കൊയിലാണ്ടിയിൽ സിനിമാ സ്റ്റൈലിൽ ചേസിങ്: നികുതി വെട്ടിച്ച് കടത്തിയ 6000 ലിറ്റർ മാഹി ഡീസലുമായി ലോറി ജിഎസ് ടി സംഘം പിടികൂടി; രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ വീട്ടു മതിൽ ഇടിച്ചുതകർത്തു
കൊയിലാണ്ടി: മാഹിയിൽ നിന്ന് നികുതി വെട്ടിച്ച് കടത്തുകയായിരുന്ന വൻ ഡീസൽ ശേഖരം സിനിമാ സ്റ്റൈലിൽ പിന്തുടർന്ന് പിടികൂടി ജിഎസ് ടി എൻഫോഴ്സ്മെന്റ് വിഭാഗം. ജിഎസ് ടി ഉദ്യോഗസ്ഥരുടെ വാഹനം ഇടിച്ചുതെറിപ്പിക്കാൻ ശ്രമിച്ച് അതിവേഗതയിൽ പാഞ്ഞ ലോറി നിയന്ത്രണം വിട്ട് വീടിന്റെ മതിൽ ഇടിച്ചുതകർത്തു. ഇന്ന് പുലർച്ചെ നാല് മണിയോടെ ദേശീയപാതയിൽ നന്തിക്ക് സമീപമാണ് നാടകീയ സംഭവങ്ങളുടെ തുടക്കം. ആറായിരം ലിറ്റർ ഡീസൽ അടങ്ങിയ 'കെഎൽ 18 എബി 1317' നമ്പർ ലോറിയാണ് കസ്റ്റഡിയിലെടുത്തത്.
ദേശീയപാതയിൽ നന്തിക്ക് സമീപം ജിഎസ് ടി എൻഫോഴ്സ്മെന്റ് വിഭാഗം പതിവ് വാഹന പരിശോധന നടത്തുന്നതിനിടെയാണ് സംശയാസ്പദമായ രീതിയിൽ ലോറി എത്തിയത്. ഉദ്യോഗസ്ഥർ കൈകാണിച്ചെങ്കിലും നിർത്താതെ അമിത വേഗതയിൽ മുന്നോട്ട് പാഞ്ഞു. ജിഎസ് ടി സംഘം തങ്ങളെ പിന്തുടരുന്നുണ്ടെന്ന് മനസ്സിലാക്കിയതോടെ ഉദ്യോഗസ്ഥരുടെ വാഹനം ഇടിച്ചുതകർക്കാനും അക്രമിക്കാനും ലോറിയിലുണ്ടായിരുന്നവർ ശ്രമം നടത്തി.
എന്നാൽ പിന്മാറാൻ തയ്യാറാകാതിരുന്ന എൻഫോഴ്സ്മെന്റ് സംഘം ലോറിയെ സിനിമാ സ്റ്റൈലിൽ പിന്തുടരുകയായിരുന്നു (Chase). തുടർന്ന് ലോറിക്ക് കുറുകെ സ്വന്തം വാഹനം നിർത്തി തടയാൻ ഉദ്യോഗസ്ഥർ ശ്രമിച്ചെങ്കിലും, ലോറി വെട്ടിച്ച് വീണ്ടും അതിവേഗത്തിൽ കുതിച്ചുപാഞ്ഞു. ഒടുവിൽ കൊല്ലം-നെല്ല്യാടി റോഡിൽ നരിമുക്കിൽ വെച്ച് നിയന്ത്രണം വിട്ട ലോറി വലിയവയലിൽ പ്രീതാ സൗധത്തിൽ പി.കെ ശിവന്റെ വീട്ടു മതിൽ ശക്തമായി ഇടിച്ചുതകർത്ത് നിൽക്കുകയായിരുന്നു.
ഇടിടെയുണ്ടായ ആഘാതത്തിൽ ലോറിയുടെ മുൻഭാഗം തകർന്നിട്ടുണ്ട്. അപകടം നടന്നയുടൻ ലോറി ഡ്രൈവറും കൂടെയുണ്ടായിരുന്ന ആളും ഇരുട്ടിന്റെ മറവിൽ ഓടി രക്ഷപ്പെട്ടു. ലോറി ഓടിച്ച ഡ്രൈവർക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് വിവരം. വിവരമറിഞ്ഞ് കൊയിലാണ്ടി പോലീസ് സ്ഥലത്തെത്തി ലോറി കസ്റ്റഡിയിലെടുത്തു. ലോറിയിൽ നടത്തിയ പരിശോധനയിലാണ് മാഹിയിൽ നിന്ന് രേഖകളില്ലാതെ കടത്തുകയായിരുന്ന ആറായിരം ലിറ്റർ ഡീസൽ കണ്ടെടുത്തത്.
എൻഫോഴ്സ്മെന്റ് ഇൻസ്പെക്ടർ ജി.വി. പ്രമോദ്, അസിസ്റ്റന്റ് എൻഫോഴ്സ്മെന്റ് ഇൻസ്പെക്ടർമാരായ ടി.പി. ലിതീഷ്, പി.കെ. ഷിജിൽ കുമാർ, ഡ്രൈവർ രാഗേഷ് എന്നിവരടങ്ങിയ ജിഎസ് ടി സംഘമാണ് സാഹസികമായി ലോറി പിടികൂടിയത്. സംഭവത്തിൽ ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിനും നികുതി വെട്ടിപ്പിനും കൊയിലാണ്ടി പോലീസിൽ ഉദ്യോഗസ്ഥർ പരാതി നൽകിയിട്ടുണ്ട്. പ്രതികൾക്കായി പോലീസ് അന്വേഷണം ഊർജ്ജിതമാക്കി.

Comments
Post a Comment