വിദേശ ജോലി വാഗ്ദാനം; ലക്ഷങ്ങൾ തട്ടിയ കേസിൽ മൂന്നുപേർക്കെതിരെ കൂരാച്ചുണ്ട് പോലീസ് കേസെടുത്തു
കൂരാച്ചുണ്ട്: സ്വിറ്റ്സർലൻഡിലെ പ്രമുഖ ചോക്ലേറ്റ് കമ്പനിയിൽ ജോലി വാഗ്ദാനം ചെയ്ത് യുവാവിൽ നിന്ന് ലക്ഷങ്ങൾ തട്ടിയെടുത്ത സംഭവത്തിൽ മൂന്നുപേർക്കെതിരെ കുരാച്ചുണ്ട് പോലീസ് കേസെടുത്തു. ചെമ്പ്ര കോക്കുന്നുമ്മൽ സ്വദേശി കെ.ആർ. ഷാജിയുടെ പരാതിയിലാണ് പോലീസ് നടപടി.
സ്വിറ്റ്സർലൻഡിലെ 'വൊളയൻ വൈഡർ ചോക്ലേറ്റ്' (Volyan Wider Chocolate) കമ്പനിയിൽ ജോലി ശരിയാക്കി നൽകാമെന്ന് വിശ്വസിപ്പിച്ച് ഷാജിയിൽ നിന്ന് 3,25,000 രൂപ പ്രതികൾ കൈക്കലാക്കിയെന്നാണ് പരാതി. സംഭവത്തിൽ നരിനട മേനാച്ചേരി സ്വദേശി എം.എൽ. ഷാബു, മുംബൈ സ്വദേശികളായ ബിന്ദു ഗാസി, ദുവാ ഗാസി എന്നിവർക്കെതിരെയാണ് കുരാച്ചുണ്ട് പോലീസ് വഞ്ചനാക്കുറ്റത്തിന് കേസെടുത്തിരിക്കുന്നത്.
ഷാജിയെ കൂടാതെ മറ്റ് പലരിൽ നിന്നും ഇതേ രീതിയിൽ ലക്ഷക്കണക്കിന് രൂപ ഇവർ തട്ടിയെടുത്തതായി സൂചനയുണ്ട്. വിദേശത്ത് ഉയർന്ന ശമ്പളത്തിലുള്ള ജോലി വാഗ്ദാനം ചെയ്താണ് പ്രതികൾ തട്ടിപ്പ് നടത്തിയത്. സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചതായും കുറ്റക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും കുരാച്ചുണ്ട് പോലീസ് അറിയിച്ചു.

Comments
Post a Comment