സിനിമയല്ല, ഇത് ജീവിതം; ഒരു കുടുംബത്തിന്റെ കണ്ണീരൊപ്പാൻ യൂണിഫോമിട്ട മാലാഖയെത്തി
കൊഴിഞ്ഞാമ്പാറ: "സാധാരണക്കാരന്റെ ജില്ലാ കോടതിയും ഹൈക്കോടതിയും സുപ്രീം കോടതിയും എല്ലാം പോലീസ് സ്റ്റേഷനാണ്" എന്ന സിനിമാ ഡയലോഗ് അന്വർത്ഥമാക്കി കൊഴിഞ്ഞാമ്പാറ സബ് ഇൻസ്പെക്ടർ ജോർജ്. ജപ്തി ഭീഷണിയിൽ വീടും പറമ്പും നഷ്ടപ്പെട്ട് തെരുവിലേക്ക് ഇറങ്ങേണ്ടി വരുമായിരുന്ന ഒരു നിർധന കുടുംബത്തിന് മാലാഖയെപ്പോലെ രക്ഷകനായി മാറിയിരിക്കുകയാണ് ഈ ഉദ്യോഗസ്ഥൻ.
അസുഖം ബാധിച്ച ഭർത്താവും പ്ലസ് ടുവിനും എട്ടാം ക്ലാസ്സിലും പഠിക്കുന്ന രണ്ട് പെൺമക്കളുമടങ്ങുന്ന വിജി എന്ന വീട്ടമ്മയുടെ കുടുംബം വലിയ പ്രതിസന്ധിയിലായിരുന്നു. ഭർത്താവിന്റെ ചികിത്സാ ചെലവിനായി കോഴിപാറ സർവീസ് സഹകരണ ബാങ്കിൽ നിന്നും ഒന്നര ലക്ഷം രൂപ വായ്പ എടുത്തിരുന്നു. എന്നാൽ സാമ്പത്തിക പരാധീനതകൾ കാരണം തിരിച്ചടവ് മുടങ്ങുകയും കുടിശ്ശിക വർദ്ധിച്ച് ഒടുവിൽ ആകെയുള്ള കുടിലും പറമ്പും ജപ്തി നടപടിയിലേക്ക് നീങ്ങുകയും ചെയ്തു. സഹായത്തിനായി പല വാതിലുകൾ മുട്ടിയിട്ടും ഫലം കാണാതെ വന്നതോടെയാണ് വിജി കൊഴിഞ്ഞാമ്പാറ പോലീസ് സ്റ്റേഷനിലെത്തിയത്.
സ്റ്റേഷനിലെത്തി എസ്.ഐ ജോർജിന് മുന്നിൽ പൊട്ടിക്കരഞ്ഞുകൊണ്ട് വിജി തന്റെ സങ്കടങ്ങൾ വിവരിച്ചു. കാര്യങ്ങൾ ചോദിച്ചറിഞ്ഞ ജോർജ് ഉടൻ തന്നെ ബാങ്ക് അധികൃതരുമായി ബന്ധപ്പെട്ടു. തുടർന്ന് തന്റെ സുഹൃത്തുക്കളായ സേവ്യർ, അയർലണ്ടിലുള്ള ജോമോൻ, തൃശൂർ സ്വദേശി ജയരാജ്, ഒറ്റപ്പാലത്തെ അഭിഭാഷകനായ സുഹൃത്ത് എന്നിവരെ വിവരമറിയിച്ചു. സുഹൃത്തുക്കൾ ഉടനടി അയച്ചുനൽകിയ 60,000 രൂപയുമായി എസ്.ഐ ബാങ്കിലെത്തി തുക അടച്ചു. ബാക്കി തുക മാസതവണകളായി പുതുക്കി നൽകാൻ ബാങ്ക് അധികൃതർ തയ്യാറായതോടെ ആ കുടുംബത്തിന്റെ തല ചായ്ക്കാനുള്ള ഇടം സുരക്ഷിതമായി.
കുടുംബത്തിന്റെ ദയനീയാവസ്ഥ കണ്ട് വായ്പ തിരിച്ചടയ്ക്കാൻ സഹായിക്കുക മാത്രമല്ല ജോർജ് ചെയ്തത്. ഓല മേഞ്ഞ ആ ചെറിയ കുടിലിൽ പെൺകുട്ടികൾ സുരക്ഷിതരല്ലെന്ന് മനസ്സിലാക്കിയ അദ്ദേഹം ഒറ്റപ്പാലത്തെ ഒരു ട്രസ്റ്റുമായി ബന്ധപ്പെട്ടു. ട്രസ്റ്റ് ഭാരവാഹി പമ്പാവാസൻ ഈ കുടുംബത്തിന് പുതിയ വീട് നിർമ്മിച്ച് നൽകുമെന്നും കുട്ടികളുടെ വിദ്യാഭ്യാസ ചെലവുകൾ ഏറ്റെടുക്കാമെന്നും ഉറപ്പ് നൽകി.
ഒരു കുടുംബത്തിന്റെ കണ്ണീരൊപ്പിയ എസ്.ഐ ജോർജിനും ഒപ്പം നിന്ന സുഹൃത്തുക്കൾക്കും നാട്ടുകാരുടെ ഭാഗത്തുനിന്ന് വലിയ അഭിനന്ദനങ്ങളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. പോലീസിന്റെ മാനുഷിക മുഖത്തിന് ഉത്തമ ഉദാഹരണമായി മാറിയിരിക്കുകയാണ് ഈ സംഭവം.

Comments
Post a Comment