കൗൺസിലിംഗിൽ വെളിപ്പെട്ടത് നടുക്കുന്ന ക്രൂരത; താമരശ്ശേരിയിൽ അധ്യാപകൻ അറസ്റ്റിൽ.

 


താമരശ്ശേരി: പതിനാലുകാരിയായ വിദ്യാർത്ഥിനിയെ മദ്രസയിൽ വെച്ച് ലൈംഗികമായി പീഡിപ്പിച്ച കേസിൽ അധ്യാപകൻ അറസ്റ്റിൽ. പാലങ്ങാട് ഹിദായത്തുൽ സ്വബിയാൻ മദ്രസയിലെ അധ്യാപകനായ മുഹമ്മദ് ഷെരീഫ് (27) ആണ് കൊടുവള്ളി പോലീസിന്റെ പിടിയിലായത്. പോക്സോ നിയമപ്രകാരം കേസെടുത്താണ് ഇയാളെ അറസ്റ്റ് ചെയ്തത്.

കുട്ടിയെ ലൈംഗിക ലക്ഷ്യത്തോടെ പ്രതി നിരന്തരമായി പിന്തുടരുകയും ശല്യം ചെയ്യുകയും ചെയ്തിരുന്നതായാണ് വിവരം. ഇതിന്റെ തുടർച്ചയായാണ് പെൺകുട്ടി ഇയാൾക്ക് ഇരയാകേണ്ടി വന്നത്. കഴിഞ്ഞ ഓഗസ്റ്റ് മാസത്തിൽ മദ്രസയിലെ നിസ്കാര മുറിയിൽ വെച്ചാണ് ഇയാൾ ആദ്യമായി കുട്ടിയെ ലൈംഗിക അതിക്രമത്തിന് ഇരയാക്കിയത്. ഈ സംഭവത്തിന് ശേഷവും ശല്യം തുടർന്ന പ്രതി, സെപ്റ്റംബർ 22-ന് പള്ളിയിലെ വാട്ടർ പ്യൂരിഫയറിന് സമീപം വെച്ച് വീണ്ടും അതിക്രമം നടത്തുകയായിരുന്നു.

തുടർച്ചയായ പീഡനങ്ങളെത്തുടർന്ന് പെൺകുട്ടി കടുത്ത മാനസിക സംഘർഷത്തിലായിരുന്നു. കുട്ടിയുടെ പെരുമാറ്റത്തിൽ മാറ്റങ്ങൾ കണ്ടതോടെ അധികൃതർ വിഷയത്തിൽ ഇടപെടുകയായിരുന്നു. ജില്ലാ ശിശുസംരക്ഷണ ഓഫീസറുടെ നേതൃത്വത്തിൽ കുട്ടിക്ക് നൽകിയ കൗൺസിലിംഗിലാണ് താൻ നേരിട്ട ദുരനുഭവങ്ങളെക്കുറിച്ച് കുട്ടി ആദ്യമായി തുറന്നുപറഞ്ഞത്. കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ശിശുസംരക്ഷണ ഓഫീസിൽ നിന്ന് പോലീസിന് പരാതി നൽകുകയായിരുന്നു.

പരാതി ലഭിച്ചയുടൻ തന്നെ കൊടുവള്ളി പോലീസ് കേസ് രജിസ്റ്റർ ചെയ്ത് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. തുടർന്ന് ഇയാളെ താമരശ്ശേരി കോടതിയിൽ ഹാജരാക്കി. കോടതി പ്രതിയെ റിമാൻഡ് ചെയ്തു. സംഭവം പ്രദേശത്ത് വലിയ ഞെട്ടലാണ് ഉണ്ടാക്കിയിരിക്കുന്നത്.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി