2 ഗോളുകൾ, 3 റെഡ് കാർഡ്; ഉദ്ഘാടനം സംഭവബഹുലം, ദക്ഷിണാഫ്രിക്കൻ നിരാശ, ആദ്യ ജയം സ്വന്തമാക്കി മെക്സ‌ിക്കോ

 


മെക്സിക്കോ സിറ്റി: രണ്ട് ഗോളുകളും മൂന്ന് റെഡ് കാർഡുകളും പിറന്ന സംഭവബഹുലമായ 2026 ലോകകപ്പിലെ ഉദ്ഘാടന മത്സരത്തിൽ ആതിഥേയരായ മെക്സിക്കോയ്ക്ക് തകർപ്പൻ ജയം. ചരിത്രമുറങ്ങുന്ന ആസ്റ്റക്ക സ്റ്റേഡിയത്തിൽ ഇരമ്പിയാർത്ത സ്വന്തം കാണികൾക്കു മുന്നിൽ, എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് മെക്സിക്കോ ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്തിയത്. മത്സരത്തിന്റെ ഒമ്പതാം മിനിറ്റിൽ ജൂലിയൻ ക്വിനോനെസും 67-ാം മിനിറ്റിൽ റൗൾ ഹിമെനെസും മെക്സിക്കോയ്ക്കായി സ്കോർ ചെയ്തു.

​കനത്ത പോരാട്ടം പലപ്പോഴും പരുക്കൻ കളിയിലേക്ക് വഴിമാറിയ മത്സരത്തിൽ ദക്ഷിണാഫ്രിക്കൻ താരങ്ങളായ യായ സിത്തോളെ, തെംബ സാനെ എന്നിവരും മെക്സിക്കോ താരം സെസാർ മൊണ്ടെസും റെഡ് കാർഡ് കണ്ട് പുറത്തായി.

​ക്വിനോനെസിലൂടെ മെക്സിക്കോ മുന്നിൽ

​മത്സരത്തിന്റെ തുടക്കം മുതൽ ദക്ഷിണാഫ്രിക്കൻ ഗോൾമുഖം ആക്രമിക്കുകയെന്ന ഒറ്റ ലക്ഷ്യത്തോടെയാണ് മെക്സിക്കോ കളത്തിലിറങ്ങിയത്. കളിതുടങ്ങി നാലാം മിനിറ്റിൽ തന്നെ മെക്സിക്കോ ഗോളിനടുത്തെത്തി. ഇടതു വിങ്ങിൽ നിന്ന് ലഭിച്ച മനോഹരമായ ക്രോസിൽ റൗൾ ഹിമെനസ് തൊടുത്ത ഷോട്ട് ദക്ഷിണാഫ്രിക്കൻ ഗോൾകീപ്പർ റോൺവെൻ വില്യംസ് സമർത്ഥമായി തട്ടിയകറ്റി.

​എന്നാൽ ഒമ്പതാം മിനിറ്റിൽ ആസ്റ്റക്ക സ്റ്റേഡിയത്തെ പ്രകമ്പനം കൊള്ളിച്ചുകൊണ്ട് 2026 ലോകകപ്പിലെ ആദ്യ ഗോൾ പിറന്നു. അഞ്ച് പ്രതിരോധക്കാരെ അണിനിരത്തി പ്രതിരോധക്കോട്ട കെട്ടിയിറങ്ങിയിട്ടും ഒറ്റ നിമിഷത്തെ പിഴവാണ് ദക്ഷിണാഫ്രിക്കയ്ക്ക് വിനയായത്. ദക്ഷിണാഫ്രിക്കൻ താരം യായ സിത്തോളെയുടെ പിഴവിൽ നിന്ന് പന്ത് റാഞ്ചിയെടുത്ത എറിക് ലിറയാണ് ഈ ഗോളിന് വഴിയൊരുക്കിയത്. ലിറ ഇന്റർസെപ്റ്റ് ചെയ്ത പന്ത് ഉടൻ പിടിച്ചെടുത്ത് ജൂലിയൻ ക്വിനോനെസ് പായിച്ച ബുള്ളറ്റ് ഷോട്ട് ഗോൾകീപ്പർ വില്യംസിന്റെ കാലുകൾക്കിടയിലൂടെ വലയിൽ കയറി. സൗദി പ്രോ ലീഗിൽ അൽ ഖ്വാദ്സിയാഹിന് വേണ്ടി കളിക്കുന്ന ക്വിനോനെസ്, കഴിഞ്ഞ സീസണിൽ 33 ഗോളുകളുമായി ഗോൾഡൻ ബൂട്ട് ജേതാവായിരുന്നു.

​ആദ്യപകുതിയിലെ മെക്സിക്കൻ ആധിപത്യം

​ആദ്യ 20 മിനിറ്റുകൾക്കുള്ളിൽ തന്നെ അഞ്ച് ഷോട്ടുകളാണ് മെക്സിക്കോ ദക്ഷിണാഫ്രിക്കൻ ഗോളിലേക്ക് പായിച്ചത്. മറുവശത്ത് ദക്ഷിണാഫ്രിക്ക തീർത്തും നിഷ്പ്രഭരായി. ആദ്യ പകുതിയുടെ അവസാന നിമിഷമായ 44-ാം മിനിറ്റിലാണ് ദക്ഷിണാഫ്രിക്കയ്ക്ക് ആദ്യ ഓൺ ടാർഗറ്റ് ഷോട്ട് പോലുമുതിർക്കാൻ കഴിഞ്ഞത് എന്നത് മത്സരത്തിലെ മെക്സിക്കൻ ആധിപത്യം വ്യക്തമാക്കുന്നു.

​ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ടുമുമ്പ് മെക്സിക്കോ ലീഡ് ഉയർത്തേണ്ടതായിരുന്നു. 42-ാം മിനിറ്റിൽ വീണ്ടും പന്ത് റാഞ്ചിയെടുത്ത് ക്വിനോനെസ് അടിച്ച ഷോട്ട് ദക്ഷിണാഫ്രിക്കൻ ഗോൾപോസ്റ്റിലിടിച്ച് മടങ്ങുകയായിരുന്നു.

​കാർഡുകൾ നിറഞ്ഞ രണ്ടാം പകുതി, ഹിമെനെസിന്റെ ഗോൾ

​ആദ്യ പകുതിയേക്കാൾ കൂടുതൽ ആക്രമണവീര്യത്തോടെയാണ് മെക്സിക്കോ രണ്ടാം പകുതി ആരംഭിച്ചത്. ഇത്തരമൊരു അതിവേഗ മുന്നേറ്റത്തിനിടെയാണ് ഈ ലോകകപ്പിലെ ആദ്യ റെഡ് കാർഡ് പിറന്നത്. മെക്സിക്കോ താരം ബ്രയാൻ ഗുട്ടിയെരെസിനെ ബോക്‌സിന് തൊട്ടുപുറത്ത് വീഴ്ത്തിയ ദക്ഷിണാഫ്രിക്കൻ താരം യായ സിത്തോളെയ്ക്കു നേരെ റഫറി നേരിട്ട് റെഡ് കാർഡ് ഉയർത്തുകയായിരുന്നു. മെക്സിക്കോയുടെ ഉറച്ച ഗോളവസരം നഷ്ടപ്പെടുത്തിയതിനാണ് ഈ കടുത്ത ശിക്ഷ.

മത്സരത്തിലെ നിർണായക നിമിഷങ്ങൾ:

  • 9' - ജൂലിയൻ ക്വിനോനെസ് (മെക്സിക്കോ) - ഗോൾ
  • 50' - യായ സിത്തോളെ (ദക്ഷിണാഫ്രിക്ക) - റെഡ് കാർഡ്
  • 67' - റൗൾ ഹിമെനെസ് (മെക്സിക്കോ) - ഗോൾ
  • 84' - തെംബ സാനെ (ദക്ഷിണാഫ്രിക്ക) - റെഡ് കാർഡ്
  • 90+2' - സെസാർ മൊണ്ടെസ് (മെക്സിക്കോ) - റെഡ് കാർഡ്

​ഒരാളുടെ കുറവുമായി കളിച്ച ദക്ഷിണാഫ്രിക്കയ്ക്കെതിരെ 67-ാം മിനിറ്റിൽ മെക്സിക്കോ രണ്ടാം ഗോളും നേടി. വലതുവിങ്ങിൽ നിന്ന് പന്ത് സ്വീകരിച്ച അൽവാരാഡോ, ബോക്‌സിലേക്കുള്ള ഹിമെനസിന്റെ റണ്ണിങ് ശ്രദ്ധിച്ച് നൽകിയ ലോങ് ക്രോസ്, ഒരു തകർപ്പൻ ഹെഡറിലൂടെ ഹിമെനെസ് വലയിലെത്തിക്കുകയായിരുന്നു.

​ഒൻപത് പേരിലേക്ക് ചുരുങ്ങി ദക്ഷിണാഫ്രിക്ക; ഒടുവിൽ മെക്സിക്കോയ്ക്കും കാർഡ്

​രണ്ട് ഗോളുകൾ വഴങ്ങിയതോടെ ദക്ഷിണാഫ്രിക്കൻ താരങ്ങൾ കളി പരുക്കനാക്കാൻ തുടങ്ങി. 84-ാം മിനിറ്റിൽ അൽവരാഡോയ്ക്കെ‌തിരേ കടുത്ത ഫൗൾ ചെയ്ത ദക്ഷിണാഫ്രിക്കൻ താരം തെംബ സാനെയ്ക്കും റെഡ് കാർഡ് ലഭിച്ചു. വാർ (VAR) പരിശോധിച്ച ശേഷമായിരുന്നു റഫറിയുടെ ഈ തീരുമാനം. ഇതോടെ കടുത്ത മെക്സിക്കൻ ആക്രമണങ്ങൾ പ്രതിരോധിക്കാൻ ദക്ഷിണാഫ്രിക്ക ഒമ്പത് പേരായി ചുരുങ്ങി.

​എന്നാൽ കളി ഇഞ്ചുറി ടൈമിലേക്ക് കടന്നതിനു പിന്നാലെ മെക്സിക്കോയ്ക്കും തിരിച്ചടിയേറ്റു. ദക്ഷിണാഫ്രിക്കൻ താരം ഖുലിസോ മുദാവുവിനെതിരേ പരുക്കൻ അടവ് പുറത്തെടുത്ത മെക്സിക്കൻ ഡിഫൻഡർ സെസാർ മൊണ്ടെസിനും റഫറി റെഡ് കാർഡ് നൽകി പുറത്താക്കി. എങ്കിലും ശേഷിച്ച സമയം ഗോൾ വഴങ്ങാതെ കാത്ത ആതിഥേയർ 2026 ലോകകപ്പിലെ ആദ്യ മൂന്ന് പോയിന്റുകൾ സ്വന്തം പേരിൽ കുറിച്ചു.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി