"ഒപ്പം നടന്ന് ചതിച്ചു; പരാതിക്കാരനൊപ്പം സ്റ്റേഷനിലെത്തിയ ബന്ധുവിനെ പൊക്കി പോലീസ് നായ!"
തൃക്കുന്നപ്പുഴ: ആഭരണങ്ങൾ മോഷണം പോയെന്ന പരാതി നൽകാൻ പരാതിക്കാരനൊപ്പം പോലീസ് സ്റ്റേഷനിലെത്തിയ ബന്ധു ആഭരണ മോഷണക്കേസിൽ അറസ്റ്റിലായി. പതിയാങ്കര കാട്ടുവടക്കതിൽ അഷറഫ് (45) ആണ് തൃക്കുന്നപ്പുഴ പോലീസിൻ്റെ പിടിയിലായത്. മോഷണം നടന്ന വീട്ടിൽ നിന്നും മണം പിടിച്ചോടിയ ആലപ്പുഴ ഡോഗ് സ്ക്വാഡിലെ പോലീസ് നായ 'ജൂഡി' അഷറഫിൻ്റെ വീടിന് മുന്നിലെത്തി നിന്നതാണ് കേസിൽ നിർണ്ണായക വഴിത്തിരിവായത്.
അഷറഫിൻ്റെ ബന്ധുവായ കൊച്ചുതറയിൽ സദഖിൻ്റെ വീട്ടിൽ നിന്നാണ് മാല, വള, മോതിരം എന്നിവയടക്കം ആറ് പവനിലധികം വരുന്ന സ്വർണ്ണാഭരണങ്ങൾ ചൊവ്വാഴ്ച രാത്രിയോടെ മോഷണം പോയത്. സദഖും കുടുംബവും അടുത്തിടെ പുതിയ വീട്ടിലേക്ക് താമസം മാറിയിരുന്നു. എന്നാൽ പഴയ വീട്ടിൽ നിന്നും സാധനങ്ങൾ പൂർണ്ണമായി മാറ്റിയിരുന്നില്ല. ആളില്ലാതിരുന്ന ഈ പഴയ വീട്ടിൽ നിന്നാണ് ആഭരണങ്ങൾ നഷ്ടപ്പെട്ടത്.
പരാതി നൽകാനും മുന്നിൽ നിന്നു, ഒടുവിൽ കുടുങ്ങി
ബുധനാഴ്ച രാവിലെ സദഖും മറ്റ് ബന്ധുക്കൾക്കുമൊപ്പം അഷറഫും തൃക്കുന്നപ്പുഴ പോലീസ് സ്റ്റേഷനിലെത്തി പരാതി നൽകാൻ മുന്നിൽ നിന്നിരുന്നു. തുടർന്ന് പോലീസ് സ്ഥലത്തെത്തി പ്രാഥമിക അന്വേഷണം നടത്തുകയും ആലപ്പുഴയിൽ നിന്നും ഡോഗ് സ്ക്വാഡിനെ വരുത്തുകയുമായിരുന്നു. സദഖിൻ്റെ ആളില്ലാത്ത വീട്ടിൽ നിന്നും മണം പിടിച്ച പോലീസ് നായ ജൂഡി ഏകദേശം 100 മീറ്ററോളം മാറി അഷറഫിൻ്റെ വീടിന് മുന്നിലെത്തി നിൽക്കുകയായിരുന്നു.
ഇതോടെ സംശയം തോന്നിയ പോലീസ് ഉദ്യോഗസ്ഥർ അഷറഫിനെ കസ്റ്റഡിയിലെടുത്ത് വിശദമായി ചോദ്യം ചെയ്തതോടെ ഇയാൾ കുറ്റം സമ്മതിച്ചു. തുടർന്ന് നടത്തിയ പരിശോധനയിൽ അഷറഫിൻ്റെ വീട്ടുമുറ്റത്ത് കുഴിച്ചിട്ട നിലയിൽ മോഷണം പോയ സ്വർണ്ണാഭരണങ്ങൾ പോലീസ് കണ്ടെടുത്തു.
തൃക്കുന്നപ്പുഴ എസ്.എച്ച്.ഒ ലാൽ സി. ബേബിയുടെ മേൽനോട്ടത്തിലായിരുന്നു അന്വേഷണം. എസ്.ഐ രഞ്ജിത്ത്, സോമരാജൻ, എ.എസ്.ഐ പ്രദീപ്, സബീന, ഗോപകുമാർ, സീനിയർ സി.പി.ഒ ജി. അനിൽ കുമാർ, അനീഷ് കുമാർ, സാജിദ്, അനിൽ, അനന്ത പത്മനാഭൻ, അനീസ്, മനോജ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു. പ്രതിയെ കുടുക്കുന്നതിൽ നിർണ്ണായക പങ്കുവഹിച്ച ഡോഗ് സ്ക്വാഡിലെ സി.പി.ഒ മാരായ ഹരീഷ്, തോമസ് ആൻ്റണി എന്നിവരും പോലീസ് സംഘത്തോടൊപ്പമുണ്ടായിരുന്നു. അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Comments
Post a Comment