നിറഞ്ഞുപൂത്ത് ഈന്തപ്പനകൾ; അറേബ്യൻ മാധുര്യം കരിയാത്തുംപാറയിലും

 


കൂരാച്ചുണ്ട്: മലബാറിന്റെ ഊട്ടിയെന്നറിയപ്പെടുന്ന കരിയാത്തുംപാറയിൽ ഇനി അറേബ്യൻ മധുരവും. കരിയാത്തുംപാറയിലെ 'മെറി വേവ്‌സ്' അമ്യൂസ്‌മെന്റ് പാർക്കിൽ നട്ടുപിടിപ്പിച്ച ഈന്തപ്പനകൾ സമൃദ്ധമായി കായ്ച്ചത് വിനോദസഞ്ചാരികൾക്കും നാട്ടുകാർക്കും ഒരുപോലെ അത്ഭുതക്കാഴ്ചയാകുന്നു.

​നാലു വർഷം മുമ്പ് പൂനൂരിലെ ഒരു നഴ്സറിയിൽ നിന്ന് എത്തിച്ച എട്ടോളം ഈന്തപ്പനകളാണ് പാർക്ക് പരിസരത്ത് നട്ടുപിടിപ്പിച്ചത്. ഇതിൽ രണ്ടെണ്ണത്തിലാണ് ഇപ്പോൾ കുലകളായി ഈന്തപ്പഴം വിരിഞ്ഞുനിൽക്കുന്നത്. എല്ലാ മരങ്ങളും ഒരേപോലെ പൂവിട്ടിരുന്നെങ്കിലും രണ്ടെണ്ണത്തിൽ മാത്രമാണ് കായ്ഫലം ഉണ്ടായത്. കൃത്യമായ കൃത്രിമ പരാഗണത്തിന്റെ  കുറവോ പരിപാലനത്തിലെ പ്രത്യേകതകളോ കാരണമാകാം മറ്റുള്ളവയിൽ കായ്കൾ പിടിക്കാത്തതെന്ന് കൃഷി വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു.




അറേബ്യൻ കാഴ്ച കാണാൻ സഞ്ചാരികളുടെ തിരക്ക്

ചുട്ടുപൊള്ളുന്ന മണലാരണ്യത്തിലെ കാലാവസ്ഥയിൽ മാത്രം തഴച്ചുവളരുന്ന ഈന്തപ്പനകൾ കേരളത്തിലെ മണ്ണിലും കായ്ഫലം നൽകുന്നത് കാലാവസ്ഥാ വ്യതിയാനത്തിന്റെ സൂചനയാണെന്നും വിദഗ്ദ്ധർ വിലയിരുത്തുന്നുണ്ട്. ജൂണിലെ കാലവർഷം എത്തുന്നതിന് മുമ്പ് തന്നെ ഇവ പഴുത്ത് പാകമാകുമെന്ന പ്രതീക്ഷയിലാണ് പാർക്ക് അധികൃതർ.

ഉദ്ഘാടനത്തിനൊരുങ്ങി മെറി വേവ്‌സ്

കൂരാച്ചുണ്ടിലെ ഏതാനും സുഹൃത്തുക്കൾ ചേർന്ന് ആരംഭിച്ച സംരംഭമാണ് കരിയാത്തുമ്പാറയിലെ മെറി വേവ്‌സ് പാർക്ക്. ഈ മാസം 30-ന് പൊതുജനങ്ങൾക്കായി പാർക്ക് തുറന്നുകൊടുക്കുമെന്ന് സാരഥി ബിജു കക്കയം അറിയിച്ചു. മുതിർന്നവർക്കും കുട്ടികൾക്കും ഒരേപോലെ ആസ്വദിക്കാൻ കഴിയുന്ന വിപുലമായ റൈഡുകളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്.

​പാർക്കിന്റെ ഔദ്യോഗിക ഉദ്ഘാടനത്തിന് മുമ്പ് തന്നെ ഈന്തപ്പഴം കാണാനായി നിരവധി ആളുകളാണ് കരിയാത്തുംപാറയിലേക്ക് എത്തുന്നത്. സംരംഭകരായ ബിജു, സാദിഖ്, സിയാദ് എന്നിവരുടെ നേതൃത്വത്തിലാണ് പാർക്കിന്റെ അവസാനവട്ട ഒരുക്കങ്ങൾ നടക്കുന്നത്.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി