മാലിന്യം തള്ളിയവർക്ക് അതേ നാണയത്തിൽ മറുപടി; കഫേ കവാടത്തിൽ മാലിന്യം തിരികെക്കൊണ്ടുതട്ടി പയ്യോളിയിലെ യുവതിയുടെ 'മാസ്സ്' പ്രതിഷേധം
പയ്യോളി: സ്വന്തം പറമ്പിൽ നിരന്തരം മാലിന്യം തള്ളിയവർക്ക് അതേ നാണയത്തിൽ മറുപടി നൽകി സോഷ്യൽ മീഡിയയുടെ കയ്യടി നേടുകയാണ് പയ്യോളി കീഴൂർ സ്വദേശിയായ ഒരു യുവതി. നിയമം കൈയിലെടുക്കാതെ, എന്നാൽ തെറ്റ് ചെയ്തവർക്ക് കൃത്യമായ പാഠം പഠിപ്പിച്ച യുവതിയുടെ വേറിട്ട പ്രതിഷേധത്തിന്റെ വീഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൻതോതിൽ വൈറലാവുകയാണ്.
കോഴിക്കോട് പയ്യോളി കിഴുർ എ.യു.പി സ്കൂളിന് സമീപമുള്ള സ്വകാര്യ പറമ്പിലാണ് സംഭവം. പ്രദേശത്ത് പ്രവർത്തിക്കുന്ന ഒരു കഫേയിൽ നിന്നുള്ള തെങ്ങിൻ തൊണ്ടുകളും മറ്റ് കഫേ അവശിഷ്ടങ്ങളും നിരന്തരം ഈ പറമ്പിൽ കൊണ്ടുവന്ന് തള്ളുകയായിരുന്നു.
മൂന്ന് വട്ടം മുന്നറിയിപ്പ്; എന്നിട്ടും അവഗണന
മഴക്കാലം അടുത്തെത്തിയതോടെ വെള്ളം കെട്ടിക്കിടന്ന് കൊതുക് പെരുകുമെന്ന ആശങ്കയിലായിരുന്നു പറമ്പുടമയായ യുവതി. ഇതേത്തുടർന്ന് മാലിന്യം തള്ളരുതെന്ന് കാണിച്ച് മൂന്ന് തവണയാണ് ഇവർ കഫേ അധികൃതർക്ക് മുന്നറിയിപ്പ് നൽകിയത്. എന്നാൽ ഈ മുന്നറിയിപ്പുകളെല്ലാം കഫേ അധികൃതർ പാടേ അവഗണിക്കുകയാണുണ്ടായത്. തങ്ങളുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ച തിരുത്താൻ കഫേ ജീവനക്കാരോ ഉടമകളോ തയ്യാറാകാതിരുന്നതോടെയാണ് യുവതി ശക്തമായ പ്രതികരണവുമായി രംഗത്തിറങ്ങിയത്.
'മാസ്സ്' പ്രതികരണവുമായി യുവതി
കഫേക്കാരുടെ നിഷേധാത്മക നിലപാട് തുടർന്നതോടെ യുവതി നേരിട്ട് രംഗത്തിറങ്ങി. പറമ്പിൽ കുന്നുകൂടിയ മാലിന്യങ്ങളെല്ലാം സ്വന്തം കൈകൊണ്ട് ചാക്കുകളിലാക്കി യുവതി നേരെ കഫേയുടെ മുന്നിലെത്തിച്ചു. തുടർന്ന് കഫേയുടെ പ്രധാന കവാടത്തിന് മുന്നിൽ തന്നെ അത്രയും മാലിന്യവും തിരികെ തട്ടുകയായിരുന്നു!
"തങ്ങളുടെ പ്രവൃത്തി മറ്റുള്ളവർക്ക് എത്രത്തോളം ബുദ്ധിമുട്ടും മാനസിക വിഷമവും ഉണ്ടാക്കുന്നു എന്ന് അവർക്ക് തന്നെ ബോധ്യപ്പെടുത്തിക്കൊടുക്കാനാണ് ഇത്തരമൊരു വഴി തിരഞ്ഞെടുത്തത്."
— യുവതി വ്യക്തമാക്കുന്നു.

Comments
Post a Comment