പ്രണയപ്പകയിൽ അധ്യാപികയെ കാറിലിട്ട് ചുട്ടുകൊന്നു; ക്രൂരകൃത്യത്തിന് ശേഷം കാമുകൻ ട്രെയിനിന് മുന്നിൽ ചാടി മരിച്ചു
ബംഗളൂരു: വിവാഹാഭ്യർത്ഥന നിരസിച്ചതിനെത്തുടർന്ന് കോളേജ് അധ്യാപികയെ കാറിനുള്ളിലിട്ട് തലയ്ക്കടിച്ചു വീഴ്ത്തി പെട്രോളൊഴിച്ച് ചുട്ടുകൊന്നു. ക്രൂരമായ കൊലപാതകത്തിന് ശേഷം ഒളിവിൽ പോയ പ്രതി പിന്നീട് ട്രെയിനിന് മുന്നിൽ ചാടി ആത്മഹത്യ ചെയ്തു. ബംഗളൂരു നന്ദി ഹിൽസിന് സമീപമാണ് നാടിനെ നടുക്കിയ ദാരുണ സംഭവം അരങ്ങേറിയത്. സ്വകാര്യ കോളേജിലെ കന്നഡ വിഭാഗം പ്രൊഫസറായ സരോജ (40) ആണ് കൊല്ലപ്പെട്ടത്. ദേവനഹള്ളി താലൂക്ക് ഓഫീസിലെ ക്ലർക്കായ രാമചന്ദ്രപ്പ (45) ആണ് സരോജയെ കൊലപ്പെടുത്തിയ ശേഷം ബിദാദിക്ക് സമീപം ജീവനൊടുക്കിയത്.
വിവാഹമോചിതനായ രാമചന്ദ്രപ്പയും സരോജയും രണ്ട് വർഷം മുമ്പ് സോഷ്യൽ മീഡിയ വഴിയാണ് പരിചയപ്പെട്ടത്. ഈ സൗഹൃദം പിന്നീട് പ്രണയമായി മാറി. സരോജയെ വിവാഹം കഴിക്കാൻ രാമചന്ദ്രപ്പയ്ക്ക് താല്പര്യമുണ്ടായിരുന്നുവെങ്കിലും വിവാഹിതയും രണ്ട് കുട്ടികളുടെ അമ്മയുമായ സരോജ ഇതിന് തയ്യാറായിരുന്നില്ല. ഇതേച്ചൊല്ലി ഇരുവരും തമ്മിൽ നിരന്തരം തർക്കങ്ങൾ നിലനിന്നിരുന്നതായി പോലീസ് പറയുന്നു.
മെയ് രണ്ടാം തീയതി ആശുപത്രിയിൽ പോകാനെന്ന വ്യാജേന സുഹൃത്തിന്റെ കാറുമായെത്തിയ രാമചന്ദ്രപ്പ സരോജയെ കൂട്ടി നന്ദി ഹിൽസിലേക്ക് പോയി. യാത്രയ്ക്കിടയിൽ വിവാഹത്തെച്ചൊല്ലി വീണ്ടും തർക്കമുണ്ടാവുകയും പ്രകോപിതനായ രാമചന്ദ്രപ്പ താൻ കരുതിയിരുന്ന ചുറ്റിക ഉപയോഗിച്ച് സരോജയുടെ തലയ്ക്കടിക്കുകയുമായിരുന്നു. സരോജ അബോധാവസ്ഥയിലായതോടെ കാറിന്റെ പിൻസീറ്റിലിട്ട് പെട്രോളൊഴിച്ച് തീ കൊളുത്തി മരണം ഉറപ്പാക്കി.
പ്രതിയെ കുടുക്കിയത് കാറിലെ ആധുനിക വിദ്യ
കാർ കത്തുന്നത് കണ്ട നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് പോലീസും ഫയർഫോഴ്സും സ്ഥലത്തെത്തിയെങ്കിലും മൃതദേഹം പൂർണ്ണമായും കത്തിനശിച്ചിരുന്നു. എന്നാൽ കാറിലുണ്ടായിരുന്ന 'ഓട്ടോ കൊളിഷൻ നോട്ടിഫിക്കേഷൻ' എന്ന സാങ്കേതിക വിദ്യയാണ് പ്രതിയെ വേഗത്തിൽ തിരിച്ചറിയാൻ സഹായിച്ചത്.വാഹനത്തിന് ആഘാതമേൽക്കുകയോ തീപിടിക്കുകയോ ചെയ്താൽ ഉടമയുടെ ഫോണിലേക്ക് ഉടൻ സന്ദേശം എത്തുന്ന സംവിധാനമാണിത്.സന്ദേശം ലഭിച്ച കാർ ഉടമ പോലീസിനെ സമീപിച്ചതോടെയാണ് രാമചന്ദ്രപ്പയാണ് വണ്ടി കൊണ്ടുപോയതെന്ന് വ്യക്തമായത്.
കൊലപാതകത്തിന് ശേഷം കടന്നുകളഞ്ഞ പ്രതിക്കായി പോലീസ് തിരച്ചിൽ ഊർജ്ജിതമാക്കിയിരുന്നു. ഇതിനിടെയാണ് ഞായറാഴ്ച രാവിലെ ബിദാദി റെയിൽവേ ട്രാക്കിൽ ഇയാളുടെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിൽ നിന്നും ലഭിച്ച ആധാർ കാർഡും എടിഎം കാർഡുമാണ് തിരിച്ചറിയാൻ സഹായിച്ചത്. മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി. പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്.

Comments
Post a Comment