മാനത്തിന് വില കൽപ്പിച്ച് ഒരു ചായക്കച്ചവടക്കാരൻ; തൃപ്പൂണിത്തറയിൽ കണ്ടത് അപൂർവ്വ മനുഷ്യസ്നേഹം
തൃപ്പൂണിത്തുറ: സഹജീവി സ്നേഹത്തിന്റെ ഉദാത്തമായ മാതൃകയായി തൃപ്പൂണിത്തറയിലെ ഒരു ചായക്കച്ചവടക്കാരൻ. അപകടത്തിൽപ്പെട്ട് വസ്ത്രങ്ങൾ കീറിപ്പോയ സ്ത്രീക്ക് അടിയന്തരമായി തന്റെ ഉടുമുണ്ട് നൽകി മാന്യത കാത്തുസൂക്ഷിക്കാൻ എം.ആർ. ഷാജി കാണിച്ച മനസ്സ് ഇപ്പോൾ നാടാകെ ചർച്ചയാവുകയാണ്. കിഴക്കേക്കോട്ട മരട്ടിപ്പറമ്പ് സ്വദേശിയാണ് ഷാജി.
ഇന്നലെ ഉച്ചയോടെ തൃപ്പൂണിത്തുറ സ്റ്റാച്യു ജംക്‌ഷനിലാണ് സംഭവം നടന്നത്. സൈക്കിളിൽ വിവിധ കടകളിലേക്ക് ചായ വിതരണം ചെയ്യാൻ പോവുകയായിരുന്നു ഷാജി. ഇതിനിടയിലാണ് റോഡിൽ ദാരുണമായ ഒരു അപകടം സംഭവിക്കുന്നത്. റോഡിലൂടെ പോകുകയായിരുന്ന സ്ത്രീ ബസിനടിയിലേക്ക് വീഴുകയും, ബസ് അവരെ ഏതാനും മീറ്ററുകളോളം റോഡിലൂടെ വലിച്ചിഴച്ചു കൊണ്ടുപോവുകയും ചെയ്തു.
അപകടത്തിന്റെ ആഘാതത്തിൽ സ്ത്രീയുടെ വസ്ത്രങ്ങൾ പൂർണമായും കീറിപ്പോയിരുന്നു. രക്തത്തിൽ കുളിച്ച് റോഡിൽ കിടന്ന സ്ത്രീയെ എഴുന്നേൽപ്പിക്കാൻ നാട്ടുകാർ ഓടിയെത്തിയെങ്കിലും, വസ്ത്രങ്ങൾ കീറിയ നിലയിലായതിനാൽ അവർ പ്രയാസത്തിലായി. ഈ കാഴ്ച കണ്ട ഷാജി ഒട്ടും വൈകാതെ തന്നെ താൻ ഉടുത്തിരുന്ന മുണ്ട് അഴിച്ചെടുത്ത് ആ സ്ത്രീയെ പുതപ്പിക്കുകയായിരുന്നു.
ഷാജിയുടെ ഈ പെട്ടെന്നുള്ള ഇടപെടൽ ആ സ്ത്രീയുടെ മാനം കാത്തു. തുടർന്ന് നാട്ടുകാരുടെ സഹായത്തോടെ അപകടത്തിൽപ്പെട്ട സ്ത്രീയെ ഉടൻ തന്നെ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. സ്ത്രീക്ക് മുണ്ട് നൽകിയ ശേഷം, പിന്നീട് സമീപത്തെ കടയിൽ നിന്ന് മറ്റൊരു മുണ്ട് വാങ്ങിയാണ് ഷാജി തന്റെ ജോലി തുടർന്നത്.
ഒട്ടും ആലോചിക്കാതെ സ്വന്തം കാര്യം നോക്കാതെ, അപകടത്തിൽപ്പെട്ട ഒരു സഹജീവിയുടെ അന്തസ്സ് കാത്തുസൂക്ഷിക്കാൻ ഷാജി കാണിച്ച ഈ പ്രവൃത്തി വലിയ തോതിലാണ് സമൂഹമാധ്യമങ്ങളിലും മറ്റും പ്രശംസിക്കപ്പെടുന്നത്. അടിയന്തര സാഹചര്യത്തിൽ പതറാതെ പ്രവർത്തിച്ച ഷാജിയെ അഭിനന്ദനങ്ങൾ കൊണ്ട് മൂടുകയാണ് നാട്ടുകാർ.

Comments
Post a Comment