കണ്ണീർക്കയങ്ങൾ നീന്തിക്കയറി അശ്വതി; മുടി കൊഴിഞ്ഞപ്പോഴും കൂടെനിന്നവർ കൈവിട്ടപ്പോഴും വിധിക്ക് മുന്നിൽ തോറ്റുകൊടുക്കാത്ത ജീവിതം
നെടുമങ്ങാട്: ജീവിതം ഒന്നിനു പുറകെ ഒന്നായി പരീക്ഷണങ്ങൾ എറിഞ്ഞു തന്നിട്ടും, വിധിക്ക് മുന്നിൽ മുട്ടുമടക്കാൻ തയ്യാറാകാതെ പോരാടുന്ന ഒരു പെൺകുട്ടിയുടെ കഥയാണ് തിരുവനന്തപുരം നെടുമങ്ങാട് സ്വദേശിനി അശ്വതി ശശിധരന്റേത്. ഒരു സാധാരണ കൂലിപ്പണിക്കാരന്റെ മകളായി ജനിച്ച്, നൃത്തവേദികളിലൂടെയും ഏഷ്യാനെറ്റ് 'കോമഡി സ്റ്റാർസ്' ഉൾപ്പെടെയുള്ള ജനപ്രിയ ടെലിവിഷൻ പരിപാടികളിലൂടെയും പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ അശ്വതിയുടെ ഇന്നത്തെ ജീവിതം വലിയൊരു അതിജീവനത്തിന്റെ നേർച്ചിത്രമാണ്.
കവർന്നെടുത്തത് ചുരുളൻ മുടികൾ; നേരിട്ടത് ക്രൂരമായ ബോഡി ഷെയിമിങ്
ജീവിതത്തിന്റെ ഏറ്റവും മനോഹരമായ പ്രായത്തിലേക്ക് കടക്കുമ്പോഴാണ് അപ്രതീക്ഷിതമായി 'അലോപേഷ്യ' (Alopecia Totalis) എന്ന അപൂർവ രോഗം അശ്വതിയെ തേടിയെത്തുന്നത്. തന്റെ സുന്ദരമായ ചുരുളൻ മുടികൾ ഓരോന്നായി കൊഴിഞ്ഞുപോയപ്പോൾ ആദ്യമൊക്കെ അത് ഉൾക്കൊള്ളാൻ അശ്വതിക്ക് ഏറെ ബുദ്ധിമുട്ടായിരുന്നു. മേക്കപ്പ് കെമിക്കലുകൾ ഉപയോഗിച്ചതുകൊണ്ടോ സ്മൂത്തനിങ് ചെയ്തതുകൊണ്ടോ ആണ് മുടി പോയതെന്ന് പറഞ്ഞ് ചുറ്റുമുള്ളവർ വിധിയെഴുതിയപ്പോഴും, അതൊരു മെഡിക്കൽ അവസ്ഥയാണെന്ന് തിരിച്ചറിയാൻ വൈകി.
തലമുടി നഷ്ടപ്പെട്ടതിന്റെ പേരിൽ സമൂഹത്തിൽ നിന്നും ഒത്തിരി കളിയാക്കലുകളും ക്രൂരമായ ബോഡി ഷെയിമിങ്ങും നേരിടേണ്ടി വന്നു. തട്ടമിട്ട് ഒളിച്ചിരുന്ന അവസ്ഥയിൽ നിന്നും പിന്നീട് വീട്ടുകാരും സുഹൃത്തുക്കളും നൽകിയ ധൈര്യത്തിലാണ് തല മൊട്ടയടിച്ച് അശ്വതി പുറംലോകത്തേക്ക് ധൈര്യത്തോടെ ഇറങ്ങിയത്.
വിവാഹജീവിതത്തിലെ വഞ്ചനയും അനിയത്തിയുടെ വേർപാടും
തുടർന്ന് അറേഞ്ച്ഡ് മാര്യേജിലൂടെ ജീവിതത്തിലേക്ക് കടന്നുവന്ന പങ്കാളിയിൽ നിന്നും നേരിടേണ്ടി വന്നത് കടുത്ത വഞ്ചനയായിരുന്നു. അശ്വതിക്ക് മുടിയില്ല എന്ന കാര്യം സഹതാപ തരംഗമാക്കി മാറ്റി മറ്റുള്ളവരിൽ നിന്നും അയാൾ പണം വാങ്ങി. ഒടുവിൽ രണ്ടാമത്തെ പ്രസവസമയത്ത് അശ്വതിയെയും മക്കളെയും ഉപേക്ഷിച്ചു പോവുകയും ചെയ്തു. നവജാത ശിശുവിന് ഒരിറ്റു പാൽപൊടി വാങ്ങാൻ പോലും കാശില്ലാതെ അത്രയധികം സാമ്പത്തിക പട്ടിണിയിലൂടെയും കഷ്ടപ്പാടുകളിലൂടെയും അശ്വതി കടന്നുപോയി.
ഇതിനെല്ലാം പുറമെ, ജീവിതത്തിൽ നിഴലുപോലെ കൂടെയുണ്ടായിരുന്ന, എല്ലാ പ്രതിസന്ധികളിലും താങ്ങായി നിന്ന പ്രിയപ്പെട്ട അനിയത്തി കഴിഞ്ഞ ജൂണിൽ ആത്മഹത്യ ചെയ്തത് അശ്വതിയെ മാനസികമായി പൂർണ്ണമായും തകർത്തുകളഞ്ഞു. തനിക്ക് മുടി പോയതിനേക്കാൾ വലിയ വേദനയാണ് അനിയത്തിയുടെ വേർപാട് നൽകിയതെന്ന് അശ്വതി വിങ്ങലോടെ ഓർക്കുന്നു.
മക്കൾക്കായി കഠിനാധ്വാനം; സോഷ്യൽ മീഡിയയിൽ തരംഗമായി റീലുകൾ
എന്നാൽ തളർന്നിരിക്കാൻ അശ്വതി തയ്യാറായിരുന്നില്ല. തന്റെ രണ്ട് പെൺകുട്ടികളായ യാമിക്കും വേദ്യാക്കും വേണ്ടി ജീവിച്ചേ മതിയാകൂ എന്ന ഉറച്ച തീരുമാനത്തിൽ അശ്വതി വീണ്ടും എഴുന്നേറ്റു നിന്നു. മറ്റുള്ളവരുടെ മുന്നിൽ കൈ നീട്ടാതെ ജീവിക്കാൻ വെള്ളയമ്പലം സി-ഡാക്കിൽ (C-DAC) ലോൺട്രി സർവീസിൽ തുണി കഴുകുന്ന കഠിനമായ ജോലി ചെയ്യുകയാണ് ഇന്ന് അശ്വതി. ഈ ജോലിയിൽ നിന്നും കിട്ടുന്ന തുച്ഛമായ വരുമാനം കൊണ്ടാണ് അശ്വതി തന്റെ മക്കളെയും പ്രായമായ മാതാപിതാക്കളെയും നോക്കുന്നത്. ചോർന്നൊലിക്കുന്ന ഒരു ചെറിയ വീട്ടിലാണ് താമസമെങ്കിലും മക്കൾക്ക് നല്ല വിദ്യാഭ്യാസം നൽകി അവരെ വലിയ നിലയിൽ എത്തിക്കണമെന്നതാണ് ഈ അമ്മയുടെ ഏറ്റവും വലിയ സ്വപ്നം.
നെഗറ്റീവ് കമന്റുകളെ 'നെവർമൈൻഡ്' ചെയ്തുകൊണ്ട് സ്വന്തം സന്തോഷത്തിന് മുൻഗണന നൽകുന്ന അശ്വതിക്ക് ലോകത്തോട് പറയാനുള്ളത് ഇത്രമാത്രം:
"ജീവിതം ഒന്നേയുള്ളൂ, കുറച്ചു മുടി പോയതിന്റെ പേരിലോ പ്രതിസന്ധികളുടെ പേരിലോ ആരും ഒളിച്ചോടരുത്. പോരാടാൻ മനസ്സുണ്ടെങ്കിൽ വിജയം നമ്മുടേതാകും!"

Comments
Post a Comment