പേരാമ്പ്രയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു: യുവതി മരിച്ചു, ഭർത്താവ് മെഡിക്കൽ കോളേജിൽ

 


പേരാമ്പ്ര: ചെറുവണ്ണൂരിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് 6 മാസം ഗർഭിണിയായ യുവതി വെന്തുമരിച്ചു. ചെറുവണ്ണൂർ കക്കറ മുക്ക് റോഡിൽ വെള്ളി രാത്രി ഒമ്പതരയോടെയാണ് നാടിനെ നടുക്കിയ അപകടമുണ്ടായത്. ചെറുവണ്ണൂർ ഗ്രാമപഞ്ചായത്തിലെ   കുക്കറ മുക്ക് പൂവ്വത്തും ചാലിൽ ലാലിൻ്റെ ഭാര്യ സോന  വെന്തുമരിച്ചു വാർഡിൽ താമസിക്കുന്ന സോനയാണ് മരിച്ചത്. കൂടെയുണ്ടായിരുന്ന ഭർത്താവിന് അപകടത്തിൽ ഗുരുതരമായി പൊള്ളലേറ്റു. ഇദ്ദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.

​ആശുപത്രിയിൽ പോയി തിരികെ വീട്ടിലേക്ക് മടങ്ങുകയായിരുന്നു ദമ്പതികൾ. ഇവർ സഞ്ചരിച്ചിരുന്ന സ്വിഫ്റ്റ് കാർ കക്കറ മുക്കിന് സമീപം എത്തിയപ്പോൾ പെട്ടെന്ന് കാറിനുള്ളിൽ നിന്ന് തീയും പുകയും ഉയരുകയായിരുന്നു. നിമിഷങ്ങൾക്കകം കാർ പൂർണ്ണമായും അഗ്നിക്കിരയായി.

നാട്ടുകാരുടെ രക്ഷാപ്രവർത്തനം

കാറിൽ നിന്ന് തീ ഉയരുന്നത് കണ്ട ഉടൻ തന്നെ പ്രദേശവാസികൾ സംഭവസ്ഥലത്തേക്ക് ഓടിയെത്തി. റോഡിന് തൊട്ടടുത്തുള്ള നെൽവയലിൽ നിന്ന് വെള്ളം കോരിയൊഴിച്ചാണ് നാട്ടുകാർ തീയണയ്ക്കാൻ ശ്രമിച്ചത്. കാറിനുള്ളിൽ കുടുങ്ങിക്കിടക്കുകയായിരുന്ന ഭർത്താവിനെ നാട്ടുകാർ സാഹസികമായാണ് പുറത്തെത്തിച്ചത്. എന്നാൽ മുൻസീറ്റിൽ കുടുങ്ങിപ്പോയ സോനയെ രക്ഷിക്കാനുള്ള ശ്രമങ്ങൾ പരാജയപ്പെട്ടു. നിമിഷങ്ങൾക്കുള്ളിൽ കാർ ആളിപ്പടർന്നത് രക്ഷാപ്രവർത്തനത്തിന് തടസ്സമായി.

ഫയർഫോഴ്‌സ് എത്തി

വിവരമറിഞ്ഞ് പേരാമ്പ്രയിൽ നിന്ന് ഫയർഫോഴ്‌സ് യൂണിറ്റ് സ്ഥലത്തെത്തിയപ്പോഴേക്കും നാട്ടുകാർ പരിക്കേറ്റയാളെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ഫയർഫോഴ്‌സ് സംഘം തീ പൂർണ്ണമായും അണച്ച ശേഷമാണ് യുവതിയുടെ മൃതദേഹം പുറത്തെടുക്കാനായത്. കാറിലുണ്ടായ ഷോർട്ട് സർക്യൂട്ടാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.

​പേരാമ്പ്ര പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. ഫോറൻസിക് വിദഗ്ധർ സ്ഥലത്തെത്തി പരിശോധന നടത്തുമെന്ന് അധികൃതർ അറിയിച്ചു. അപ്രതീക്ഷിതമായുണ്ടായ ഈ അപകടത്തിന്റെ ആഘാതത്തിലാണ് ചെറുവണ്ണൂർ ഗ്രാമപഞ്ചായത്തും പരിസരപ്രദേശങ്ങളും.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി