മണവാളനെ കാത്തിരുന്ന പന്തലിൽ കണ്ണീർ;മംഗല്യത്തിന് ഒരുക്കങ്ങൾ പൂർത്തിയാക്കി ഇർഫാൻ യാത്രയായി.
കൊട്ടപ്പുറം: വിവാഹത്തിന് മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ വധുവിനെയും കുടുംബത്തെയും കാത്തിരുത്തി ഇർഫാൻ യാത്രയായി. കൊണ്ടോട്ടി നവരികുത്ത് സ്വദേശി തച്ചറമ്പൻ ഹംസകോയയുടെ മകൻ ഇർഫാൻ (26) ആണ് ശനിയാഴ്ച പുലർച്ചെ അന്തരിച്ചത്. ആഹ്ലാദാരവങ്ങൾ ഉയരേണ്ടിയിരുന്ന വീട്ടിൽ കണ്ണീർ പടർത്തിക്കൊണ്ടുള്ള ഈ വേർപാട് ഒരു നാടിനെയാകെ നൊമ്പരത്തിലാഴ്ത്തി.
ഞായറാഴ്ച നടക്കേണ്ട വിവാഹത്തിനായി വീട്ടിലും നാട്ടിലും എല്ലാ ഒരുക്കങ്ങളും പൂർത്തിയായിരുന്നു. ബന്ധുക്കളും സുഹൃത്തുക്കളും ഉൾപ്പെടെ വീട് സജീവമായിരിക്കെയാണ് അപ്രതീക്ഷിതമായി ന്യൂമോണിയ ഇർഫാനെ പിടികൂടുന്നത്. രോഗം കഠിനമായതിനെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ (ഐ.സി.യു) ചികിത്സയിലായിരുന്നു. മരുന്നുകളോട് പ്രതികരിക്കാതെ ശനിയാഴ്ച പുലർച്ചെയോടെ മരണം സംഭവിക്കുകയായിരുന്നു.
വിവാഹപ്പന്തലിലെ അലങ്കാരങ്ങളും ആവേശവും ഇർഫാന്റെ മരണവാർത്തയോടെ തീരാദുഃഖമായി മാറി. പ്രതീക്ഷകളോടെ കാത്തിരുന്ന വധുവിന്റെയും കുടുംബത്തിന്റെയും സങ്കടം കണ്ടുനിന്നവർക്കും താങ്ങാനായില്ല.
കൊട്ടപ്പുറം ജുമാ മസ്ജിദ് ഖബർസ്ഥാനിൽ മയ്യിത്ത് നിസ്കാരത്തിന് ശേഷം ഖബറടക്കം നടന്നു. നാനാതുറകളിൽപ്പെട്ട നൂറുകണക്കിന് ആളുകളാണ് ഇർഫാന് അവസാനമായി യാത്രചൊല്ലാൻ എത്തിയത്. കഠിനാധ്വാനിയും സ്നേഹനിധിയുമായ ഒരു യുവാവിനെ അപ്രതീക്ഷിതമായി നഷ്ടപ്പെട്ടതിന്റെ ഞെട്ടലിലാണ് നവരികുത്ത് ഗ്രാമം.

Comments
Post a Comment