ചന്തതോടും അങ്ങാടിയും ഇനി വൃത്തിയുടെ ട്രാക്കിൽ; കൂരാച്ചുണ്ട് പഞ്ചായത്തിന്റെ പടുകൂറ്റൻ ശുചീകരണ യജ്ഞം
കൂരാച്ചുണ്ട്: കാലവർഷത്തിന് മുന്നോടിയായി പകർച്ചവ്യാധികൾ തടയുന്നതിനും ശുചിത്വം ഉറപ്പുവരുത്തുന്നതിനുമായി കൂരാച്ചുണ്ട് ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ വിപുലമായ ശുചീകരണ പരിപാടികൾ സംഘടിപ്പിക്കുന്നു. 2026 ശനിയാഴ്ച മെയ് 9 നടത്തുന്ന കൂരാച്ചുണ്ട് അങ്ങാടി ശുചീകരണത്തോടെ 'വെൽക്കം മൺസൂൺ' ക്യാമ്പയിന് തുടക്കമാകും. ഗ്രാമപഞ്ചായത്ത്, സാമൂഹിക ആരോഗ്യ കേന്ദ്രം, കക്കയം പ്രാഥമിക ആരോഗ്യകേന്ദ്രം എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് ജനകീയ പങ്കാളിത്തത്തോടെയുള്ള ഈ യജ്ഞം നടക്കുന്നത്.
ഉദ്ഘാടനം
ശനിയാഴ്ച രാവിലെ കൂരാച്ചുണ്ട് അങ്ങാടിയിൽ നടക്കുന്ന ചടങ്ങ് പഞ്ചായത്ത് പ്രസിഡന്റ് സിനി ജിനോ ഉദ്ഘാടനം ചെയ്യും. വൈസ് പ്രസിഡന്റ് ബിജു കടലാശ്ശേരി അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ, മുഖ്യമന്ത്രിയുടെ പോലീസ് മെഡൽ ജേതാവായ ഡിവൈഎസ്പി വി.വി. ബെന്നി മുഖ്യാതിഥിയായി പങ്കെടുക്കുകയും ശുചിത്വ പ്രതിജ്ഞ ചൊല്ലിക്കൊടുക്കുകയും ചെയ്യും. ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർപേഴ്സൺ ഡാർളി അബ്രാഹം പുല്ലൻകുന്നേൽ, ഹെൽത്ത് ഇൻസ്പെക്ടർ അരവിന്ദൻ എ.സി തുടങ്ങിയവർ സംസാരിക്കും.
ശുചീകരണം അഞ്ച് മേഖലകളിൽ
കൂരാച്ചുണ്ട് അങ്ങാടിയെ അഞ്ച് പ്രത്യേക മേഖലകളായി തിരിച്ചാണ് ശുചീകരണ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തിരിക്കുന്നത്. ഓരോ മേഖലയ്ക്കും അതത് വാർഡ് മെമ്പർമാർ നേതൃത്വം നൽകും. അങ്ങാടിക്ക് പുറമെ, സമീപത്തെ ചന്തതോടും പൂർണ്ണമായും വൃത്തിയാക്കാൻ തീരുമാനിച്ചിട്ടുണ്ട്. ഇതിന് മുന്നോടിയായി പഞ്ചായത്ത്-ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ വ്യാപാര സ്ഥാപനങ്ങൾ സന്ദർശിച്ച് മാലിന്യ നിർമാർജനത്തിനുള്ള കൃത്യമായ നിർദേശങ്ങൾ നൽകിക്കഴിഞ്ഞു.
കൂട്ടായ പങ്കാളിത്തം
പ്രദേശത്തെ ജനപ്രതിനിധികൾക്കൊപ്പം രാഷ്ട്രീയ പാർട്ടികൾ, വ്യാപാരികൾ, ഓട്ടോറിക്ഷ തൊഴിലാളികൾ, കുടുംബശ്രീ, ഹരിത കർമസേന, ആശാവർക്കർമാർ എന്നിവരും സജീവമായി രംഗത്തിറങ്ങും. കൂടാതെ യുവജന ക്ലബുകൾ, ജെ.സി.ഐ (JCI), സ്കൗട്ട് ആൻഡ് ഗൈഡ്സ്, എസ്.പി.സി (SPC), എൻ.എസ്.എസ് (NSS) വിദ്യാർത്ഥികൾ എന്നിവരും ശുചീകരണ യജ്ഞത്തിൽ പങ്കാളികളാകും.
മഴക്കാല രോഗങ്ങൾക്കെതിരെ ജാഗ്രത
ശുചീകരണ പ്രവർത്തനങ്ങൾക്ക് പുറമെ മഴക്കാല രോഗങ്ങൾ തടയുന്നതിനായി 'ഒരു ദിനം, ഒരു വാർഡ്' എന്ന ക്യാമ്പയിനും പഞ്ചായത്തിൽ ഊർജിതമായി നടന്നു വരികയാണ്. പരിസരങ്ങളിൽ വെള്ളം കെട്ടിക്കിടക്കുന്നത് ഒഴിവാക്കാനും ഉറവിട നശീകരണ പ്രവർത്തനങ്ങളിൽ പൊതുജനങ്ങൾ സഹകരിക്കണമെന്നും പഞ്ചായത്ത് അധികൃതർ അഭ്യർത്ഥിച്ചു.

Comments
Post a Comment