കൂരാച്ചുണ്ടിൽ അഞ്ചുപേർക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു; ജാഗ്രതാ നിർദ്ദേശവുമായി ആരോഗ്യവകുപ്പ്
കൂരാച്ചുണ്ട്: കൂരാച്ചുണ്ട് ഗ്രാമപഞ്ചായത്തിൽ അഞ്ചുപേർക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു. പഞ്ചായത്തിലെ വിവിധ വാർഡുകളിലായി രോഗബാധ റിപ്പോർട്ട് ചെയ്ത പശ്ചാത്തലത്തിൽ പ്രദേശത്ത് പ്രതിരോധ പ്രവർത്തനങ്ങളും കൊതുക് നശീകരണ നടപടികളും ആരോഗ്യവകുപ്പ് ഊർജ്ജിതമാക്കിയിട്ടുണ്ട്.
വിവിധ വാർഡുകളിൽ രോഗബാധ
പഞ്ചായത്തിലെ മൂന്ന് വാർഡുകളിലായാണ് നിലവിൽ രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. ഏഴാം വാർഡിൽ ഉൾപ്പെടുന്ന ഇരുപത്തെട്ടാം മൈൽ പ്രദേശത്ത് രണ്ടുപേർക്കും, എട്ടാം വാർഡ് ഇരുപത്തേഴാം മൈൽ മേഖലയിൽ രണ്ടുപേർക്കും ഡെങ്കിപ്പനി ബാധിച്ചതായി കണ്ടെത്തിയിട്ടുണ്ട്. കൂടാതെ ഒമ്പതാം വാർഡിലെ ഇല്ലിപ്പിലായി പ്രദേശത്ത് ഒരാൾക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. രോഗബാധിതർ നിലവിൽ വിദഗ്ദ്ധ ചികിത്സയിലും നിരീക്ഷണത്തിലുമാണ്.
തോട്ടം ഉടമകൾക്കെതിരെ കർശന നടപടി
രോഗവ്യാപനം തടയുന്നതിന്റെ ഭാഗമായി പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ പരിശോധന ശക്തമാക്കി. പനി ബാധിച്ച പ്രദേശങ്ങളിലെ റബ്ബർ തോട്ടങ്ങളിൽ വ്യാപകമായി കൊതുക് വളരുന്ന സാഹചര്യം നിലനിൽക്കുന്നതായി അധികൃതർ കണ്ടെത്തിയിട്ടുണ്ട്. ടാപ്പിംഗ് നടത്താത്ത തോട്ടങ്ങളിൽ ചിരട്ടകൾ മലർത്തിവെക്കാതെ ഉപേക്ഷിച്ച നിലയിലാണ്. ഇതിൽ മഴവെള്ളം കെട്ടിക്കിടന്ന് കൊതുക് മുട്ടയിട്ട് പെരുകുന്നത് തടയാൻ തോട്ടം ഉടമകൾ അടിയന്തരമായി ശ്രദ്ധിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.
ഇത്തരം വീഴ്ചകൾ വരുത്തുന്നവർക്കെതിരെ കർശന നിയമനടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ വ്യക്തമാക്കി. കൊതുക് വളരുന്ന സാഹചര്യം ബോധപൂർവ്വം സൃഷ്ടിക്കുന്ന തോട്ടം ഉടമകൾക്കും വ്യക്തികൾക്കുമെതിരെ 2023-ലെ പൊതുജനാരോഗ്യ നിയമ പ്രകാരം നിയമനടപടികൾ സ്വീകരിക്കുമെന്ന് കൂരാച്ചുണ്ട് സാമൂഹിക ആരോഗ്യ കേന്ദ്രം ഹെൽത്ത് ഇൻസ്പെക്ടർ എ.സി. അരവിന്ദൻ അറിയിച്ചു.
പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതം
ഡെങ്കിപ്പനി റിപ്പോർട്ട് ചെയ്ത വാർഡുകളിൽ ആരോഗ്യപ്രവർത്തകരുടെയും ആശാവർക്കർമാരുടെയും നേതൃത്വത്തിൽ ഉറവിട നശീകരണ പ്രവർത്തനങ്ങളും ബോധവൽക്കരണവും ആരംഭിച്ചിട്ടുണ്ട്. വീട്ടുപറമ്പുകളിലും തോട്ടങ്ങളിലും വെള്ളം കെട്ടിക്കിടക്കുന്ന സാഹചര്യം പൂർണ്ണമായും ഒഴിവാക്കണമെന്നും, ജനങ്ങൾ വ്യക്തിഗത പ്രതിരോധ മാർഗ്ഗങ്ങൾ സ്വീകരിക്കണമെന്നും ആരോഗ്യവകുപ്പ് അഭ്യർത്ഥിച്ചു.

Comments
Post a Comment