പൂഴിത്തോട് - പടിഞ്ഞാറത്തറ റോഡ് യാഥാർത്ഥ്യമാക്കാൻ കർമ്മപദ്ധതി; ചരിത്ര നിയോഗവുമായി ചക്കിട്ടപാറ പഞ്ചായത്ത്

 



ചക്കിട്ടപാറ: 1985 മുതൽ കടലാസിൽ മാത്രം ഒതുങ്ങിപ്പോയ പൂഴിത്തോട് - പടിഞ്ഞാറത്തറ ബദൽ റോഡ് യാഥാർത്ഥ്യമാക്കാനുള്ള ശ്രമങ്ങൾക്ക് ശക്തമായ തുടക്കം. പതിറ്റാണ്ടുകളായി മുടങ്ങിക്കിടന്ന പദ്ധതിക്ക് പുതുജീവൻ നൽകാൻ ലക്ഷ്യമിട്ട് ചക്കിട്ടപാറ പഞ്ചായത്തിന്റെ നേതൃത്വത്തിൽ വിവിധ പഞ്ചായത്ത് സാരഥികളുടെയും ജനപ്രതിനിധികളുടെയും സംയുക്ത യോഗം ചേർന്നു.


​  കോഴിക്കോട്, വയനാട് ജില്ലകളെ തമ്മിൽ ബന്ധിപ്പിക്കുന്ന സുപ്രധാന പാതയുടെ നിർമ്മാണം യാഥാർത്ഥ്യമാക്കാൻ എം.എൽ.എയും എം.പിയും ഒരേ വേദിയിൽ കൈകോർത്തു. കെ. കരുണാകരൻ മുഖ്യമന്ത്രിയായിരുന്ന കാലത്ത് ചർച്ചകൾ തുടങ്ങിയ പദ്ധതി വനഭൂമി പതിച്ചുനൽകുന്നതുമായി ബന്ധപ്പെട്ട സാങ്കേതിക തടസ്സങ്ങളിൽ കുരുങ്ങി വഴിമുട്ടുകയായിരുന്നു. ഈ തടസ്സങ്ങൾ നീക്കി പദ്ധതി മുന്നോട്ട് കൊണ്ടുപോകാൻ ചക്കിട്ടപാറ പഞ്ചായത്ത് ഭരണസമിതി മുൻകൈ എടുത്ത് വിളിച്ചുചേർത്ത യോഗം വഴിത്തിരിവായി.



​ചക്കിട്ടപാറ പഞ്ചായത്ത് പ്രസിഡന്റ് സ്വാഗതം ആശംസിച്ചു. എം.എൽ.എ. ഫാത്തിമ തഹിലിയ അധ്യക്ഷത വഹിച്ച യോഗം എം.പി. ഷാഫി പറമ്പിൽ ഉദ്ഘാടനം ചെയ്തു. പടിഞ്ഞാറത്തറ പഞ്ചായത്ത് പ്രസിഡന്റ് അസ്മ കെ.കെ. മുഖ്യാതിഥിയായി. വയനാട് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി. ഹംസ മുഖ്യപ്രഭാഷണം നടത്തി.


പ്രതിജ്ഞ പുതുക്കി ജനപ്രതിനിധികൾ

പദ്ധതി പാതിവഴിയിൽ ഉപേക്ഷിക്കില്ലെന്ന് എം.എൽ.എ. ഫാത്തിമ തഹിലിയ ഉറപ്പുനൽകി. ഈ മാസം 30-നുള്ളിൽ തിരുവനന്തപുരത്ത് ബന്ധപ്പെട്ട വകുപ്പ് മന്ത്രിമാരുടെ സാന്നിധ്യത്തിൽ ഉന്നതതല ചർച്ച നടത്തി നിർണ്ണായക തീരുമാനമെടുക്കുമെന്ന് എം.പി. ഷാഫി പറമ്പിൽ പറഞ്ഞു. തുടർനടപടികളുടെ ഭാഗമായി ചക്കിട്ടപാറയിൽ വിപുലമായ കൺവെൻഷൻ വിളിച്ചുചേർക്കാനും യോഗം തീരുമാനിച്ചു.

​കൂരാച്ചുണ്ട്, കൂത്താളി, പേരാമ്പ്ര, ചങ്ങരോത്ത്, ചക്കിട്ടപാറ, പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്തുകളിലെയും പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്തിലെയും കോഴിക്കോട്, വയനാട് ജില്ലാ പഞ്ചായത്തുകളിലെയും പ്രസിഡന്റുമാർ, വൈസ് പ്രസിഡന്റുമാർ, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാർ, വാർഡ് അംഗങ്ങൾ എന്നിവർ യോഗത്തിൽ പങ്കെടുത്തു. വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളും മാധ്യമപ്രവർത്തകരും ഉൾപ്പെടെ വലിയൊരു നിര തന്നെ സന്നിഹിതരായിരുന്നു. ചക്കിട്ടപാറ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജിതേഷ് മുതുകാട് നന്ദി രേഖപ്പെടുത്തി.

​രണ്ട് ജില്ലകളുടെ വികസന കുതിപ്പിന് കാരണമാകുമെന്ന് കരുതുന്ന ഈ റോഡ് യാഥാർത്ഥ്യമായാൽ മലയോര മേഖലയിലെ ഗതാഗത സംവിധാനത്തിൽ വലിയ മാറ്റങ്ങളാകും ഉണ്ടാവുക.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി