നേട്ടം കൈവരിച്ച മുപ്പത്തിനാല് പ്രതിഭകളെ ചടങ്ങിൽ ഉപഹാരങ്ങൾ നൽകി ആദരിച്ചു. വിവിധ മേഖലകളിൽ മികവ് തെളിയിച്ച വിദ്യാർത്ഥികൾക്ക് മെമെൻ്റോകൾ സമ്മാനിച്ചു.
ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശ്രീ അരുൺ ജോസ്, കൂരാച്ചുണ്ട് ഗ്രാമപഞ്ചായത്ത് വാർഡ് മെമ്പർ ശ്രീ സണ്ണി കാനാട്ട്, എം.പി.ടി.എ പ്രസിഡൻ്റ് ശ്രീമതി ടിൻ്റു എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. സ്കൂൾ പ്രധാനധ്യാപകൻ, അധ്യാപകർ, പി.ടി.എ ഭാരവാഹികൾ, രക്ഷിതാക്കൾ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.


Comments
Post a Comment