'കൈ പിടിച്ച് തിരിച്ചു, വീണ്ടും തല്ലണോ എന്ന് ചോദിച്ചു'; 40 രൂപയുടെ പേരിൽ ഊബർ ഡ്രൈവർ കാട്ടിയത് അന്തസ്സില്ലാത്ത ക്രൂരത
ഓൺലൈൻ ടാക്സി സർവീസായ ഊബർ യാത്രയ്ക്കിടയില്‍ യാത്രാക്കൂലിയെച്ചൊല്ലിയുള്ള തർക്കത്തിനൊടുവില്‍ യുവതിക്ക് ഡ്രൈവറുടെ ക്രൂരമർദ്ദനം. ആപ്പ് കാണിച്ച തുകയേക്കാൾ അധികമായി ആവശ്യപ്പെട്ട 40 രൂപ നൽകാൻ വിസമ്മതിച്ചതിനാണ് യുവതിയെ ഡ്രൈവർ ശാരീരികമായി ഉപദ്രവിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തത്.
ശിവാനി എന്ന യുവതി തനിക്കുണ്ടായ ഈ ഞെട്ടിക്കുന്ന ദുരനുഭവം ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ വീഡിയോ സഹിതം പങ്കുവെച്ചതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്. ഇത് വെറുമൊരു സർവീസ് പ്രശ്നമല്ലെന്നും സ്ത്രീകളുടെ സുരക്ഷയെ ബാധിക്കുന്ന ഗുരുതരമായ വിഷയമാണെന്നും യുവതി വ്യക്തമാക്കുന്നു.
കാർ ലോക്ക് ചെയ്ത് ഭീഷണി; പിന്നാലെ മർദ്ദനവും
ആപ്പിൽ കാണിച്ച കൃത്യമായ തുക നൽകാൻ തയ്യാറായിട്ടും ഡ്രൈവർ കൂടുതൽ പണത്തിനായി വാശിപിടിക്കുകയായിരുന്നു എന്ന് യുവതി പറയുന്നു. സംഭവത്തെക്കുറിച്ച് ശിവാനി വിവരിക്കുന്നത് ഇങ്ങനെ:
"ഊബർ ആപ്പില്‍ കാണിച്ച യാത്രാക്കൂലി 501 രൂപയായിരുന്നു. എന്നാല്‍ യാത്രയ്ക്കൊടുവില്‍ ഡ്രൈവർ 40 രൂപ കൂടി അധികം ആവശ്യപ്പെട്ടു. ഞാൻ ഇത് നല്‍ക്കാൻ വിസമ്മതിച്ചതോടെ അയാള്‍ കാർ ലോക്ക് ചെയ്യാൻ ശ്രമിച്ചു. പിന്നീട് കാറില്‍ നിന്നിറങ്ങി എന്നെ ഭയപ്പെടുത്താനായി എന്റെ അരികിലേക്ക് നീങ്ങിനിന്നു. സ്വയരക്ഷയ്ക്കായി ഞാൻ അയാളെ പിന്നോട്ട് തള്ളി. അതിനുശേഷം നടന്നത് വെറുമൊരു വാക്കുതർക്കം മാത്രമായിരുന്നില്ല. അയാള്‍ എന്നെ ക്രൂരമായി തല്ലുകയും എന്റെ കൈ പിടിച്ച് തിരിച്ച് വേദനിപ്പിക്കുകയും ചെയ്തു. എന്നിട്ട് 'വീണ്ടും തല്ലണോ?' എന്ന് ചോദിച്ച് ഭീഷണിപ്പെടുത്തി."
പരിക്കേറ്റ യുവതി ഉടൻ തന്നെ ഓഫീസിലെ സഹപ്രവർത്തകരെ വിളിച്ചുവരുത്തുകയായിരുന്നു. തുടർന്ന് വഴിപോക്കരായ രണ്ടുമൂന്ന് പേർ ഇടപെട്ടാണ് അക്രമിയായ ഡ്രൈവറെ പിന്തിരിപ്പിച്ചത്. എന്നാല്‍ ഈ അക്രമത്തിന് ശേഷവും ഡ്രൈവർക്ക് യാതൊരു പശ്ചാത്താപവും ഉണ്ടായിരുന്നില്ലെന്നും, സ്ഥലത്തുനിന്ന് പോകും മുൻപ് യുവതിയെ വീണ്ടും ഭീഷണിപ്പെടുത്തിയതായും പരാതിയിൽ പറയുന്നു.
ഇരട്ടപ്രഹരമായി ഊബറിന്റെ നടപടി; സോഷ്യൽ മീഡിയയിൽ വൻ പ്രതിഷേധം
സംഭവത്തിന് പിന്നാലെ യുവതി ഊബർ അധികൃതർക്ക് ഔദ്യോഗികമായി പരാതി നല്‍കി. എന്നാൽ, അക്രമിക്കെതിരെ നടപടിയെടുക്കുന്നതിന് പകരം യുവതിയെ ഞെട്ടിച്ചുകൊണ്ട് കമ്പനി ചെയ്തത് അവരുടെ ഊബർ അക്കൗണ്ട് ഡിസേബിള്‍ ചെയ്യുകയാണ്. നീതികേടിനെതിരെ പ്രതികരിച്ച ഉപഭോക്താവിനെതിരെ കമ്പനി എടുത്ത ഈ പരുക്കൻ നടപടി സോഷ്യല്‍ മീഡിയയില്‍ വലിയ രീതിയിലുള്ള ജനരോഷത്തിന് കാരണമായി.
കടുത്ത ഭാഷയിലാണ് നെറ്റിസണ്‍സ് ഡ്രൈവറുടെ അതിക്രമത്തെയും ഊബറിന്റെ അനാസ്ഥയെയും വിമർശിച്ചത്. സ്ത്രീ സുരക്ഷയ്ക്ക് ഊബർ എന്ത് ഉറപ്പാണ് നൽകുന്നതെന്ന ചോദ്യവുമായി നിരവധി പേർ യുവതിക്ക് പിന്തുണയുമായി രംഗത്തെത്തി. ഊബർ ആപ്പ് ബഹിഷ്കരിക്കണമെന്ന ആഹ്വാനവും ശക്തമായി.
ഒടുവിൽ ഖേദപ്രകടനവുമായി കമ്പനി
വിഷയം വലിയ വിവാദമാവുകയും ബഹിഷ്കരണ ആഹ്വാനങ്ങൾ ഉയരുകയും ചെയ്തതോടെ ഒടുവില്‍ പ്രതികരണവുമായി ഊബർ രംഗത്തെത്തിയിട്ടുണ്ട്. യുവതിക്കുണ്ടായ മോശം അനുഭവത്തില്‍ ആത്മാർത്ഥമായി ഖേദിക്കുന്നുവെന്ന് ഊബർ അധികൃതർ വ്യക്തമാക്കി. സംഭവത്തിൽ ആഭ്യന്തര അന്വേഷണം ആരംഭിച്ചതായും ഡ്രൈവർക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും കമ്പനി അറിയിച്ചു. എന്നാൽ, തങ്ങളുടെ സുരക്ഷാ മാനദണ്ഡങ്ങൾ ഇത്രയും ദുർബലമാണോ എന്ന ചോദ്യമാണ് ഉപഭോക്താക്കൾക്കിടയിൽ ഇപ്പോഴും അവശേഷിക്കുന്നത്.

Comments
Post a Comment