നാല് വർഷത്തെ പ്രണയം, പ്രതിയെന്ന് അറിഞ്ഞ് പിന്മാറ്റം; വീട്ടുകാരുടെ എതിർപ്പും ; 18 അത്താഴത്തിന് വിളിച്ചുവരുത്തി 23-കാരിയെ കഴുത്തറുത്തു കൊന്നു
ബെംഗളൂരു: വിവാഹാഭ്യർത്ഥന നിരസിച്ചതിനെത്തുടർന്ന് ഇരുപത്തിമൂന്നുകാരിയായ യുവതിയെ ആൺസുഹൃത്ത് കഴുത്തിൽ കുത്തിക്കൊന്നു. മഹാലക്ഷ്മി ലേഔട്ടിൽ താമസിക്കുന്ന അഞ്ജലിയാണ് ക്രൂരമായി കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് അഞ്ജലിയുടെ കാമുകനായ രാജീവിനെ മഹാലക്ഷ്മി ലേഔട്ട് പൊലീസ് അറസ്റ്റ് ചെയ്തു. പ്രതി കുറ്റം സമ്മതിച്ചതായി പൊലീസ് അറിയിച്ചു.
ഞായറാഴ്ച രാത്രി ഒൻപതരയോടെ മഹാലക്ഷ്മി ലേഔട്ടിന് സമീപമുള്ള പൈപ്പ് ലൈൻ റോഡിലായിരുന്നു നാടിനെ നടുക്കിയ കൊലപാതകം നടന്നത്. നാല് വർഷമായി പ്രണയത്തിലായിരുന്ന അഞ്ജലിയെ അത്താഴം കഴിക്കാനെന്ന വ്യാജേന രാജീവ് ഇവിടെ വിളിച്ചുവരുത്തുകയായിരുന്നു. സംസാരിക്കുന്നതിനിടെ ഇയാൾ വീണ്ടും വിവാഹാഭ്യർത്ഥന നടത്തി. എന്നാൽ, അഞ്ജലി ഇത് കർശനമായി നിരസിച്ചു. ഇതിനെച്ചൊല്ലി ഇരുവരും തമ്മിൽ രൂക്ഷമായ വാക്കേറ്റമുണ്ടായി. പ്രകോപിതനായ രാജീവ്, കൈയിൽ കരുതിയിരുന്ന കത്തി ഉപയോഗിച്ച് നാട്ടുകാർ നോക്കിനിൽക്കെ അഞ്ജലിയുടെ കഴുത്തിൽ കുത്തുകയായിരുന്നു.
നാട്ടുകാർ നോക്കിനിൽക്കെ ആക്രമണം
ഗുരുതരമായി പരിക്കേറ്റ അഞ്ജലി തൽക്ഷണം കുഴഞ്ഞുവീണു. നാട്ടുകാർ ഉടൻ തന്നെ യുവതിയെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് പ്രതിയെ സംഭവസ്ഥലത്തിന് സമീപത്തുനിന്നുതന്നെ പിടികൂടുകയായിരുന്നു.
പ്രണയബന്ധത്തിലെ തകർച്ച കാരണമായി
ഒരു സ്വകാര്യ സ്ഥാപനത്തിൽ സഹപ്രവർത്തകരായിരുന്ന ഇരുവരും നാല് വർഷമായി പ്രണയത്തിലായിരുന്നു. അഞ്ജലിയെ വിവാഹം കഴിക്കാൻ രാജീവ് ആഗ്രഹിച്ചിരുന്നെങ്കിലും, ഇയാൾക്കെതിരെയുള്ള ക്രിമിനൽ കേസുകൾ കാരണം അഞ്ജലിയുടെ വീട്ടുകാർ ബന്ധത്തെ ശക്തമായി എതിർത്തിരുന്നു. വീട്ടുകാരുടെ എതിർപ്പിനെത്തുടർന്ന് അടുത്തിടെയായി രാജീവുമായുള്ള ബന്ധത്തിൽ നിന്ന് പിന്മാറാൻ അഞ്ജലി ശ്രമിച്ചിരുന്നു. ഇതാണ് പ്രതിയെ കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറഞ്ഞു.
സംഭവത്തിൽ മഹാലക്ഷ്മി ലേഔട്ട് പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിവരികയാണ്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യും.

Comments
Post a Comment