വീടും വീട്ടുസാധങ്ങളും എല്ലാം ഞങ്ങൾ റെഡിയാക്കി ഇനി അവരില്ലെന്ന് ഓർക്കുമ്പോൾ മനസ്സ് നീറുന്നു കോതമംഗലം എസ്എച്ച്ഒ കെ ആർ പ്രശാന്ത് കുമാർ
കോതമംഗലം: സാമ്പത്തിക ബുദ്ധിമുട്ടുകൾക്കിടയിലും ജീവിതത്തിലേക്ക് മടങ്ങിവരാൻ പോലീസിന്റെ കൈപിടിച്ചു നടന്നിരുന്ന കുടുംബത്തിന് ദാരുണാന്ത്യം. പിറവം മുളക്കുളം പാലത്തിന് സമീപം മാതാവിനെയും രണ്ട് മക്കളെയും ഭർത്താവിനെയും മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം വലിയ ഞെട്ടലോടെയാണ് കേരളം കേട്ടത്. ഈ നിർധന കുടുംബത്തെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാൻ കഴിഞ്ഞ ദിവസങ്ങളിലുടനീളം രാപ്പകൽ അധ്വാനിച്ച കോതമംഗലം എസ്.എച്ച്.ഒ കെ.ആർ. പ്രശാന്ത് കുമാറും സംഘവും വലിയ വേദനയോടെയാണ് ഈ വാർത്തയെ കാണുന്നത്.
പോലീസിന്റെ കരുതൽ
പാലക്കാട് എലവഞ്ചേരി സ്വദേശികളായ ബിജിമോൾ (44), ഭർത്താവ് നാരായണൻ (51), മക്കളായ നാല് വയസ്സുകാരൻ, എട്ടു വയസ്സുകാരി ഹന്ന എന്നിവരാണ് മരണപ്പെട്ടത്. കോതമംഗലത്ത് വാടക വീടൊഴിയേണ്ടി വന്നതോടെ തീർത്തും പ്രതിസന്ധിയിലായ കുടുംബം ഒന്നര ആഴ്ച മുമ്പാണ് പോലീസിന്റെ സഹായം തേടിയത്. എറണാകുളം ജില്ലാ റൂറൽ പോലീസ് മേധാവിയുടെ നിർദ്ദേശപ്രകാരം എസ്.എച്ച്.ഒയുടെ നേതൃത്വത്തിലുള്ള സംഘം കുടുംബത്തെ ഏറ്റെടുക്കുകയായിരുന്നു.
കാഴ്ചപരിമിതിയുള്ള ബിജിമോൾക്കും കുടുംബത്തിനും സുരക്ഷിതമായി താമസിക്കാൻ ലോഡ്ജിൽ മുറിയെടുത്ത് നൽകുകയും, ഭക്ഷണം, വസ്ത്രം എന്നിവയടക്കമുള്ള എല്ലാ സൗകര്യങ്ങളും പോലീസ് ഒരുക്കുകയും ചെയ്തിരുന്നു. അവർക്ക് പുറംലോകവുമായി ബന്ധപ്പെടാൻ ഒരു മൊബൈൽ ഫോൺ വാങ്ങി നൽകാനും പോലീസ് പദ്ധതിയിട്ടിരുന്നു. ഇതിനായുള്ള തയ്യാറെടുപ്പുകൾക്കിടയിലാണ് ദുരന്തം സംഭവിച്ചത്.
മാറാനിരുന്ന വീട്ടിലേക്ക് പോലീസ് എത്തിയപ്പോൾ...
കുടുംബത്തിന് സ്ഥിരമായി താമസിക്കാൻ ഒരു വാടക വീട് കണ്ടെത്തുന്നതിനായി പോലീസ് ഏറെ നാളായി ശ്രമിക്കുകയായിരുന്നു. ഒടുവിൽ നെല്ലിക്കുഴിയിൽ ഒരു വീട് ശരിയായി. കുടുംബത്തെ കൊണ്ടുപോയി ആ വീട് കാണിക്കുകയും അവർക്ക് അത് ഏറെ ഇഷ്ടപ്പെടുകയും ചെയ്തു. അവിടേക്ക് മാറാനിരുന്ന ദിവസമാണ് പോലീസ് സംഘം അവരെ കാണാൻ ലോഡ്ജിലെത്തുന്നത്. എന്നാൽ, പള്ളിയിൽ പോകാനെന്ന പേരിൽ കുടുംബം നേരത്തെ അവിടെനിന്നും ഇറങ്ങിയതായി അറിയാൻ കഴിഞ്ഞു. വീട്ടുസാധനങ്ങളുമായി എത്തിയ പോലീസ് സംഘത്തിന് ലഭിച്ചത് ഒടുവിൽ അവരുടെ മരണവാർത്തയായിരുന്നു.
തിരിച്ചറിയാൻ വൈകാതെ ലഭിച്ച ദുരന്തവാർത്ത
വെള്ളിയാഴ്ച വൈകീട്ട് പിറവം മുളക്കുളം പാലത്തിന് സമീപം ബിജിമോളുടെയും നാല് വയസ്സുകാരൻ മകന്റെയും മൃതദേഹം കണ്ടെത്തിയതോടെയാണ് സംഭവത്തിന്റെ ഗൗരവം പുറത്തറിഞ്ഞത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഭർത്താവ് നാരായണന്റെയും, ഞായറാഴ്ച രാവിലെ എക്സൈസ് കടവിൽനിന്ന് മകൾ ഹന്നയുടെയും മൃതദേഹം കണ്ടെത്തി. പോലീസ് ഗ്രൂപ്പിൽ വന്ന ചിത്രം കണ്ടാണ് തങ്ങൾ സഹായിച്ചു കൊണ്ടിരുന്ന കുടുംബമാണ് ഇതെന്ന് എസ്.എച്ച്.ഒ തിരിച്ചറിഞ്ഞത്.
കുടുംബത്തിന് വീട് കണ്ടെത്താനും സഹായങ്ങൾ എത്തിക്കാനും മുൻപന്തിയിൽ നിന്നത് സ്റ്റേഷനിലെ പി.ആർ.ഒയും ഡ്രൈവറുമായിരുന്നു. ഒരു കുടുംബത്തെ ജീവിതത്തിലേക്ക് കൈപിടിച്ചുയർത്താൻ സാധ്യമായതെല്ലാം ചെയ്തെങ്കിലും, വിധി അവരെ മരണത്തിലേക്ക് തട്ടിക്കൊണ്ടുപോയതിന്റെ വേദനയിലാണ് പോലീസ് ഉദ്യോഗസ്ഥരും നാട്ടുകാരും.

Comments
Post a Comment