യുഡിഎഫിന്റെ രക്ഷകൻ; ഇനി കേരളത്തിന്റെ നായകനാകുമോ
തിരുവനന്തപുരം: കേരളത്തിൽ യുഡിഎഫിന് ഐതിഹാസിക വിജയം സമ്മാനിച്ച തിരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ, ഭരണസാരഥിയെ നിശ്ചയിക്കുന്നതിലെ ചർച്ചകൾ മുറുകുമ്പോൾ രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത് വി.ഡി സതീശനിലേക്കാണ്. വ്യക്തിതാൽപ്പര്യങ്ങൾക്കും ഗ്രൂപ്പ് സമവാക്യങ്ങൾക്കും അപ്പുറം, ജനഹിതം മാനിക്കപ്പെടണമെന്ന ആവശ്യമാണ് അണികൾക്കിടയിൽ നിന്നും പൊതുസമൂഹത്തിൽ നിന്നും ഉയരുന്നത്. കഴിഞ്ഞ അഞ്ചുവർഷം തകർന്നുപോയ ഒരു മുന്നണിയെ വിജയത്തിന്റെ നെറുകയിൽ എത്തിച്ച പടത്തലവനെ തന്നെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കണമെന്ന വാദത്തിന് ശക്തിയേറുകയാണ്.
തുടർഭരണത്തിന്റെ ആത്മവിശ്വാസത്തിൽ നിന്ന ഇടതുപക്ഷത്തെയും, തകർന്നുപോയ സംഘടനാ സംവിധാനത്തിന്റെ നിഴലിലായിരുന്ന യുഡിഎഫിനെയും നേർക്കുനേർ കണ്ട രാഷ്ട്രീയ സാഹചര്യമായിരുന്നു കേരളത്തിലുണ്ടായിരുന്നത്. അവിടെനിന്നാണ് വി.ഡി സതീശൻ എന്ന പ്രതിപക്ഷ നേതാവ് പോരാട്ടം തുടങ്ങിയത്. പിണറായി സർക്കാരിന്റെ ഓരോ അഴിമതിയും കൊള്ളരുതായ്മകളും കൃത്യമായ തെളിവുകളോടെ നിയമസഭയിലും ജനമധ്യത്തിലും തുറന്നുകാട്ടിയത് സതീശന്റെ പോരാട്ടവീര്യമായിരുന്നു. നിയമസഭയ്ക്കുള്ളിൽ മുഖ്യമന്ത്രിയെപ്പോലും പ്രതിരോധത്തിലാക്കിയ ഗർജിക്കുന്ന സിംഹമായി അദ്ദേഹം മാറി.
വെറുമൊരു 'പി ആർ' വർക്കിന്റെ ബലത്തിലല്ല വി.ഡി സതീശൻ ജനഹൃദയങ്ങളിൽ ഇടംപിടിച്ചത്ത് താഴെ തട്ടില് അസ്തമിച്ചുപോയ കോൺഗ്രസ് സംവിധാനത്തെ ആധുനികമായ ആസൂത്രണത്തിലൂടെ അദ്ദേഹം ചലിപ്പിച്ചു. വർഗീയ ശക്തികളോട് യാതൊരു വിട്ടുവീഴ്ചയ്ക്കും തയ്യാറാകാത്ത ഉറച്ച മതേതര നിലപാട് കേരളത്തിലെ ജാതി-മത ഭേദമന്യേയുള്ള വോട്ടർമാരെ യുഡിഎഫിലേക്ക് അടുപ്പിച്ചു. പിണറായി സർക്കാരിന്റെ പ്രതാപകാലത്ത് നടന്ന ഉപതിരഞ്ഞെടുപ്പുകളിൽ യുഡിഎഫിന് വമ്പിച്ച ഭൂരിപക്ഷം ഉറപ്പാക്കാൻ സതീശന്റെ നേതൃത്വത്തിന് സാധിച്ചു.
യുഡിഎഫ് മുന്നണിക്ക് നൂറിലധികം സീറ്റുകൾ ലഭിക്കുമെന്ന് കേരളത്തിലെ മാധ്യമങ്ങൾ പോലും സംശയിച്ചപ്പോൾ, അത് ഉറപ്പിച്ചു പറഞ്ഞ ഒരേയൊരു നേതാവ് വി.ഡി സതീശനായിരുന്നു. ജനങ്ങളുടെ വോട്ടും വിശ്വാസവും നേടിയെടുക്കാൻ അദ്ദേഹം നടത്തിയ 'ആശാ സമരം' പോലെയുള്ള ജനകീയ ഇടപെടലുകൾ നിർണ്ണായകമായി. പഴയകാലത്തെ അഡ്ജസ്റ്റ്‌മെന്റ് രാഷ്ട്രീയത്തിന് അന്ത്യം കുറിച്ചുകൊണ്ട്, പ്രതിപക്ഷം എന്നാൽ സർക്കാരിന്റെ വീഴ്ചകൾ ചൂണ്ടിക്കാട്ടാനുള്ളതാണെന്ന് അദ്ദേഹം തെളിയിച്ചു.
ഡൽഹിയിലെ ഹൈക്കമാൻഡ് കേന്ദ്രങ്ങളിൽ കൃത്യമായ സ്വാധീനമുള്ള സതീശന്, കേരളത്തിലെ യുവതലമുറയുടെയും വികസന സ്വപ്നങ്ങളെയും കുറിച്ച് കൃത്യമായ കാഴ്ചപ്പാടുണ്ട്. മുൻകാലങ്ങളിൽ പ്രതിപക്ഷ നേതാവായിരുന്നവർ പലപ്പോഴും ഭരണപക്ഷത്തിന് അനുകൂലമായ നിലപാടുകൾ സ്വീകരിക്കുന്നു എന്ന ആക്ഷേപം നിലനിന്നിരുന്നിടത്താണ് സതീശൻ വേറിട്ടുനിന്നത്.
തങ്ങളെ വിജയത്തിലേക്ക് നയിച്ച നായകനെ തന്നെ മുഖ്യമന്ത്രിയായി കാണാൻ കേരളത്തിലെ പൊതുസമൂഹം ആഗ്രഹിക്കുന്നു. രാഷ്ട്രീയ താല്പര്യങ്ങൾ മാറ്റിവെച്ച്, വി.ഡി സതീശനെപ്പോലൊരു കരുത്തനായ നേതാവ് ഭരണനേതൃത്വത്തിലേക്ക് വരുന്നത് കേരളത്തിന്റെ ഭാവിക്ക് അനിവാര്യമാണെന്നാണ് രാഷ്ട്രീയ നിരീക്ഷകരും വിലയിരുത്തുന്നത്

Comments
Post a Comment