തേളിന്റെ കുത്തേറ്റു ചികിത്സയിലായിരുന്ന വിദ്യാർത്ഥി മരിച്ചു
പുതുക്കോട്: കളിക്കുന്നതിനിടെ തേളിന്റെ കുത്തേറ്റ പ്ലസ് ടു വിദ്യാർത്ഥി ചികിത്സയിലിരിക്കെ മരണപ്പെട്ടു. പുതുക്കോട് തച്ചനടി ചന്തപ്പുര വീട്ടിൽ നസ്ലീം മുഹമ്മദ് (18) ആണ് മരിച്ചത്. ഒരാഴ്ചയിലധികമായി തുടർന്ന ചികിത്സയ്ക്കൊടുവിലാണ് മരണം സംഭവിച്ചത്.
കഴിഞ്ഞ മെയ് ആറിനാണ് നസ്ലീമിന് തേളിന്റെ കുത്തേറ്റത്. വീടിന് സമീപം കളിച്ചുകൊണ്ടിരിക്കെയായിരുന്നു സംഭവം. ഉടൻതന്നെ വടക്കഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകുകയും ഡോക്ടറുടെ നിർദ്ദേശപ്രകാരം മരുന്നുകൾ കഴിച്ച് വീട്ടിൽ വിശ്രമത്തിലുമായിരുന്നു. ആരോഗ്യനിലയിൽ വലിയ പ്രശ്നങ്ങളില്ലാതിരിക്കെയാണ് കഴിഞ്ഞ രാത്രി 12 മണിയോടെ നസ്ലീമിന് പെട്ടെന്ന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്.
ഉടൻതന്നെ ബന്ധുക്കൾ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മരണവിവരമറിഞ്ഞ് തച്ചനടി പ്രദേശമാകെ ഷോക്കിലാണ്. പഠനത്തിലും കായികരംഗത്തും സജീവമായിരുന്ന നസ്ലീമിന്റെ അപ്രതീക്ഷിത വേർപാട് സഹപാഠികൾക്കും അധ്യാപകർക്കും വലിയ ആഘാതമായി.
പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും. ഖബറടക്കം പിന്നീട് നടക്കും.

Comments
Post a Comment