സ്വപ്നങ്ങൾ പാതിവഴിയിൽ പൊലിഞ്ഞു; വിവാഹ നിശ്ചയത്തിന് പിന്നാലെ പത്തൊൻപതുകാരി എലിവിഷം കഴിച്ച് മരിച്ചു
ചെറുവത്തൂർ: പഠിച്ച് സ്വന്തം കാലിൽ നിൽക്കണമെന്ന ആഗ്രഹത്തിന് കുടുംബം വിലങ്ങിട്ടതിൽ മനംനൊന്ത് കോളേജ് വിദ്യാർത്ഥിനി ജീവനൊടുക്കി. ചെറുവത്തൂർ പയ്യങ്കി സ്വദേശിനിയും കൈതക്കാട് അൽവർദ വിമൻസ് കോളേജ് വിദ്യാർത്ഥിനിയുമായ മുബഷിറ (19) ആണ് മംഗളൂരുവിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരണപ്പെട്ടത്. കഴിഞ്ഞ ജൂൺ രണ്ടിനാണ് പെൺകുട്ടി വീട്ടിൽ വെച്ച് എലിവിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്.
പഠനം നിഷേധിച്ചുള്ള വിവാഹാലോചന; കടുംകൈക്ക് പ്രേരിപ്പിച്ചു
ഉപരിപഠനം പൂർത്തിയാക്കി ഒരു ജോലി സമ്പാദിക്കുക എന്നതായിരുന്നു മുബഷിറയുടെ ലക്ഷ്യം. എന്നാൽ, പെൺകുട്ടിയുടെ താല്പര്യങ്ങൾക്ക് വിരുദ്ധമായി വീട്ടുകാർ ഒരു മദ്രസ അധ്യാപകനുമായി വിവാഹം നിശ്ചയിക്കുകയായിരുന്നു. പഠനം പാതിവഴിയിൽ ഉപേക്ഷിച്ച്, ഇഷ്ടമില്ലാത്ത വിവാഹ ജീവിതത്തിലേക്ക് നിർബന്ധപൂർവ്വം തള്ളിയിടപ്പെടുന്നതിലുള്ള കടുത്ത മാനസിക വിഷമത്തിലാണ് പെൺകുട്ടി കടുംകൈ ചെയ്തതെന്നാണ് പ്രാഥമിക വിവരം.
ജൂൺ രണ്ടിന് വിഷം ഉള്ളിൽച്ചെന്ന നിലയിൽ കണ്ടെത്തിയ മുബഷിറയെ ഉടൻ തന്നെ ചെറുവത്തൂരിലെ സ്വകാര്യ ആശുപത്രിയിലും, പിന്നീട് സ്ഥിതി വഷളായതിനെ തുടർന്ന് വിദഗ്ദ്ധ ചികിത്സയ്ക്കായി മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ദിവസങ്ങളോളം തീവ്രപരിചരണ വിഭാഗത്തിൽ ജീവനായി പോരാടിയെങ്കിലും ബുധനാഴ്ച വൈകുന്നേരത്തോടെ മരണത്തിന് കീഴടങ്ങുകയായിരുന്നു.
ചന്തേര പോലീസ് അന്വേഷണം ആരംഭിച്ചു
സംഭവത്തിൽ ചന്തേര പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പെൺകുട്ടിയുടെ ആത്മഹത്യയിലേക്ക് നയിച്ച കൃത്യമായ കാരണങ്ങൾ കണ്ടെത്താനായി സഹപാഠികൾ, അധ്യാപകർ, ബന്ധുക്കൾ എന്നിവരിൽ നിന്നും പോലീസ് വിശദമായ മൊഴിയെടുക്കും. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം പോസ്റ്റ്‌മോർട്ടം നടത്തി ബന്ധുക്കൾക്ക് വിട്ടുനൽകി. പയ്യങ്കി ജുമാമസ്ജിദ് ഖബർസ്ഥാനിൽ സംസ്കാരം നടന്നു.
നാടിനെ നടുക്കി പെൺകുട്ടികളുടെ ആത്മഹത്യകൾ; ഉയരുന്ന സാമൂഹിക ആശങ്ക
മുബഷിറയുടെ വിയോഗം കാസർഗോഡ് ജില്ലയിൽ, പ്രത്യേകിച്ച് തീരദേശ മേഖലകളിൽ വർദ്ധിച്ചുവരുന്ന പെൺകുട്ടികളുടെ ആത്മഹത്യകളിലേക്ക് വീണ്ടും വിരൽ ചൂണ്ടുകയാണ്. 19 മുതൽ 25 വയസ്സുവരെയുള്ള പെൺകുട്ടികളാണ് ഈ അടുത്തകാലത്തായി കടുത്ത മാനസിക സമ്മർദ്ദങ്ങളെ തുടർന്ന് ഈ പ്രദേശങ്ങളിൽ ജീവനൊടുക്കുന്നത്.
കഴിഞ്ഞ ദിവസമാണ് പടന്ന സ്വദേശിനിയും ഇരുപത്തിനാലുകാരിയുമായ ഫാത്തിമത്ത് സുഹൈദ ഭർതൃവീട്ടിൽ വെച്ച് ആസിഡ് കഴിച്ച് മരിച്ചത്. ഒന്നാം വിവാഹവാർഷികത്തിന് ഒരു ദിവസം മാത്രം ബാക്കിനിൽക്കെയായിരുന്നു സുഹൈദയുടെ ദാരുണാന്ത്യം. ഇതിന് പുറമെ സമീപകാലത്തായി മാത്രം സമാനമായ സാഹചര്യങ്ങളിലും ഭർതൃവീടുകളിലെ മാനസിക പീഡനങ്ങളിലും മനംനൊന്ത് അഞ്ചോളം പെൺകുട്ടികളാണ് ഈ മേഖലകളിൽ ജീവനൊടുക്കിയത്.
പുതിയ തലമുറയിലെ പെൺകുട്ടികൾ വിദ്യാഭ്യാസത്തിനും സാമ്പത്തിക സ്വാതന്ത്ര്യത്തിനും വലിയ പ്രാധാന്യം നൽകുമ്പോൾ, അവരുടെ സ്വപ്നങ്ങളെയും മാനസികാവസ്ഥയെയും ഉൾക്കൊള്ളാൻ കുടുംബങ്ങൾ തയ്യാറാകാത്തതാണ് ഇത്തരം ദുരന്തങ്ങൾക്ക് വഴിവെക്കുന്നതെന്ന ചർച്ചയും നാട്ടിൽ ശക്തമാവുകയാണ്.

Comments
Post a Comment