വികസനവും കരുതലുമായി കൂരാച്ചുണ്ട്: വാർഷിക പദ്ധതി ഗ്രാമസഭകൾക്ക് തുടക്കം
കൂരാച്ചുണ്ട്: പതിനാലാം പഞ്ചവത്സര പദ്ധതിയുടെ ഭാഗമായി 2026-27 സാമ്പത്തിക വർഷത്തെ വാർഷിക പദ്ധതികൾക്കായി ഗുണഭോക്തൃ പട്ടിക അംഗീകരിക്കുന്നതിനുള്ള ഗ്രാമസഭകൾക്ക് കൂരാച്ചുണ്ട് പഞ്ചായത്തിൽ തുടക്കമായി. പഞ്ചായത്തിന്റെ വിവിധ വാർഡുകളിൽ നടക്കുന്ന ഗ്രാമസഭകൾക്ക് വൻ ജനപങ്കാളിത്തമാണ് ലഭിക്കുന്നത്.
പഞ്ചായത്ത് ഹാളിൽ നടന്ന പതിനാലാം വാർഡ് ഗ്രാമസഭ പഞ്ചായത്ത് പ്രസിഡന്റ് സിനി ജിനോ ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ ബിന്ദു കുര്യൻ ആനിക്കാട്ട് ഗുണഭോക്തൃ പട്ടിക സഭയിൽ അവതരിപ്പിച്ചു. വികസന പ്രവർത്തനങ്ങൾ സുതാര്യമാക്കുന്നതിനും അർഹരായവരിലേക്ക് സർക്കാർ ആനുകൂല്യങ്ങൾ എത്തിക്കുന്നതിനും ഇത്തരം ഗ്രാമസഭകൾ അത്യന്താപേക്ഷിതമാണെന്ന് പ്രസിഡന്റ് സിനി ജിനോ പറഞ്ഞു.
സ്റ്റാൻഡിംഗ് കമ്മിറ്റി അധ്യക്ഷരായ ബിന്ദുമോൾ തോമസ് കളപ്പുരക്കൽ, ചെറിയാൻ ജോസഫ് അറക്കൽ എന്നിവരും, വാർഡ് കൺവീനർ തോമസ് ആനിക്കാട്ടും ചടങ്ങിൽ സംസാരിച്ചു. തുടർന്ന് നടന്ന ആരോഗ്യ ബോധവത്കരണ സെമിനാറിന് ഹെൽത്ത് ഇൻസ്‌പെക്ടർ അരവിന്ദൻ എ.സി നേതൃത്വം നൽകി.
35 പദ്ധതികൾ ലക്ഷ്യമിടുന്നു
ഗ്രാമ-ബ്ലോക്ക്-ജില്ലാ പഞ്ചായത്തുകൾ സംയുക്തമായി നടപ്പിലാക്കുന്ന 35ഓളം വികസന പദ്ധതികളാണ് 2026-27 സാമ്പത്തിക വർഷത്തേക്കായി ആസൂത്രണം ചെയ്തിരിക്കുന്നത്. കൃഷി, മൃഗസംരക്ഷണം, ക്ഷീര വികസനം, ദാരിദ്ര്യ ലഘൂകരണം, സാമൂഹിക സുരക്ഷിതത്വം, ചെറുകിട വ്യവസായം, ആരോഗ്യം, ശുചിത്വം എന്നീ മേഖലകൾക്കാണ് ഇത്തവണ മുൻഗണന നൽകുന്നത്.
പഞ്ചായത്തിലെ മുഴുവൻ വാർഡുകളിലെയും ഗ്രാമസഭകൾ ഈ മാസം 30-ഓടെ പൂർത്തീകരിക്കുന്ന രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്. തങ്ങളുടെ വാർഡുകളിൽ നടപ്പിലാക്കേണ്ട വികസന നിർദ്ദേശങ്ങൾ സമർപ്പിക്കാനും, ഗുണഭോക്തൃ പട്ടികയിൽ അർഹരായവർ ഉൾപ്പെട്ടിട്ടുണ്ടെന്ന് ഉറപ്പുവരുത്താനും ഗ്രാമസഭകളിൽ പങ്കെടുക്കാൻ മുഴുവൻ നാട്ടുകാരോടും പഞ്ചായത്ത് ഭരണസമിതി അഭ്യർത്ഥിച്ചു.

Comments
Post a Comment