താമരശ്ശേരിയിൽ ലഹരിസംഘത്തിന്റെ തടവറയിൽ നിന്ന് യുവാവിനെ പോലീസ് രക്ഷപ്പെടുത്തി; താമരശ്ശേരി പോലീസിന്റെ മിന്നൽ ഓപ്പറേഷനിൽ പ്രതികൾ കുടുങ്ങി
താമരശ്ശേരി: ബാംഗ്ലൂർ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ലഹരി മാഫിയ സംഘം തട്ടിക്കൊണ്ടുവന്ന് നാല് ദിവസമായി പൂട്ടിയിട്ടിരുന്ന മാനന്തവാടി സ്വദേശിയെ സാഹസികമായി രക്ഷപ്പെടുത്തി താമരശ്ശേരി പോലീസ്. മാനന്തവാടി സ്വദേശിയും ബാംഗ്ലൂരിൽ ട്രാവൽ ഏജൻസി ഉടമയുമായ മുഹമ്മദ് സാജിദിനെയാണ് (30) താമരശ്ശേരിക്ക് സമീപം മുടൂർ വെളിമണ്ണ റോഡിലെ വാടക വീട്ടിൽ നിന്ന് പോലീസ് കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് കുപ്രസിദ്ധ ലഹരി കടത്ത് സംഘാംഗങ്ങളായ ഷിഹാബ് , അശ്വിൻ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.
മെയ് മൂന്നാം തീയതിയാണ് കേസിനാസ്പദമായ സംഭവങ്ങൾ തുടങ്ങുന്നത്. എം.ഡി.എം.എ വാങ്ങാനായി ബാംഗ്ലൂരിലെത്തിയ ഷിഹാബും സംഘവും മുഹമ്മദ് സാജിദ് മുഖേന ചിലരെ ബന്ധപ്പെട്ടിരുന്നു. ലഹരിമരുന്നിനായി ഒന്നര ലക്ഷം രൂപ സാജിദിന്റെ സുഹൃത്തിന് കൈമാറിയെങ്കിലും വാഗ്ദാനം ചെയ്ത സാധനം ലഭിച്ചില്ല. പണം നഷ്ടപ്പെട്ടതോടെ പ്രകോപിതരായ സംഘം ഇടനിലക്കാരനായ സാജിദിനെ ബലംപ്രയോഗിച്ച് തട്ടിക്കൊണ്ടുവരികയായിരുന്നു. താമരശ്ശേരി മുടൂരിലെ ഷിഹാബിന്റെ വാടക വീടിന്റെ മുകൾ നിലയിൽ സാജിദിനെ പൂട്ടിയിട്ടു.
പണമോ ലഹരിമരുന്നോ തിരികെ നൽകാതെ വിട്ടയക്കില്ലെന്ന് ഭീഷണിപ്പെടുത്തി വടിയും കമ്പിയും ഉപയോഗിച്ച് സാജിദിനെ ക്രൂരമായി മർദ്ദിച്ചു. ഭക്ഷണം പോലും നൽകാതെയായിരുന്നു തടങ്കൽ. താമരശ്ശേരി ഡി.വൈ.എസ്.പി കെ. വിനോദ് കുമാറിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് ഡാൻസാഫ് സംഘവും താമരശ്ശേരി പോലീസും സംയുക്തമായി നടത്തിയ മിന്നൽ പരിശോധനയിലാണ് യുവാവിനെ കണ്ടെത്തിയത്. വീടിന്റെ മുകൾ നിലയിലെ മുറി തകർത്താണ് പോലീസ് അകത്തുകടന്നത്.
പിടിയിലായ ഷിഹാബ് നിരവധി മയക്കുമരുന്ന് കേസുകളിൽ പ്രതിയാണ്. ഇയാൾ സഞ്ചരിച്ചിരുന്ന സ്വിഫ്റ്റ് കാറും പോലീസ് കസ്റ്റഡിയിലെടുത്തു. ഇയാൾക്കൊപ്പം വാടക വീട്ടിൽ താമസിക്കുന്ന യുവതിയും ലഹരിക്കടത്ത് കേസുകളിൽ പ്രതിയാണെന്ന് പോലീസ് പറഞ്ഞു. പ്രതികൾക്കെതിരെ വധശ്രമം, തട്ടിക്കൊണ്ടുവരൽ തുടങ്ങിയ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസെടുത്തു. സംഘത്തിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് പോലീസ് അന്വേഷിച്ചുവരികയാണ്.

Comments
Post a Comment