വികസന വഴിയിൽ കൂരാച്ചുണ്ട്; ഇരുപതോളം കുടുംബങ്ങളുടെ സ്വപ്നം യാഥാർത്ഥ്യമായി.
കൂരാച്ചുണ്ട്: കൂരാച്ചുണ്ട് പഞ്ചായത്ത് മൂന്നാം വാർഡിലെ ചെരിയംപുറത്ത് താഴെ- വട്ടക്കണ്ടി റോഡ് ഗതാഗതത്തിനായി തുറന്നു കൊടുത്തു. പ്രദേശത്തെ ഇരുപതോളം കുടുംബങ്ങൾക്ക് ആശ്വാസമാകുന്ന റോഡിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് സിനി ജിനോ നിർവ്വഹിച്ചു. ആധുനിക രീതിയിൽ കോൺക്രീറ്റ് ചെയ്ത റോഡ് യാഥാർത്ഥ്യമായതോടെ ഈ മേഖലയിലെ യാത്രാപ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരമായിരിക്കുകയാണ്.
വാർഡ് മെമ്പർ ചെറിയാൻ ജോസഫ് അറക്കൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ ജനപ്രതിനിധികളും രാഷ്ട്രീയ-സാംസ്കാരിക രംഗത്തെ പ്രമുഖരും പങ്കെടുത്തു. മുൻ രാജ്യസഭ എം.പി ജോസ് കെ. മാണിയുടെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ചാണ് റോഡിന്റെ നിർമ്മാണം പൂർത്തിയാക്കിയത്.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിജു കടലാശ്ശേരി മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക് മെമ്പർ അരുൺ ജോസ് തെക്കേപറമ്പിൽ, സ്റ്റാൻഡിങ്ങ് കമ്മിറ്റി അധ്യക്ഷന്മാരായ ബിന്ദുമോൾ തോമസ് കളപ്പുരക്കൽ, ഡാർളി അബ്രാഹം പുല്ലൻകുന്നേൽ, പഞ്ചായത്ത് അംഗങ്ങളായ ജോസ് വെളിയത്ത്, സണ്ണി ജോസഫ് കാനാട്ട്, ആൻസമ്മ എൻ.ജെ, ആസൂത്രണ സമിതി ഉപാധ്യക്ഷൻ ഒ.കെ അമ്മദ്, മുൻ മെമ്പർ വിൽസൻ പാത്തിച്ചാലിൽ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.
പ്രദേശത്തെ കുടുംബങ്ങളുടെ ഏറെക്കാലത്തെ ആവശ്യമായിരുന്ന ഈ റോഡ് യാഥാർത്ഥ്യമായതിന്റെ ആവേശത്തിലാണ് നാട്ടുകാർ.

Comments
Post a Comment