വാർത്തയായിട്ടും വരാത്ത മക്കൾ; ഒടുവിൽ രവീന്ദ്രനെ നെഞ്ചോടു ചേർത്ത് ഗാന്ധിഭവൻ
കൊല്ലം: ഒരു മകൻ അധ്യാപകൻ, മറ്റൊരു മകൻ കോടീശ്വരൻ... എന്നിട്ടും പ്രായത്തിന്റെ വശ്യതയിലും അവശതയിലും ഈ വൃദ്ധനായ അച്ഛനെ നോക്കാൻ മക്കൾക്ക് മനസ്സുണ്ടായില്ല. കഴിഞ്ഞ ദിവസം കൂരാച്ചുണ്ട് ന്യൂസ് ഉൾപ്പെടെയുള്ള ഓൺലൈൻ മാധ്യമങ്ങളിൽ വന്ന വാർത്തയിലൂടെ കേരളക്കരയാകെ ഈ അച്ഛന്റെ കണ്ണീർക്കഥ ചർച്ചയായിട്ടും, ഈ നിമിഷം വരെ ആ മക്കൾ അച്ഛനെ തേടി എത്തിയിട്ടില്ല. എന്നാൽ, വാർത്തയറിഞ്ഞ് ഉണർന്നുപ്രവർത്തിച്ച സാമൂഹ്യനീതി വകുപ്പ് വിഷയത്തിൽ അടിയന്തരമായി ഇടപെടുകയും വയോധികനെ ഏറ്റെടുക്കാൻ പത്തനാപുരം ഗാന്ധിഭവന് സമ്മതപത്രം നൽകുകയുമായിരുന്നു.
സാമൂഹ്യനീതി വകുപ്പിന്റെ നിർദ്ദേശപ്രകാരം ഗാന്ധിഭവൻ നെടുമ്പുര യൂണിറ്റ് ഡയറക്ടർ ശ്രീമതി പ്രസന്ന മാഡം നേരിട്ടെത്തിയാണ് 85 വയസ്സുകാരനായ രവീന്ദ്രൻ എന്ന ഈ വയോധികനെ വളരെ സന്തോഷത്തോടെ ഏറ്റെടുത്തത്.
കരളലിയിപ്പിക്കുന്ന യാത്രയയപ്പ്
വർഷങ്ങളായി തങ്ങളുടെ കൂടെയുണ്ടായിരുന്ന വയോധികൻ പടിയിറങ്ങുമ്പോൾ അയൽവാസികൾക്ക് അത് കണ്ടുനിൽക്കാനായില്ല. യാത്രയാക്കുന്നതിന് മുൻപായി നല്ലവരായ അയൽവാസികൾ ചേർന്ന് അച്ഛനെ കുളിപ്പിച്ച്, മുടിയും താടിയും വെട്ടി വൃത്തിയാക്കി, പുതിയ വസ്ത്രങ്ങൾ അണിയിച്ചൊരുക്കി.
രവീന്ദ്രൻ എന്ന ആ അച്ഛൻ ഒടുവിൽ ഗാന്ധിഭവന്റെ വാഹനത്തിലേക്ക് കയറിയപ്പോൾ, കണ്ടുനിന്ന അയൽവാസികളായ സ്ത്രീകളുടെയെല്ലാം കണ്ണുകൾ ഈറനണിഞ്ഞു. സ്വന്തം മക്കൾ ഉപേക്ഷിച്ചപ്പോഴും തങ്ങളെപ്പോലെ സ്നേഹിച്ച അയൽക്കരോട് വിടപറയുമ്പോൾ രവീന്ദ്രന്റെ കണ്ണുകളും നിറഞ്ഞിരുന്നു.
മക്കൾക്കെതിരെ കർശന നിയമനടപടി
രവീന്ദ്രനെ ഉപേക്ഷിച്ച മക്കളായ അനിൽകുമാർ, അജിത്കുമാർ എന്നിവർക്കെതിരെ സർക്കാരിന്റെ ഭാഗത്തുനിന്നും ശക്തമായ നിയമനടപടികൾ ഉണ്ടാകുമെന്ന് അധികൃതർ നാട്ടുകാർക്ക് ഉറപ്പുനൽകിയിട്ടുണ്ട്. മാതാപിതാക്കളുടെ സംരക്ഷണ നിയമപ്രകാരം ഇവർക്കെതിരെ കർശനമായ നടപടിയായിരിക്കും സ്വീകരിക്കുക.
"സ്വന്തം രക്തം കൈവിട്ടെങ്കിലും, ഈ അച്ഛൻ ഇനി ഗാന്ധിഭവന്റെ തണലിൽ സുരക്ഷിതനാണ്. നിയമം അതിന്റെ വഴിയേ പോകും, മക്കൾ ഇതിന് മറുപടി പറയേണ്ടി വരും." - അധികൃതർ വ്യക്തമാക്കി.
മാതാപിതാക്കളെ വഴിയിലുപേക്ഷിക്കുന്ന മക്കൾക്കുള്ള ശക്തമായ മുന്നറിയിപ്പാണ് ഈ സംഭവത്തിൽ സർക്കാരിന്റെയും ഗാന്ധിഭവന്റെയും ദ്രുതഗതിയിലുള്ള ഇടപെടൽ.

Comments
Post a Comment