ആംബുലൻസിലും വില്ലനായി ഹൃദയാഘാതം; ആശുപത്രിയിലെത്തിക്കും മുൻപേ ആ കുരുന്നുജീവൻ പൊലിഞ്ഞു
മുംബൈ: ഉമർഗാമിൽ സ്ഥിരതാമസമാക്കിയ അടൂർ സ്വദേശികളായ ദമ്പതികളുടെ ഏക മകൾ ഇഷാനി (14) ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു. അടൂർ സ്വദേശി ഗിരീഷ് നായരുടെയും രേഷ്മയുടെയും മകളാണ്. ശാരീരിക അസ്വസ്ഥതകളെ തുടർന്ന് ബോയ്‌സറിലെ പ്രാദേശിക ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു.
വിദഗ്ദ്ധ ചികിത്സയ്ക്കായി മുംബൈയിലെ പ്രമുഖ ആശുപത്രിയിലേക്ക് മാറ്റാൻ ഡോക്ടർമാർ നിർദ്ദേശിച്ചതിനെ തുടർന്ന് ആംബുലൻസിൽ കൊണ്ടുപോകുന്നതിനിടെയാണ് ആരോഗ്യനില വഷളായത്. യാത്രാമധ്യേ കുട്ടിക്ക് രണ്ടുതവണ ഹൃദയാഘാതമുണ്ടായതായാണ് വിവരം. തുടർന്ന് അതീവ ഗുരുതരാവസ്ഥയിൽ മുംബൈയിലെ വോക്കാർഡ് ആശുപത്രിയിൽ എത്തിച്ചു.
ഡോക്ടർമാരുടെ വിദഗ്ദ്ധ സംഘം കുട്ടിയുടെ ജീവൻ രക്ഷിക്കാൻ പരമാവധി ശ്രമിച്ചെങ്കിലും, ആശുപത്രിയിൽ വെച്ചുണ്ടായ മൂന്നാമത്തെ ഹൃദയാഘാതം ആ കുരുന്നുജീവനെ കവർന്നെടുക്കുകയായിരുന്നു.
തങ്ങളുടെ ഏക മകളുടെ അപ്രതീക്ഷിത വിയോഗത്തിൽ ഉലഞ്ഞുപോയ മാതാപിതാക്കളെ ആശ്വസിപ്പിക്കാൻ പോലുമാകാതെ പ്രവാസി മലയാളി സമൂഹം ഒന്നടങ്കം കണ്ണീരിലാണ്. മൃതദേഹം നിലവിൽ വോക്കാർഡ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. നിയമനടപടികൾ പൂർത്തിയാക്കിയ ശേഷം ഭൗതികശരീരം ജന്മനാടായ കേരളത്തിലേക്ക് കൊണ്ടുപോകുമെന്നും മരണാനന്തര ചടങ്ങുകൾ പിന്നീട് നാട്ടിൽ വെച്ച് നടക്കുമെന്നും ബന്ധുക്കൾ അറിയിച്ചു.

Comments
Post a Comment