കനത്ത മഴയിൽ കായണ്ണയിൽ പാലം തകർന്നു; നൂറുകണക്കിന് കുടുംബങ്ങൾ ഒറ്റപ്പെട്ട അവസ്ഥയിൽ

 


കായണ്ണ:  കനത്ത മഴയെത്തുടർന്ന് കുറ്റ്യാടി ഇറിഗേഷൻ പദ്ധതിയുടെ (കെ.ഐ.പി) ഇടത് കര മെയിൻ കനാലിന് കുറുകെയുള്ള പുതിയോട്ടിൽ താഴപ്പാലവും റോഡും പൂർണ്ണമായി തകർന്നു. കായണ്ണ, നൊച്ചാട് ഗ്രാമപഞ്ചായത്തുകളുടെ അതിർത്തി പങ്കിടുന്ന പ്രദേശത്തെ പ്രധാന യാത്രാമാർഗ്ഗമാണ് ഇതോടെ ഇല്ലാതായത്. പാലം തകർന്നു കനാലിലേക്ക് പതിച്ചതോടെ ഇരുഭാഗത്തുമുള്ള കുടുംബങ്ങൾ പൂർണ്ണമായും ഒറ്റപ്പെട്ട അവസ്ഥയിലാണ്.

​വർഷങ്ങളായുള്ള അവഗണന; ഒടുവിൽ ദുരന്തം

   ​അൻപത് വർഷത്തിലേറെ പഴക്കമുള്ള ഈ പാലം കഴിഞ്ഞ ഒട്ടേറെ വർഷങ്ങളായി അതീവ അപകടാവസ്ഥയിലായിരുന്നു. കോൺക്രീറ്റ് ദ്രവിച്ച്, ഉള്ളിലെ കമ്പികൾ തുരുമ്പെടുത്ത് പുറത്തുകാണുന്ന നിലയിലായിട്ടും അധികൃതർ നടപടിയൊന്നും സ്വീകരിച്ചിരുന്നില്ല. രണ്ട് വർഷം മുൻപ് പാലത്തിന്റെ ഒരു ഭാഗം നിലംപതിച്ചിരുന്നു.

​തുടർന്ന് നാട്ടുകാർ ചേർന്ന് തെങ്ങ് മുറിച്ച് പാലത്തിന്റെ ഫീൽഡ് ബോത്തിയിൽ സ്ഥാപിച്ച് താല്ക്കാലിക സംവിധാനമൊരുക്കിയാണ് ഇതുവരെ യാത്ര ചെയ്തിരുന്നത്. എന്നാൽ കഴിഞ്ഞ ദിവസമുണ്ടായ കനത്ത മഴയിൽ മലവെള്ളപ്പാച്ചിൽ ശക്തമായതോടെ ഈ താല്ക്കാലിക സംവിധാനമടക്കം പാലം പൂർണ്ണമായും കനാലിലേക്ക് തകർന്നു വീഴുകയായിരുന്നു.

​യാത്രാക്ലേശം രൂക്ഷം

​സ്കൂൾ വിദ്യാർത്ഥികൾ ഉൾപ്പെടെ നൂറുകണക്കിന് ജനങ്ങൾ നിത്യേന ആശ്രയിക്കുന്ന വഴിയാണിത്. പ്രദേശവാസികൾക്ക് കായണ്ണ വലിയ ജുമാ മസ്ജിദ്, മുത്തപ്പൻ ക്ഷേത്രം എന്നിവിടങ്ങളിലേക്ക് എളുപ്പത്തിൽ എത്തിച്ചേരാനുള്ള ഏക മാർഗ്ഗവും ഈ പാലമായിരുന്നു. പാലവും റോഡും ഒലിച്ചുപോയതോടെ ജനങ്ങൾക്ക് കിലോമീറ്ററുകൾ ചുറ്റിസഞ്ചരിക്കേണ്ട അവസ്ഥയാണ്.

വാർഡ് മെമ്പർ സന്ദർശിച്ചു

സംഭവസ്ഥലം നൊച്ചാട് ഗ്രാമപഞ്ചായത്ത് എട്ടാം വാർഡ് മെമ്പർ ടി.പി. നാസർ സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. ജനങ്ങളുടെ യാത്രാദുരിതത്തിന് അടിയന്തര പരിഹാരം കാണുമെന്നും, പാലം എത്രയും വേഗം പുതുക്കിപ്പണിയുന്നതിനായി ബന്ധപ്പെട്ട ഇറിഗേഷൻ വകുപ്പ് ഉദ്യോഗസ്ഥരെയും അധികാരികളെയും വിവരമറിയിച്ച് ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി