കോഴിക്കോട് നഗരത്തിൽ രാത്രി ഫുട്‌പാത്തിൽ വിശ്രമിക്കുകയായിരുന്നവരുടെ ദേഹത്തേക്ക് അമിതവേഗത്തിൽ കാർ പാഞ്ഞുകയറി; ഏഴുപേർക്ക് പരിക്ക്

 


കോഴിക്കോട്: നഗരത്തെ നടുക്കി അർധരാത്രിയിൽ വീണ്ടും വാഹനാപകടം. കല്ലായി പാലത്തിന് സമീപം ഫുട്പാത്തിൽ ഉറങ്ങിക്കിടന്ന തൊഴിലാളികളുടെ ദേഹത്തേക്ക് നിയന്ത്രണം വിട്ട കാർ പാഞ്ഞുകയറി സ്ത്രീകളടക്കം ഏഴുപേർക്ക് പരിക്കേറ്റു. തമിഴ്‌നാട് കടലൂർ മാവട്ടം സ്വദേശികളായ രാമയ്യ(55), വീരയ്യ(56), ധനലക്ഷ്മി(53), അയ്യമ്മ(53), അരുമകണ്ണൻ(56), ശക്തിവേൽ(57), കാമിനി (52) എന്നിവർക്കാണ് പരിക്കേറ്റത്. ബുധനാഴ്ച പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു സംഭവം.


പരിക്കേറ്റവരിൽ രാമയ്യയുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. ഇദ്ദേഹത്തിന്റെ രണ്ടു കാലുകളുടെയും മുട്ടിന് താഴെയുള്ള എല്ലുകൾ പൂർണ്ണമായും തകർന്നു. കൂടാതെ തുടയെല്ലിനും വാരിയെല്ലിനും താടിയെല്ലിനും ഗുരുതരമായ ഒടിവുകൾ സംഭവിച്ചിട്ടുണ്ട്. പരിക്കേറ്റവർ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.

അപകടത്തിന് ശേഷം ഭീകരാന്തരീക്ഷം സൃഷ്ടിച്ച് നിർത്താതെ പോയ കാറിനെ മറ്റൊരു സംഘം പിന്തുടർന്ന് പിടികൂടുകയായിരുന്നു. അപകടം നടന്നത് ശ്രദ്ധയിൽപ്പെട്ട ഉടൻ തന്നെ സമീപത്തുണ്ടായിരുന്ന യുവാക്കൾ കാറിൽ പ്രതികളെ പിന്തുടരുകയും കിലോമീറ്ററുകൾക്ക് ശേഷം ഇവരെ തടഞ്ഞുനിർത്തി പോലീസിൽ ഏൽപ്പിക്കുകയുമായിരുന്നു.

കല്ലായി പാലത്തിന്റെ വടക്കുവശത്ത് റോഡിന്റെ കിഴക്കുഭാഗത്തെ ഫുട്പാത്തിൽ രാത്രി വിശ്രമിക്കുകയായിരുന്നു തമിഴ്നാട് സ്വദേശികളായ നാടോടി സംഘം. ഈ സമയത്താണ് അമിതവേഗതയിലെത്തിയ കാർ ഫുട്പാത്തിലേക്ക് ഇടിച്ചുകയറിയത്. ഡ്രൈവർ ഉറങ്ങിപ്പോയതാണോ അതോ മദ്യലഹരിയിലായിരുന്നോ എന്ന കാര്യം പോലീസ് അന്വേഷിച്ചു വരികയാണ്. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി