മക്കൾ കാനഡയിൽ; മാതാപിതാക്കൾ ദാരിദ്ര്യത്തിലും ഒറ്റപ്പെടലിലും ദമ്പതികൾ ജീവനൊടുക്കി
ലുധിയാന: വിദേശത്തുള്ള മക്കളുടെ ഭാവി സുരക്ഷിതമാക്കാൻ കൈവശമുണ്ടായിരുന്ന സമ്പാദ്യമെല്ലാം വിറ്റുപെറുക്കിയ ദമ്പതികൾ, ഒടുവിൽ ദാരിദ്ര്യവും മാനസിക വിഷമവും താങ്ങാനാവാതെ ജീവിതം അവസാനിപ്പിച്ചു. ലുധിയാന പമാൽ സ്വദേശികളായ ഗുർമീത് സിങ് (55), ഭാര്യ നരീന്ദർ കൗർ (50) എന്നിവരെയാണ് ബുധനാഴ്ച പുലർച്ചെ സ്വന്തം വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. തങ്ങളുടെ തകർന്ന സാമ്പത്തികാവസ്ഥയെയും മനഃക്ലേശത്തെയും കുറിച്ച് വിവരിക്കുന്ന രണ്ട് പേജുള്ള ആത്മഹത്യാക്കുറിപ്പ് പോലീസ് കണ്ടെടുത്തിട്ടുണ്ട്.
മൂത്ത മകനെയും മകളെയും കാനഡയിലേക്ക് അയക്കുന്നതിനായി തങ്ങളുടെ ഏക ഉപജീവനമാർഗമായിരുന്ന രണ്ടര ഏക്കർ കൃഷിഭൂമി ഗുർമീത് സിങ് വിറ്റിരുന്നു. മക്കളുടെ സ്വപ്നങ്ങൾക്കായി സർവ്വസ്വവും നൽകിയ ഇവർ, നിലവിൽ ലുധിയാനയിലെ ആശുപത്രിയിൽ ജോലി ചെയ്യുന്ന ഇളയ മകൻ ഖുഷ്മീന്ദർ സിങ്ങിനൊപ്പമാണ് താമസിച്ചിരുന്നത്. ബുധനാഴ്ച പുലർച്ചെ ജോലി കഴിഞ്ഞ് ഖുഷ്മീന്ദർ വീട്ടിലെത്തിയപ്പോഴാണ് മാതാപിതാക്കളെ മരിച്ച നിലയിൽ കണ്ടത്. താനും കാനഡയിലേക്ക് പോകാനുള്ള തയ്യാറെടുപ്പിലായിരുന്നുവെന്ന് ഖുഷ്മീന്ദർ പോലീസിന് മൊഴി നൽകി.
ഹൃദയഭേദകമായ വരികളാണ് ദമ്പതികളുടെ ആത്മഹത്യാക്കുറിപ്പിലുള്ളത്. "ഞങ്ങൾ ദാരിദ്ര്യത്തിലാണ് ജനിച്ചത്, ദാരിദ്ര്യത്തിൽ തന്നെ മരിക്കുന്നു. ജീവിതത്തിൽ ഒട്ടും സന്തോഷമില്ല. മക്കളെ ആരും ഉപദ്രവിക്കരുത്" എന്ന് കത്തിൽ ഇവർ കുറിച്ചു.
മക്കൾ വിദേശത്തേക്ക് പോയതിന് പിന്നാലെ നരീന്ദർ കൗർ കടുത്ത വിഷാദരോഗത്തിന് അടിമപ്പെട്ടിരുന്നു. സാമ്പത്തിക ബുദ്ധിമുട്ടുകൾക്കിടയിലും കടം വാങ്ങിയും മറ്റും ഗുർമീത് ഭാര്യയെ ചികിത്സിക്കാൻ പരമാവധി ശ്രമിച്ചിരുന്നു. എന്നാൽ ചികിത്സാച്ചെലവുകളും കടബാധ്യതയും വർദ്ധിച്ചത് ഇവരെ കൂടുതൽ മാനസിക സമ്മർദ്ദത്തിലാക്കിയെന്ന് ഡി.എസ്.പി കരണ്‍ സിങ് സന്ധു വ്യക്തമാക്കി.
മക്കൾ മാതാപിതാക്കളോട് മോശമായി പെരുമാറിയിരുന്നില്ലെന്ന് നാട്ടുകാരും ബന്ധുക്കളും സാക്ഷ്യപ്പെടുത്തുന്നുണ്ട്. മക്കളെ കുറ്റപ്പെടുത്തരുതെന്ന് കത്തിൽ ദമ്പതികൾ പ്രത്യേകം അഭ്യർത്ഥിച്ചിട്ടുമുണ്ട്. എന്നാൽ, രണ്ട് മക്കൾ കാനഡയിൽ സ്ഥിരതാമസമാക്കിയിട്ടും എന്തുകൊണ്ടാണ് ദമ്പതികൾക്ക് ചികിത്സയ്ക്കും മറ്റും പണമില്ലാതെ ദാരിദ്ര്യത്തെക്കുറിച്ച് എഴുതേണ്ടി വന്നതെന്ന കാര്യത്തിൽ പോലീസ് അന്വേഷണം ഊർജിതമാക്കി.
മക്കൾ അരികിലില്ലാത്തതിലെ കടുത്ത ഒറ്റപ്പെടലും, മക്കളെ വിദേശത്തയക്കാൻ എടുത്ത കടബാധ്യതകളുമാകാം ഇവരെ ഈ ദാരുണമായ തീരുമാനത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി.

Comments
Post a Comment