താലൂക്ക് ആശുപത്രിയിൽ ശുചിമുറിയിൽ പ്രസവിച്ച സംഭവം: എറണാകുളത്ത് പഠനവും ജോലിയും, പിന്നാലെ അന്യസംസ്ഥാന തൊഴിലാളിയുമായുള്ള ബന്ധം; പത്തൊൻപതുകാരിയുടെ ഞെട്ടിക്കുന്ന മൊഴി
ഹരിപ്പാട്: പഠനത്തോടൊപ്പം ജോലി ചെയ്തുവരികയായിരുന്ന പത്തൊൻപതുകാരി ആശുപത്രി ശുചിമുറിയിൽ പ്രസവിച്ച ശേഷം ചോരക്കുഞ്ഞിനെ ജനാലയിലൂടെ പുറത്തേക്ക് വലിച്ചെറിഞ്ഞു. തിങ്കളാഴ്ച രാത്രി ഹരിപ്പാട് താലൂക്ക് ആശുപത്രിയിലാണ് സിനിമാക്കഥകളെ വെല്ലുന്ന ദാരുണമായ സംഭവം അരങ്ങേറിയത്. അന്യസംസ്ഥാന തൊഴിലാളിയുമായി അടുത്ത ബന്ധത്തിലായിരുന്ന യുവതി, താൻ ഗർഭിണിയാണെന്ന കാര്യം പോലും അറിഞ്ഞില്ലെന്നാണ് പോലീസിന് മൊഴി നൽകിയിരിക്കുന്നത്.
കടുത്ത വയറുവേദനയെ തുടർന്നാണ് തിങ്കളാഴ്ച രാത്രി ബന്ധുക്കൾ യുവതിയെ ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ എത്തിക്കുന്നത്. പരിശോധനകൾക്കിടെ രാത്രി ഒരു മണിയോടെ ശുചിമുറിയിൽ പോയ യുവതി അവിടെ വെച്ച് പ്രസവിക്കുകയായിരുന്നു. തുടർന്ന്, പിറന്നുവീണ കുഞ്ഞിനെ ആശുപത്രിയുടെ ജനാലയിലൂടെ പുറകുവശത്തേക്ക് വലിച്ചെറിഞ്ഞു. കുഞ്ഞിന്റെ കരച്ചിൽ കേട്ട് ഓടിയെത്തിയ ജീവനക്കാരാണ് ഉപേക്ഷിക്കപ്പെട്ട നിലയിൽ ചോരക്കുഞ്ഞിനെ കണ്ടെത്തിയത്.
ഉടനടി ജീവനക്കാർ ഇടപെട്ട് കുഞ്ഞിനെ രക്ഷപ്പെടുത്തി പ്രാഥമിക ചികിത്സ നൽകി. 2.9 കിലോ ഭാരമുള്ള കുഞ്ഞ് പൂർണ്ണ ആരോഗ്യവാനാണെന്ന് ഡോക്ടർമാർ അറിയിച്ചു. നിലവിൽ അമ്മയെയും കുഞ്ഞിനെയും വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.
എറണാകുളത്ത് ജോലി ചെയ്യുന്നതിനിടെ അന്യസംസ്ഥാന തൊഴിലാളിയുമായി യുവതി അടുപ്പത്തിലായിരുന്നു. എന്നാൽ താൻ ഗർഭിണിയാണെന്ന വിവരം അറിയില്ലായിരുന്നുവെന്നും, വയറ്റിൽ കൊഴുപ്പ് അടിഞ്ഞുകൂടിയതാണെന്നാണ് കരുതിയതെന്നുമാണ് യുവതി പോലീസിനോട് പറഞ്ഞത്. കഴിഞ്ഞ മൂന്ന് മാസമായി വീട്ടിലായിരുന്ന യുവതി, വയറ്റിലെ അസുഖത്തിനുള്ള ചികിത്സയിലാണെന്ന് വീട്ടുകാരെ വിശ്വസിപ്പിക്കുകയായിരുന്നു. യുവതിയുടെ അമ്മ മാനസികാരോഗ്യ ചികിത്സയിലായതിനാൽ വീട്ടിൽ പിതാവും അനുജത്തിയുമാണുള്ളത്.
സംഭവത്തിൽ യുവതിക്കെതിരെ പോലീസ് വധശ്രമത്തിന് കേസെടുത്തിട്ടുണ്ട്. ചികിത്സയ്ക്ക് ശേഷം അറസ്റ്റ് ഉൾപ്പെടെയുള്ള നിയമനടപടികളിലേക്ക് കടക്കുമെന്ന് പോലീസ് അറിയിച്ചു. അതേസമയം, കുഞ്ഞിനെ തനിക്ക് ആവശ്യമില്ലെന്ന് യുവതി രേഖാമൂലം അറിയിച്ചതായി ജില്ലാ ചൈൽഡ് വെൽഫെയർ കമ്മിറ്റി വ്യക്തമാക്കി. കുഞ്ഞിനെ ശിശുഭവനിലേക്ക് മാറ്റാനുള്ള നടപടികൾ പുരോഗമിക്കുകയാണ്.

Comments
Post a Comment