കാരുണ്യത്തിന്റെ കരം പിടിച്ച് കൂരാച്ചുണ്ട് ഡി.വൈ.എഫ്.ഐ; മെഡിക്കൽ കോളേജിൽ വിതരണം ചെയ്തത് 3000 പൊതിച്ചോറുകൾ
കൂരാച്ചുണ്ട്: കാരുണ്യത്തിന്റെ കരുതൽ സ്പർശവുമായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഡി.വൈ.എഫ്.ഐ കൂരാച്ചുണ്ട് മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്നേഹപൂർവ്വം 'പൊതിച്ചോർ വിതരണം' സംഘടിപ്പിച്ചു. കൂരാച്ചുണ്ടിലെ പതിനഞ്ച് യൂണിറ്റുകളിൽ നിന്നായി പ്രവർത്തകർ സമാഹരിച്ച 3000-ത്തോളം പൊതിച്ചോറുകളാണ് മെഡിക്കൽ കോളേജിലെ രോഗികൾക്കും അവർക്കൊപ്പം എത്തിയ കൂട്ടിരുപ്പുകാർക്കും വിതരണം ചെയ്തത്.
മെഡിക്കൽ കോളേജ് പരിസരത്ത് വെച്ച് നടന്ന ചടങ്ങ് ഡി.വൈ.എഫ്.ഐ ബാലുശ്ശേരി ബ്ലോക്ക് വൈസ് പ്രസിഡണ്ട് അരുൺ കെ.ജി ഉദ്ഘാടനം ചെയ്തു. സമൂഹത്തിലെ ഏറ്റവും അശരണരായ മനുഷ്യർക്ക് ആശ്വാസമേകാൻ യുവാക്കൾ കാണിക്കുന്ന ഈ കരുതൽ ഏറെ മാതൃകാപരമാണെന്ന് അദ്ദേഹം പറഞ്ഞു.
പൊതിച്ചോർ വിതരണത്തിന് പുറമെ, മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ മെഡിക്കൽ കോളേജ് ബ്ലഡ് ബാങ്കിൽ രക്തദാന ക്യാമ്പും സംഘടിപ്പിച്ചു. അടിയന്തര സാഹചര്യങ്ങളിൽ രക്തം ആവശ്യമുള്ള രോഗികൾക്ക് വലിയ ആശ്വാസമേകുന്നതായിരുന്നു ഈ ഇടപെടൽ.
മേഖല സെക്രട്ടറി ജസ്റ്റിൻ ജോൺ, പ്രസിഡണ്ട് സോണറ്റ് വി.എസ്, ട്രഷറർ അശ്വിൻ ശശി, ജോയിന്റ് സെക്രട്ടറി സി.പി. നന്ദകിഷോർ, വൈസ് പ്രസിഡണ്ട് ഷഫീർ കെ.എം എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. ഡി.വൈ.എഫ്.ഐയുടെ വിവിധ യൂണിറ്റുകളിൽ നിന്നുള്ള നൂറുകണക്കിന് പ്രവർത്തകർ അന്നദാന പരിപാടിയിൽ പങ്കാളികളായി.
നാടിന്റെ വിവിധ ഭാഗങ്ങളിൽ ഇത്തരം ജീവകാരുണ്യ പ്രവർത്തനങ്ങൾ സജീവമാക്കുന്ന ഡി.വൈ.എഫ്.ഐയുടെ ഇടപെടലുകളെ നാട്ടുകാരും രോഗികളുടെ ബന്ധുക്കളും വലിയ ആദരവോടെയാണ് നോക്കിക്കാണുന്നത്.

Comments
Post a Comment