യാത്രക്കാരുടെ ജീവന് കാവലായി അനാമിക ബസ് ജീവനക്കാർ; കാക്കൂരിലേക്ക് പാഞ്ഞെത്തിച്ച് മാതൃകയായി കൂരാച്ചുണ്ട് സ്വദേശികൾ
കൂരാച്ചുണ്ട്: ഓടി കൊണ്ടിരുന്ന ബസിനുള്ളിൽ പെട്ടെന്ന് കുഴഞ്ഞുവീണ വനിതാ യാത്രക്കാരിക്ക് തുണയായി ബസ് ജീവനക്കാരും സഹയാത്രികരും. കോഴിക്കോട്ടുനിന്നും ബാലുശ്ശേരി വഴി കൂട്ടാലിടയിലേക്ക് സർവീസ് നടത്തുന്ന കെ.എൽ 59 എൻ 4111 'അനാമിക' ബസിലാണ് മനുഷ്യത്വത്തിന്റെ മാതൃകാപരമായ ഈ സംഭവം അരങ്ങേറിയത്. സമയോചിതമായ ഇടപെടലിലൂടെ മാതൃകയായത് കൂരാച്ചുണ്ട് സ്വദേശികളായ ബസ് ജീവനക്കാരാണ്.
കോഴിക്കോട്ടുനിന്നും പുറപ്പെട്ട ബസ് ചേളന്നൂർ 7/2 (ഏഴേ രണ്ട്) പരിസരത്ത് എത്തിയപ്പോഴാണ് സംഭവം. ബസിനുള്ളിൽ യാത്ര ചെയ്യുകയായിരുന്ന ഒരു സ്ത്രീ പെട്ടെന്ന് തലകറങ്ങി കുഴഞ്ഞുവീഴുകയായിരുന്നു. തൊട്ടടുത്തുണ്ടായിരുന്ന മറ്റ് വനിതാ യാത്രക്കാർ ചേർന്ന് ഇവരെ താങ്ങിനിർത്തുകയും മുഖത്ത് വെള്ളം തളിക്കുകയും ചെയ്‌തെങ്കിലും ബോധം വീണ്ടെടുക്കാൻ സാധിച്ചില്ല.
സമയം ഒട്ടും കളയാനില്ലെന്ന് മനസ്സിലാക്കിയ ബസ് കണ്ടക്ടർ കൂരാച്ചുണ്ട് സ്വദേശിയായ ജിനീഷ്, ഒരൊറ്റ നിമിഷം പോലും വൈകാതെ ബസ് നേരെ അടുത്തുള്ള ആശുപത്രിയിലേക്ക് വിടാൻ ഡ്രൈവർ ഷിഗിന് നിർദ്ദേശം നൽകുകയായിരുന്നു. യാത്രാ തടസ്സങ്ങൾ അവഗണിച്ച്, ബസിലുണ്ടായിരുന്ന മുഴുവൻ യാത്രക്കാരും ഈ തീരുമാനത്തോട് പൂർണ്ണമായി സഹകരിച്ചു. മറ്റ് സ്റ്റോപ്പുകളിലൊന്നും നിർത്താതെ, അതീവ ജാഗ്രതയോടെ ഡ്രൈവർ ഷിഗിൻ ബസ് നേരെ കാക്കൂരിലുള്ള കാക്കൂർ സഹകരണ ആശുപത്രിയിലേക്ക് ഓടിച്ചു കയറ്റി.
ആശുപത്രിയിലെത്തിച്ച ഉടൻ തന്നെ ജീവനക്കാരായ ജിനീഷ്, ഷിഗിൻ, നൗഫൽ എന്നിവരും യാത്രക്കാരും ചേർന്ന് രോഗിയെ അത്യാഹിത വിഭാഗത്തിലേക്ക് മാറ്റി. ബസിലെ മറ്റൊരു ജീവനക്കാരനായ കൂരാച്ചുണ്ട് സ്വദേശി നൗഫൽ സ്ത്രീക്ക് ആവശ്യമായ ചികിത്സാ സഹായങ്ങൾ ഉറപ്പാക്കുന്നതിനായി ആശുപത്രിയിൽ തുടർന്നു. ഏതാണ്ട് അര മണിക്കൂറിലേറെ നേരം ബസ് ആശുപത്രി പരിസരത്ത് നിർത്തിയിട്ട ശേഷമാണ്, രോഗിയുടെ നില സുരക്ഷിതമാണെന്ന് ഉറപ്പുവരുത്തി ബസ് യാത്ര പുനരാരംഭിച്ചത്.
തങ്ങളുടെ ലക്ഷ്യസ്ഥാനത്ത് എത്താൻ വൈകുമെന്നിരിക്കിലും, ഒരു സഹജീവിയുടെ ജീവൻ രക്ഷിക്കാൻ ഒറ്റക്കെട്ടായി നിന്ന യാത്രക്കാരുടെയും, കൃത്യമായ സമയത്ത് ശരിയായ തീരുമാനമെടുത്ത് ബസ് ആശുപത്രിയിലേക്ക് തിരിച്ചുവിട്ട കൂരാച്ചുണ്ട് സ്വദേശികളായ അനാമിക ബസിലെ ജീവനക്കാരുടെയും പ്രവൃത്തിക്ക് നാട്ടുകാരും സോഷ്യൽ മീഡിയയും ഒന്നടങ്കം അഭിനന്ദനങ്ങൾ ചൊരിയുകയാണ്.

Comments
Post a Comment