പ്രവാസഭൂമിയിൽ ഒറ്റപ്പെട്ട് 40 വർഷം അജ്ഞാതനായി കഴിഞ്ഞ കോഴിക്കോട്; നാദാപുരം സ്വദേശി കുവൈത്തിൽ നിര്യാതനായി
കോഴിക്കോട്: കഴിഞ്ഞ നാല് പതിറ്റാണ്ടായി പ്രവാസ മണ്ണിൽ അജ്ഞാതനായി കഴിഞ്ഞിരുന്ന മലയാളി കുവൈത്തിൽ അന്തരിച്ചു. കോഴിക്കോട് നാദാപുരം ആവടിമുക്ക് സ്വദേശി ഹമീദ് ഇരുന്നായിരിമ്മൽ (65) ആണ് മരിച്ചത്.
ഇറാഖ് അധിനിവേശത്തിന് മുൻപ് കുവൈത്തിൽ എത്തിയ ഹമീദ്, അജ്ഞാതമായ കാരണങ്ങളാൽ നീണ്ട നാപ്പത് വർഷമായി നാട്ടിലേക്കോ വീട്ടിലേക്കോ മടങ്ങുകയോ ബന്ധപ്പെടുകയോ ചെയ്തിരുന്നില്ല. ഇത്രയും കാലം പ്രവാസ ലോകത്ത് എന്ത് സംഭവിച്ചുവെന്നത് നിഗൂഢമായി തുടരുകയാണ്.
മരണവിവരം അറിഞ്ഞതിനെ തുടർന്ന് കുവൈത്ത് കെ.എം.സി.സി ഹെൽപ്പ് ഡെസ്ക് വിഷയത്തിൽ ഇടപെടുകയായിരുന്നു. തുടർച്ചയായി നടത്തിയ അന്വേഷണത്തിനൊടുവിൽ വിരലടയാള പരിശോധനയിലൂടെയാണ് ഇദ്ദേഹത്തിന്റെ വ്യക്തിഗത വിവരങ്ങൾ ലഭ്യമായത്. ഇത് വഴി നാദാപുരം സ്വദേശിയാണെന്ന് തിരിച്ചറിയുകയും ബന്ധുക്കളെ കണ്ടെത്തുകയുമായിരുന്നു.
മുഹമ്മദ്, മമ്മു, സുബൈദ, പാത്തു എന്നിവരാണ് സഹോദരങ്ങൾ. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ കെ.എം.സി.സി ഹെൽപ്പ് ഡെസ്കിന്റെ നേതൃത്വത്തിൽ പുരോഗമിക്കുകയാണ്. പതിറ്റാണ്ടുകളായി നാട്ടുകാരെയും വീട്ടുകാരെയും കാണാതെ പ്രവാസലോകത്ത് ഒളിച്ചിരുന്ന ഹമീദിന്റെ വേർപാട് പ്രവാസികൾക്കിടയിൽ വലിയ വേദനയാണ് ഉണർത്തുന്നത്.

Comments
Post a Comment