കൂരാച്ചുണ്ട് 27-ാം മൈലിൽ ജെസിബിയും കാറും കൂട്ടിയിടിച്ചു; യാത്രക്കാർ രക്ഷപ്പെട്ടത് അത്ഭുതകരമായി
കൂരാച്ചുണ്ട്: നിർമ്മാണം പൂർത്തിയായിവരുന്ന മലയോര ഹൈവേയിലെ തലയാട് റീച്ചിൽ വാഹനാപകടങ്ങൾ ഒഴിഞ്ഞുപോകാത്ത ശാപമാകുന്നു. ഇന്ന് വൈകീട്ടോടെ മലയോര ഹൈവേയിൽ കൂരാച്ചുണ്ട് 27-ാം മൈലിൽ സമീപം ജെസിബിയും കാറും കൂട്ടിയിടിച്ച് വൻ അപകടമുണ്ടായി. ഇടിയുടെ ശക്തമായ ആഘാതത്തിൽ കാറിന്റെ മുൻഭാഗം പൂർണ്ണമായും തകർന്നു തരിപ്പണമായി. എന്നാൽ ഇരു വാഹനങ്ങളിലുമുണ്ടായിരുന്ന യാത്രക്കാർ നിസ്സാര പരിക്കുകളോടെ അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു.
28-ാം മൈൽ - തലയാട് റോഡിലെ 27 മൈലിൽ വെച്ചാണ് സൈഡ് റോഡിൽ നിന്ന് കയറി വന്ന കാറും മലയോര ഹൈവേയിൽ കൂടി പോയി കൊണ്ടിരുന്ന ജെസിബിയും തമ്മിൽ കൂട്ടി ഇടിക്കുവയിരുന്നു അപകടത്തെ തുടർന്ന് മലയോര ഹൈവേയിൽ വലിയ രീതിയിൽ ഗതാഗത തടസ്സവുമുണ്ടായി. ഒടുവിൽ കൂരാച്ചുണ്ട് പോലീസും പ്രദേശവാസികളും ചേർന്ന് വാഹനങ്ങൾ റോഡിൽ നിന്നും മാറ്റി ഗതാഗതം പുനഃസ്ഥാപിച്ചത്.
തലയാട് റീച്ചിൽ അപകടങ്ങൾ തുടർക്കഥ
മലയോര ഹൈവേ വികസനം യാഥാർത്ഥ്യമായതോടെ ഈ റൂട്ടിൽ വാഹനാപകടങ്ങൾ വൻതോതിലാണ് വർദ്ധിച്ചുകൊണ്ടിരിക്കുന്നത്. പ്രത്യേകിച്ച് 28-ാം മൈൽ മുതൽ തലയാട് വരെയുള്ള റീച്ചിൽ വലിയ രീതിയിലുള്ള സുരക്ഷാ ഭീഷണിയാണ് നിലനിൽക്കുന്നത്. വീതികൂടിയ നല്ല റോഡ് ലഭിച്ചതോടെ ട്രാഫിക് നിയമങ്ങൾ പൂർണ്ണമായും കാറ്റിൽപ്പറത്തി, അമിതവേഗതയിലാണ് പല അത്യാധുനിക വാഹനങ്ങളും ഈ മലയോര പാതയിലൂടെ പാഞ്ഞുപോകുന്നത്..
സുരക്ഷാ ബോർഡുകളില്ല;
മലയോര ഹൈവേയിലെ അപകടവളവുകളിൽ പലതിലും കൃത്യമായ മുന്നറിയിപ്പ് ബോർഡുകളോ വേഗത നിയന്ത്രിക്കാനുള്ള ഹമ്പുകളോ സ്ഥാപിച്ചിട്ടില്ല. പലയിടങ്ങളിലും റോഡരികിലെ കാടുകൾ വളർന്നുപന്തലിച്ച് നിൽക്കുന്നത് വശങ്ങളിൽ നിന്നുള്ള കാഴ്ച പൂർണ്ണമായും മറയ്ക്കുകയാണ്. ഇതാണ് പലപ്പോഴും പെട്ടെന്ന് ബ്രേക്കിടുമ്പോൾ വാഹനങ്ങൾ നിയന്ത്രണം വിട്ട് കൂട്ടിയിടിക്കാൻ കാരണമാകുന്നത്.
മഴക്കാലം ശക്തമാകുന്നതോടെ റോഡിൽ വഴുക്കൽ വർദ്ധിക്കാനും മലയോര മേഖലയിൽ അപകടസാധ്യത ഇരട്ടിയാകാനും സാധ്യതയേറെയാണ്. അതിനാൽ അധികൃതർ അടിയന്തരമായി ഇടപെട്ട് വേഗപ്പൂട്ടുകളും മുന്നറിയിപ്പ് സംവിധാനങ്ങളും സ്ഥാപിക്കണമെന്നും, അപകടമേഖലകളിൽ പോലീസിന്റെയും മോട്ടോർ വാഹന വകുപ്പിന്റെയും ശക്തമായ പരിശോധന ഉറപ്പാക്കണമെന്നുമാണ് നാട്ടുകാരുടെ അടിയന്തര ആവശ്യം


Comments
Post a Comment